Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംടി സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട്

എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ

മലയാള സിനിമയുടെ നാലുകെട്ടിലേക്ക് എം.ടി. വാസുദേവൻ നായർ ‘മുറപ്പെണ്ണു’ മായി വലതുകാൽവച്ചിട്ട് അരനൂറ്റാണ്ടാകുന്നു. കാലം എംടിക്കും എംടി മലയാള സിനിമയ്ക്കും കാത്തുവച്ചതായിരുന്നു ഈ ‘മുറപ്പെണ്ണി’ നെ – മലയാള ചലച്ചിത്ര ലോകത്തിന്റെ ദിശയും കാഴ്ച്ചപ്പാടും മാറ്റിമറിക്കാൻ. മുറപ്പെണ്ണിന്റെ അൻപതാം വർഷം  ആഘോഷിക്കുമ്പോൾ  മലയാള സിനിമയിൽ എംടിയുടെ അരങ്ങേറ്റത്തിന്റെ  കൂടി സുവർണ ജൂബിലി ആഘോഷമായി അതു മാറുന്നു.

കഥകളിലൂടെയും നോവലിലൂടെയും മലയാള സാഹിത്യത്തിൽ സിംഹാസനം നേടിയ എംടിയെ മലയാള സിനിമയിലേക്കു കൈപിടിച്ചു കയറ്റിയതു സുഹൃത്തായ ശോഭനാ പരമേശ്വരൻ നായരാണ്. ആ രംഗപ്രവേശം പിന്നീടു മലയാള സിനിമയുടെ പുണ്യവും ഐശ്വര്യവുമായി മാറി. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 1965  നിർണായക വർഷമാണ്. രാമുകാര്യാട്ടിന്റെ ചെമ്മീൻ എന്ന സിനിമയിലൂടെ ആദ്യ ദേശീയ അവാർഡ് മലയാളത്തിലേക്ക് എത്തിയത് 1965 ലാണ്. അതേ വർഷം തന്നെ എംടി എന്ന രണ്ടക്ഷരവും മലയാളി  സിനിമയിലെത്തി. സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ച് എംടി തന്നെ എഴുതിയിട്ടുണ്ട് – ‘‘ഞങ്ങളൊക്കെ പരമു എന്നു വിളിക്കുന്ന ശോഭനാ പരമേശ്വരൻ നായരുടെ സ്നേഹപൂർണമായ നിർബ്ബന്ധം ഒന്നു കൊണ്ടുമാത്രമാണ് ഞാൻ ‘മുറപ്പെണ്ണി’ന്റെ തിരക്കഥ എഴുതിയത്. സിനിമയുടെ ലോകവുമായി ഞാൻ ബന്ധപ്പെടുന്നത് ഈ തിരക്കഥ കാരണമാണ്. എന്റെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന കഥ സിനിമയാക്കണമെന്നു പരമു താൽപര്യം പ്രകടിപ്പിച്ചു.

murapennu മുറപ്പെണ്ണ്

എന്റെ ഒരു കഥ സിനിമയാകാൻ പോകുന്നുവെന്ന് ആലോചിച്ചപ്പോൾ ഒട്ടും ആവേശം തോന്നിയില്ല. സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ പരമു കോഴിക്കോട്ടു വന്നപ്പോഴും നിസംഗതയായിരുന്നു എന്റെ പ്രതികരണം. കഥ താൽപര്യമാണെങ്കിൽ എടുത്തോളൂ, സിനിമയാക്കിക്കോളൂ എന്നു പറഞ്ഞു. തോപ്പിൽ ഭാസിയെ കൊണ്ട് തിരക്കഥ എഴുതിക്കാനുള്ള നിർദേശവും ഞാൻ മുന്നോട്ടു വച്ചു. സിനിമയെന്ന മേഖലയോട് താൽപര്യം വന്നു തുടങ്ങിയിരുന്നില്ല. പരമു 15 ദിവസം കോഴിക്കോട്ട് തങ്ങി തിരക്കഥയെഴുതാൻ എന്നെ നിർബ്ബന്ധിച്ചു.ആ ചെറുകഥ ഒരു സിനിമാക്കഥയുടെ രൂപത്തിൽ എങ്ങനെയാക്കണം എന്നതായിരുന്നു ഞങ്ങളുടെ ചർച്ച. അതിന്റെ ഭാഗമായി ചില കുറിപ്പുകളൊക്കെ ഉണ്ടാക്കി. പിന്നീട് 15 ദിവസം അവധിയെടുത്തു മദ്രാസിൽ പോയാണ് തിരക്കഥ പൂർത്തിയാക്കിയത്. അവിടെ പോണ്ടി ബസാറിനടുത്തു മാമ്പലത്തെ ഉദയാ ലോഡ്ജിലിരുന്നായിരുന്നു എഴുത്ത്. ചിറയിൻകീഴുകാരനായ ശോഭന പരമേശ്വരൻ‌നായരും പ്രേംനസീറും ഒപ്പം പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അതിന്റെ പേരിൽ നസീർ ഈ സിനിമയിൽ നായകനാകാമെന്നു സമ്മതിച്ചു. ഈ സിനിമയോടെ നസീർ‌ എന്റെ ഉറ്റസുഹൃത്തായി മാറി’’.

വിൻസന്റിന്റെ സംവിധാന മികവിൽ  നസീറും മധുവും ഉമ്മറും തകർത്തഭിനയിച്ച മുറപ്പെണ്ണോടെ നിർമാതാക്കൾ എംടിയെ തേടിയെത്തുന്നതു പതിവായി. എസ്.എസ്.രാജൻ സംവിധാനം ചെയ്ത പകൽക്കിനാവാണ് എംടി യുടെ രണ്ടാമത്തെ തിരക്കഥ. തമിഴ് സിനിമയുടെയും നാടകത്തിന്റെയും സ്വാധീനത്തിലായിരുന്ന മലയാള സിനിമയിൽ ദൃശ്യപരതയുടെ സിനിമാറ്റിക് ഭാഷ കൊണ്ടുവരുന്നത് എംടിയും അദ്ദേഹത്തിന്റെ തിരക്കഥകളുമാണ്.

murapennu-2 മുറപ്പെണ്ണ്

കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും മനുഷ്യമനസ്സിന്റെ കാണാക്കാഴ്ച്ചകളിലേക്കും ക്യാമറ തിരിച്ചു വച്ച എംടി മലയാള സിനിമയ്ക്കു നൽകിയത് പുതിയൊരു ദൃശ്യാനുഭവമായിരുന്നു. മലയാളത്തിൽ തിരക്കഥാ സാഹിത്യം എന്ന ശാഖയ്ക്കു തുടക്കമാകുന്നതും എംടിയുടെ തിരക്കഥകളിലൂടെയാണ്. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, മാപ്പുസാക്ഷി, കുട്ട്യേടത്തി തുടങ്ങിയ എംടിയുടെ ആദ്യകാല തിരക്കഥകളെല്ലാം ഒന്നിനൊന്നു മെച്ചം.1973 ൽ പി.ജെ. ആന്റണിയെ നായകനാക്കി നിർമാല്യത്തിലൂടെ എംടി സംവിധായകനായി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും എംടി നേടി. ചിത്രത്തിലെ നായകനായ പി.ജെ. ആന്റണിക്കു ഭരത് അവാർഡും ലഭിച്ചു. എന്നിട്ടും എംടി തിരക്കഥ രചന നിർത്തിയില്ല. ഐ.വി. ശശിക്കും ഹരിഹരനും വേണ്ടി സൂപ്പർ ഹിറ്റുകൾക്കു തിരക്കഥ എഴുതി. ഇടവേളകളിൽ ബന്ധനം, ദേവലോകം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ സിനിമകൾ സംവിധാനവും ചെയ്തു. 11 തവണ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും നാലു തവണ  ദേശീയ  അവാർഡും നേടിയിട്ടുള്ള എംടിയുടെ ഈ അപൂർവ്വ റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല. 

ഐ.വി. ശശിക്കും ഹരിഹരനും വേണ്ടിയാണ് എംടി ഏറ്റവുമധികം തിരക്കഥകൾ എഴുതിയിട്ടുള്ളത്. ഇരുവർക്കും വേണ്ടി 11 വീതം തിരക്കഥകൾ. തൃഷ്ണ,ആരൂഢം, അക്ഷരങ്ങൾ,അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ,അനുബന്ധം, രംഗം, ഇടനിലങ്ങൾ, ഉയരങ്ങളിൽ, അഭയംതേടി, മിഥ്യ എന്നിവയാണ് ഐ.വി. ശശി എംടി യുടെ തിരക്കഥയിൽ ചെയ്ത സിനിമകൾ. ഹരിഹരനു വേണ്ടി ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, വളർത്തു മൃഗങ്ങൾ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, അമൃതംഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശിരാജ, ഏഴാമത്തെ വരവ് എന്നീ സിനിമകൾക്കും തിരക്കഥ രചിച്ചു. ഭരതനുവേണ്ടി എഴുതിയ വൈശാലി, താഴ്‌വാരം എന്നീ തിരക്കഥകളും അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ, ക്യാമറമാൻ വേണു സംവിധാനം ചെയ്ത ദയ, പ്രതാപ്‌പോത്തൻ സംവിധായകനായ ഋതുഭേദം, പവിത്രന്റെ ഉത്തരം , സിബിമലയിൽ സംവിധാനം ചെയ്ത സദയം, ഹരികുമാർ സംവിധാനം ചെയ്ത സുകൃതം എന്നീ സിനിമകളുടെ തിരക്കഥകളും എംടി യുടെ തൂലികയിൽ പിറന്നവയാണ്.

വളർത്തുമൃഗങ്ങൾ എന്ന സിനിമയ്ക്കു വേണ്ടി നാല് ഗാനങ്ങളും എംടി എഴുതിയിട്ടുണ്ട്. ഇതിൽ എം.ബി. ശ്രീനിവാസൻ ഈണം നൽകി യേശുദാസ് ആലപിച്ച ശുഭരാത്രി ശുഭരാത്രി എന്നു തുടങ്ങുന്ന ഗാനം മലയാള സിനിമയിലെ മികച്ച 100 ഗാനങ്ങൾ എടുത്താൽ അവയിലൊന്നായിരിക്കും.കഴിഞ്ഞ 50 വർഷത്തിനകം മുറപ്പെണ്ണ് മുതൽ ഏഴാമത്തെ വരവ് വരെ 60 തിരക്കഥകൾ രചിച്ചിട്ടുള്ള എംടി 83–ാം വയസിലും തിരക്കഥാരചനയിൽ സജീവമാണ്. എംടി യുടെ പ്രശസ്ത നോവലായ രണ്ടാമൂഴം ‘ഭീമ’ എന്ന പേരിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും സിനിമയാകുകയാണ്. ഇതിന്റെ തിരക്കഥ രചന ഈയിടെയാണ് എംടി പൂർത്തിയാക്കിയത്. പ്രമേയ വൈവിധ്യത്താലും കലാമേന്മയാലും ശ്രദ്ധേയങ്ങളായ എംടി യുടെ തിരക്കഥകൾ സാമ്പത്തിക വിജയവും ഉറപ്പാക്കിയിരുന്നതിനാൽ നിർമാതാക്കളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്താണ് എംടി.

മലയാളത്തിൽ എല്ലാ കാലത്തും തിരക്കഥാകൃത്തുക്കൾ നിർമാതാക്കളെയും സംവിധായകരെയും തേടി പോകുമ്പോൾ എംടി യുടെ തിരക്കഥ ലഭിക്കാൻ കൊട്ടാരം റോഡിലെ ‘സിത്താര’യിലേക്ക് എന്നും സംവിധായകരുടെ ഒഴുക്കാണ്. എംടി യുടെ തിരക്കഥയുണ്ടെങ്കിൽ നിർമാതാവും താരങ്ങളുമെല്ലാം പിന്നാലെ വരുമെന്നതിനാൽ പഴയകാലത്തെ സംവിധായകർ മുതൽ പുതിയ തലമുറയിലെ സംവിധായകർ വരെ എംടി യുടെ തിരക്കഥയ്ക്കായി കാത്തിരിക്കുന്നു. ഇനി പുതിയ തിരക്കഥകളില്ലെങ്കിൽ എംടിയുടെ പഴയ സൂപ്പർ ഹിറ്റ് തിരക്കഥകളുടെ റീമേക്ക് അവകാശം കിട്ടിയാലും മതിയെന്നാവശ്യവുമായി വരുന്ന സംവിധായകരും കുറവല്ല.

എന്നാൽ ഇങ്ങനെ വരുന്ന എല്ലാ സംവിധായകരെയും എംടി പ്രോത്സാഹിപ്പിക്കാറില്ല. പുതിയ തലമുറയിലെ സംവിധായകരിൽ ലാൽജോസിനു മാത്രമാണ് എംടി തിരക്കഥ നൽകിയത്. അതു പോലും പഴയ ‘നീലത്താമര’ യുടെ പുതുക്കിയ തിരക്കഥയായിരുന്നു. ‘ഉയരങ്ങളിൽ’ റീമേക്ക് ചെയ്യാനുള്ള അവകാശം സംവിധായകൻ ജോമോനും എംടി നൽകിയിരുന്നു. എം.ടി. യുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുകായെന്നതാണ് തന്റെ ഏറ്റവും വലിയ മോഹമെന്ന്  പ്രിയദർശൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രിയദർശനെ പോലെ പല സംവിധായകരും എംടിയുടെ തിരക്കഥയ്ക്കായി ഇപ്പോഴും കാത്തിരിക്കയാണ്.