Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകൃതം ഈ ജീവിതം; സദയം മലയാളം...

m.t-vasudevan-nair

ഹൃദയം കടലാസാക്കി, വിരൽ മുറിച്ചു പേനയാക്കി, ജീവരക്തത്തിൽ തൂലിക മുക്കി പ്രിയപ്പെട്ടവൾക്കു കത്തെഴുതുന്ന കാമുകൻ. അയാളെഴുതുന്ന ഓരേ വാക്കിലും, വരിയിലും ശൂന്യമായ താളിൽപ്പോലും അയാളുടെ ഹൃദയമുണ്ട്; മജ്ജയും മാംസവുമുണ്ട്, ശരീരവും ആത്മാവുമുണ്ട്.

ഇങ്ങനെയൊരു കാമുകനെ മലയാളികൾക്കു പരിചയപ്പെടുത്തിയത് എം.ടി. വാസുദേവൻ നായരാണ്; ‘മഞ്ഞ്’ എന്ന നോവലിൽ. എംടി മലയാളികൾക്കു സമ്മാനിച്ച ഓരോ സൃഷ്ടിയും കാമുകന്റെ പ്രണയലേഖനങ്ങൾ പോലെയാണ്. അത്രമേൽ വൈകാരികവും, ആത്മാർത്ഥവും, അവിസ്മരണീയവും. വൃഛികക്കാറ്റുപോലെ, പാതിരാത്രിയെ സ്വപ്‌നസുരഭിലമാക്കുന്ന പാലപ്പൂമണം പോലെ, ഇടവപ്പാതി പോലെ കേരളത്തിന്റെ ദേശചിഹ്‌നമായ എംടിക്ക് ഇന്ന് –ജൂലൈ 15– പിറന്നാൾ.

മലബാറിലെ അറിയപ്പെടാത്ത ഒരു ഗ്രാമത്തിൽ നിന്നും ഒരിക്കൽ ഒരു ചെറുപ്പക്കാരൻ കോഴിക്കോട് നഗരത്തിലെത്തി. എംടിയെ ഒന്നു കാണുക. സാധിച്ചാൽ ഒന്നോ രണ്ടോ വാക്ക് സംസാരിക്കുക. അതായിരുന്നു അയാളുടെ ആഗ്രഹം. വളരെനാളായി കൊണ്ടുനടക്കുന്ന ആഗ്രഹമാണ്. നഗരത്തിലെത്തിയ ആദ്യത്തെ അവസരത്തിൽത്തന്നെ ആരാധനാവിഗ്രഹമായി മനസ്സിൽകെണ്ടുനടക്കുന്ന എഴുത്തുകാരനെ കാണാൻ അയാൾ തീർച്ചയാക്കി. നഗരത്തിൽ കൊട്ടാരം റോഡിൽ ‘സിതാര’ എന്ന വീട്ടിലാണ് എഴുത്തുകാരൻ താമസിക്കുന്നതെന്നറിയാം. പക്ഷേ, വീട്ടിലെത്തി കാണാനുള്ള ധൈര്യമില്ല.

വീടിനടുത്ത് ഒരു മെഡിക്കൽ സ്റ്റോറുണ്ട്. വൈകുന്നേരം എംടി നടക്കുന്നതിനിടെ അവിടെ കുറച്ചുസമയം ഇരിക്കാറുണ്ടത്രേ. ചെറുപ്പക്കാരൻ വൈകിട്ട് കൊട്ടാരം റോഡിലൂടെ നടന്നു. മെഡിക്കൽ സ്റ്റോറിലേക്കു നോക്കിയപ്പോൾ അതാ എംടി അവിടെ ഇരിക്കുന്നു. കടയിൽ മറ്റാരും ഇല്ല. അയാൾ പെട്ടെന്നു കടയിലേക്കു കയറിച്ചെന്നു. അപ്പോളയാൾക്കു തലവേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെങ്കിലും ഒരു പാരസെറ്റമോൾ ഗുളിക ചോദിച്ചു. എംടി ഗുളിക എടുത്തുകൊടുത്തു. ബാക്കി ചില്ലറപ്പൈസയും കൊടുത്തു. താൻ അനേകദൂരം താണ്ടി നഗരത്തിലെത്തിയതിന്റെ ഉദ്ദേശ്യമോ , തന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് എംടി യെന്നോ ഒന്നും അയാൾ പറഞ്ഞില്ല.

ഗുളികയും എംടിയുടെ വിരലുകൾ സ്പർശിച്ച നാണയങ്ങളും കൈകളിൽ അമർത്തിപ്പിടിച്ച് അയാൾ ഗ്രാമത്തിലേക്കു യാത്രയായി. വർഷങ്ങളേറെക്കഴിഞ്ഞിട്ടും അയാൾ നാണയങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്; ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു സമ്മാനം പോലെ, അമൂല്യമായ നിധി പോലെ, വലിയൊരു ബഹുമതിയോ കീർത്തിമുദ്രയോ പോലെ. ഈ ചെറുപ്പക്കാരന്റെ അനുഭവം ഒരു കഥയല്ല; യഥാർഥ ജീവിതാനുഭവം തന്നെയാണ്. മലയാളികൾ എത്രമാത്രം എംടിയെ സ്നേഹിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്ന്.

ഹിമാലയത്തിന്റെ ചെരുവിൽ ഒരു മലയോരത്തിൽ പ്രേമത്തിന്റെ പാറക്കെട്ട് കണ്ടതിനെക്കുറിച്ച് എംടി കഥയെഴുതിയിട്ടുണ്ട്.കല്ലിൽ സ്‌ത്രീപുരുഷൻമാരുടെ അസഖ്യം പേരുകൾ കൊത്തിവച്ചിട്ടുണ്ട്. എംടിയുടെ കഥയിലെ നായകൻ തനിച്ചാണ് പാറയുടെ നെറുകയിലെത്തിയത്. പ്രേമത്തിന്റെ പാറക്കെട്ട് കാണാനായിരുന്നില്ല അയാൾ അവിടെയെത്തിയത്. കാലം മായ്‌ക്കാത്ത അക്ഷരങ്ങളിൽ ഒരു പാറക്കെട്ടിൽ കൊത്തിവെക്കാനാഗ്രഹിച്ച ഒരു പേരുണ്ടായിരുന്നു അയാളുടെ മനസ്സിൽ.

ആയിരമായിരം രാത്രികളിൽ അത് അയാളുടെ സ്വപ്‌നമായി മാറിയിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, അവയിലെ അപൂർവത അറിഞ്ഞ് ആരാധിക്കുന്ന, അവയുടെ പ്രതിഭാസ്പർശം തിരിച്ചറിയുന്ന മലയാളികളും അവരുടെ ഹൃദയത്തിലെ ആരാധനാശിലയായ പാറക്കെട്ടിൽ എംടിയുടെ പേരെഴുതിയിട്ടുണ്ട്; ഒരിക്കലല്ല, പല തവണ. നാലുകെട്ടിലെ അപ്പൂണ്ണിയിൽ സ്വന്തം നിഴൽ കണ്ട് അത്ഭുതപ്പെട്ട എത്രയേ വായനക്കാരുണ്ട്. അപ്പുണ്ണിയെപ്പോലെ ‘വളരും, വലുതാവും’ എന്ന് അവരും പലവട്ടം മനസ്സിൽ ഉരുവിട്ടു.

‘കാല’ത്തിലെ സുമിത്ര സേതുവിനോട് ‘ സേതൂന് എന്നും ഒരാളോടേ ഇഷ്ടമുണ്ടായിരുന്നുള്ളൂ, അതു സേതൂനോടു മാത്രം’ എന്നു പറഞ്ഞപ്പോൾ ഞെട്ടി കൈ നെഞ്ചിൽചേർത്ത് ആത്മപരിശോധന നടത്തിയവർ നമ്മളോ നമ്മുടെ സുഹൃത്തുക്കളോ നമുക്ക് അറിയാവുന്നരോതന്നെയാണ്. അസുരവിത്തിലെ ഗോവിന്ദൻകുട്ടിയായാലും രണ്ടാമൂഴത്തിലെ ഭീമനായാലും മഞ്ഞിലെ വിമലയായാലും വാനപ്രസ്ഥത്തിലെ വിനോദിനിയായാലും എംടിയുടെ കഥാപാത്രങ്ങൾ ഒരു പുസ്തകത്തിന്റെ താളുകളിൽ മാത്രം ജീവിക്കുന്നവരല്ല, അവർ കരയുന്നതും ചിരിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം വായനക്കാരുടെ മനസ്സുകളിലാണ്.

തലമുറകളിൽ നിന്നും തലമുറകളിലേക്ക് അവർ സഞ്ചരിക്കുന്നു.അസുരവിത്തിലെ ഗോവിന്ദൻകുട്ടി കടന്നുപോയവരുടെയെല്ലാം കാൽപാടുകളിൽ കരിഞ്ഞപുല്ലുകൾ നിർമിച്ച ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ പറയുന്നുണ്ട്: പ്രിയപ്പെട്ടവരേ, തിരിച്ചുവരാൻവേണ്ടി യാത്ര ആരംഭിക്കുകയാണ്.എംടിയുടെ കൃതികൾ വായിച്ചു മടക്കിവക്കുമ്പോൾ വായനക്കാരും മനസ്സിൽ പറയുന്നുണ്ട്: പ്രിയപ്പെട്ട എഴുത്തുകാരാ, ഞങ്ങൾ ഈ കൃതികളിലേക്കു തിരിച്ചുവരും. ഇനിയും വായിക്കും. മനഃപാഠമാകും. കാരണം, ഞങ്ങളെക്കുറിച്ചാണ് താങ്കൾ എഴുതിയിരിക്കുന്നത്. ഞങ്ങളുടെ സ്വപ്നങ്ങളെയും സങ്കൽപങ്ങളെയു കുറിച്ച്. ഞങ്ങളുടെ ജീവിതത്തെയും മരണത്തെയുംകുറിച്ച്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.