Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സാഹിത്യത്തിന്റെ 60 വർഷങ്ങൾ

malayalam മലയാള സാഹിത്യമെന്ന സാഗരത്തിന്റെ ഏകദേശ ചിത്രം മാത്രമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്...ഭാഷയെ സമ്പന്നമാക്കിയ, സമ്പന്നമാക്കുന്ന എല്ലാ പ്രതിഭകൾക്കും പ്രണാമം....

കേരളത്തിന്റെ ആത്മാവ് തന്നെ മലയാളഭാഷയാണ്. കേരളപ്പിറവിക്ക് മുൻപുതന്നെ സമൂഹത്തിന്റെ എല്ലാ മാറ്റങ്ങളെയും പ്രതിഫലിപ്പിച്ചു നമ്മുടെ ഭാഷ. ചൊല്ലുഭാഷയായ മലയാളത്തിനു പുറമെ എഴുത്തുഭാഷയായ മലയാളം കൂടിയാണ് സംസ്ഥാനരൂപീകരണമെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് നമ്മെ നയിച്ചത്.

കേരളം മലയാളികളുടെ മാതൃഭൂമിയായി അറിയപ്പെട്ടു തുടങ്ങിയതിന് ശേഷമുള്ള കാലഘട്ടമാണ് കേരളത്തിലെ ലോകസാഹിത്യകാരന്മാരെ സൃഷ്ടിച്ചത് എന്നുപറയാം. ബഷീറും തകഴിയും എസ് കെ പൊറ്റക്കാടും, ഉറൂബുമൊക്കെ ഉൾപ്പെട്ട തലമുറ നമ്മുടെ സാഹിത്യത്തെ ലോകനിലവാരത്തിലേക്കുയർത്തി. സാധാരണക്കാരന്റെ ജീവിതം അതിൽ ശക്തമായ സാന്നിധ്യമായി.

തുടർന്നുണ്ടായ കാൽപ്പനികതയുടെ സൂര്യോദയം മലയാള കഥാകവിതാനോവൽ സാഹിത്യത്തെ പുതിയ തലങ്ങളിലേക്കുയർത്തി. എം ടി യും  ഒ വി വിജയനും ടി പദ്മനാഭനും ഒക്കെ നേതൃത്വം കൊടുത്ത ആധുനികതയുടെ കാലമാണ് പിന്നീട് ഉണ്ടായത്. എംടിയുടെ കാലം, മഞ്ഞ്‌, നാലുകെട്ട്, അസുരവിത്ത് തുടങ്ങി ക്‌ളാസിക് പരിവേഷം ലഭിച്ച രണ്ടാമൂഴവും ഒക്കെ മലയാള ഭാഷയെ ശ്രേഷ്ഠമായ ഔന്നത്യങ്ങളിൽ എത്തിച്ചു. 1969 ൽ പിറന്ന ഖസാക്കിന്റെ ഇതിഹാസം ഉണ്ടാക്കിയ കാല്പനിക ഭൂകമ്പം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പോലും അടയാളപ്പെടുത്തി. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയിൽ മലയാളം കണ്ട മികവുറ്റ കൃതികളിലൊന്നായി ഖസാക്കിന്റെ ഇതിഹാസം ഇന്നും വാഴ്ത്തപ്പെടുന്നു.

70 കളും 80 കളും മലയാളത്തിൽ പ്രവാസസാഹിത്യം അടയാളപ്പെടുത്തിയ കാലഘട്ടമായിരുന്നു. എം മുകുന്ദൻ, ആനന്ദ്, വി കെ എൻ, പുനത്തിൽ, സേതു തുടങ്ങിയവരൊക്കെ ഈ കാലഘട്ടത്തിലാണ് തങ്ങളുടെ മികവുറ്റ സൃഷ്ടികൾ നടത്തിയത്. ലളിതാംബിക അന്തർജ്ജനം, പെരുമ്പടവം, പൊൻകുന്നം വർക്കി, മലയാറ്റൂർ, സി രാധാകൃഷ്‌ണൻ, സി വി ബാലകൃഷ്ണൻ, കെ പി രാമനുണ്ണി, മേതിൽ, സാറ ജോസഫ്  തുടങ്ങിയവരും സാഹിത്യത്തെ സമ്പന്നമാക്കി. 

പുതിയ കാലഘട്ടത്തിൽ ബെന്യാമിന്റെ ആടുജീവിതം നോവൽസാഹിത്യത്തിനു പുതിയ ഉന്മേഷം പകർന്നു. സുഭാഷ് ചന്ദ്രൻ, കെ ആർ മീര, സന്തോഷ് ഏച്ചിക്കാനം,  ടി ഡി രാമകൃഷ്ണൻ, ഉണ്ണി ആർ തുടങ്ങി ഇവിടെ അടയാളപ്പെടുത്തിയിട്ടില്ലാത്ത നിരവധി പേരുകളിലൂടെ നമ്മുടെ സാഹിത്യം പുതിയ കാലഘട്ടത്തിൽ സമ്പന്നമായി മുന്നേറുന്നു...