Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യകാരനാണോ സിനിമാതാരമാണോ വലുത്?

എം.മുകുന്ദൻ എം.മുകുന്ദൻ

ഒരേവേദിയൽ സിനിമാതാരം ആസിഫ് അലിയും സാഹിത്യകാരൻ എം. മുകുന്ദനും പങ്കെടുക്കുന്നു. ചടങ്ങു കഴിയുമ്പോൾ സംഘാടകരുടെ സന്തോഷസൂചകമായി ആസിഫ് അലിക്ക് അരലക്ഷം രൂപ ഉപഹാരം. എം. മുകുന്ദന് രണ്ടായിരം രൂപയും! ഇപ്പോൾ മനസ്സിലായില്ലേ, ആരാണു വലുതെന്ന്.

ഇങ്ങനെയാണു സിനിമാതാരത്തെയും സാഹിത്യകാരന്മാരെയും പൊതുജനം കാണുന്നത്. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്റെ വികൃതികളും ഹരിദ്വാറിൽ മണിമുഴങ്ങുമ്പോഴും ഡൽഹിഗാഥകളുമൊക്കെയെഴുതി, മലയാളി ഇപ്പോഴും ആവേശത്തോടെ വായിക്കുന്ന മുതിർന്ന സാഹിത്യകാരൻ ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ ലഭിക്കുന്നത് രണ്ടായിരം രൂപ!

കുറച്ചു ചിത്രത്തിൽ മാത്രം അഭിനയിച്ച ഒരു യുവനടനു ലഭിക്കുന്നത് അതിന്റെ എത്രയോ ഇരട്ടിയും. ഈ വിവേചനത്തെക്കുറിച്ച് ഏതെങ്കിലും സംഘാടകരോടു ചോദിച്ചാൽ സാഹിത്യകാരൻ സമൂഹത്തിന്റെ പൊതുസ്വത്താണ്, അവർക്കു പ്രസംഗിക്കുന്നതിനു പ്രതിഫലം വേണ്ട എന്നാണു മറുപടി പറയുക.

നോവലിസ്റ്റ് എം.മുകുന്ദന്റെ മാത്രം ദുര്യോഗമല്ല ഇത്. കേരളത്തിലെ ഏതൊരു സാഹിത്യകാരനോടു ചോദിച്ചാലും പ്രസംഗത്തിനു പോയാൽ ഇതുപോലെയുണ്ടായ അനുഭവങ്ങൾ എത്രയോ പറയാനുണ്ടാകും. പ്രസംഗിക്കാൻ അലക്കിത്തേച്ച വസ്ത്രം ധരിച്ച്, കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന സാഹിത്യകാരനും വീടും കുടുംബവും ഉണ്ടെന്ന് ആരും ഓർക്കാറില്ല. പൊതുസ്വത്താണെങ്കിലും പലചരക്കുകടയിൽ നിന്ന് പണം കൊടുത്താലേ ഇവർക്കും അരിയും പഞ്ചസാരയും ലഭിക്കൂ എന്ന സാമാന്യബോധം പല സംഘാടകരും കാണിക്കാറില്ല.

കഥാകൃത്ത് ടി. പത്മനാഭന് ഉണ്ടായ ഒരനുഭവം. സർക്കാർ സർവീസിൽ വലിയ പദവിയിൽ ഇരിക്കുന്ന ആൾ ഒരുദിവസം രാവിലെ കണ്ണൂരിലെ വീട്ടിൽ ടി.പത്മനാഭനെ തേടിയെത്തുന്നു. അദ്ദേഹത്തിന്റെ നാടായ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ കലാഗൃഹത്തിന്റെ വാർഷികം നടക്കുകയാണ്. അത് ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാനെത്തിയതാണ്.

‘‘പപ്പേട്ടൻ തന്നെ ഉദ്ഘാടനം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം’’– ആഗതൻ വിനയത്തോടെ പറഞ്ഞു.

ടി. പത്മനാഭൻ ടി. പത്മനാഭൻ

‘‘ നിങ്ങളുടെ നാട്ടുകാർ എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നതിൽ സന്തോഷമുണ്ട്. ഞാനിപ്പോൾ ദൂരെയൊന്നും പരിപാടിയിൽ പങ്കെടുക്കാൻ പോകാറില്ല, എന്നെ ഒഴിവാക്കിത്തരണം’’ കഥാകൃത്ത് പറഞ്ഞു.

‘‘ അയ്യോ, എങ്കിൽ വാർഷികം തന്നെ മാറ്റിവയ്ക്കേണ്ടി വരും’’ ആഗതൻ സങ്കടംഭാവിച്ചു പറഞ്ഞു.

‘‘ അതുപറ്റില്ല, ഞൻ കാരണംവാർഷികം ഉപേക്ഷിക്കരുത്. കൊയിലാണ്ടിയിൽ പ്രസംഗിക്കാൻ വന്നുപോകുക എന്നുപറഞ്ഞാൽ ഒരുദിവസത്തെ മെനക്കേടാണ്. എന്റെ കൂടെ സഹായിയായ രാമചന്ദ്രനുണ്ടാകും. ദൂരെയൊക്കെ പ്രസംഗിക്കാൻ പോകുമ്പോൾ ഞാൻ എട്ടായിരം രൂപയാണു വാങ്ങാറുള്ളത്. അതു നൽകാൻ നിങ്ങളുടെ കലാഗൃഹത്തിനു സാധിക്കുമോ’’– ടി. പത്മനാഭൻ ചോദിച്ചു.

‘‘ അയ്യോ, പപ്പേട്ടാ, എട്ടായിരം രൂപയോ, രണ്ടായിരം രൂപയൊക്കെ ഞാൻ സംഘാടകരോടു വാങ്ങിത്തരാം’’– ഔദാര്യം പോലെ അയാൾ പറഞ്ഞു.

‘‘സുഹൃത്തേ, കൊയിലാണ്ടി വരെ വന്നു പ്രസംഗിച്ചില്ലെങ്കിലും എന്റെ ഒരു ദിവസം കടന്നുപോകും. നിങ്ങളുടെ വാർഷികത്തിനു മൊത്തം ചെലവ് നേരത്തെ പറഞ്ഞത് ലക്ഷങ്ങളാണെന്നാണ്. അതിൽ നിന്ന് എട്ടായിരം രൂപ ഉദ്ഘാടകനു കൊടുക്കാൻ കഴിയില്ലെങ്കിൽ വേണ്ട.

എനിക്കു ഒരു മാസത്തെ മരുന്നിന് പതിനായിരം രൂപവേണം. പെൻഷനില്ല. പണ്ടത്തെ പോലെ അത്ര കഥ എഴുതാറുമില്ല. പണത്തിന് ആവശ്യവുമുണ്ട്. രണ്ടായിരം രൂപയ്ക്ക് കൊയിലാണ്ടി വരെ വന്നു പ്രസംഗിക്കാൻ എനിക്കു കഴിയില്ല’’– നിർദാക്ഷിണ്യം കഥാകൃത്ത് പറഞ്ഞപ്പോൾ ആഗതൻ ഇറങ്ങിപ്പോയി.

പിന്നെ ദിവസങ്ങളോളം അദ്ദേഹം കഥാകൃത്തിനെ തെറിപറഞ്ഞുകൊണ്ടു നടക്കുന്നതാണു കാണുന്നത്. ടി. പത്മനാഭന് കഥയെഴുതാൻ മാത്രമേ അറിയൂ, നോവൽ വഴങ്ങില്ല എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.

നമ്മുടെ നാട്ടിൽ മഴക്കാലം കഴിയുന്നതോടെയാണല്ലോ സ്കൂളുകൾ,ക്ലബ്ബുകൾ എന്നിവയുടെ വാർഷികങ്ങൾക്കു തുടക്കമാകുന്നത്. ആദ്യം വിപുലമായ സംഘാടകസമിതി രൂപീകരണം. മിക്ക സംഘാടകരും ആദ്യം അന്വേഷിക്കുക മമ്മൂട്ടിയെയോ മോഹൻലാലിനെയോ മുഖ്യാതിഥിയും എം.ടി.വാസുദേവൻനായർ, ടി.പത്മനാഭൻ, ഒ.എൻ.വി. എന്നിവരെ ഉദ്ഘാടകനുമായി എങ്ങനെ കിട്ടുമെന്നായിരിക്കും.

സൂപ്പർസ്റ്റാറുകളെ ലഭിക്കാൻ പ്രയാസമാണെന്നറിയുമ്പോൾ അതിലും തൊട്ടുതാഴെയുള്ളവരിലായിരിക്കും അന്വേഷണം ചെന്നെത്തുക. താരങ്ങൾക്ക് വലിയ സംഖ്യയാകുമെന്നു പറയുമ്പോഴും അതിനനുസരിച്ചു നാട്ടുകാരിൽ നിന്നു പിരിക്കാമെന്ന ധൈര്യത്തിൽ ഏൽക്കും.

എത്ര ചെറിയ താരമാണെങ്കിലും 25,000 രൂപയെങ്കിലും വേണ്ടിവരും ചടങ്ങിൽ വന്നു കൈവീശിപ്പോകാൻ. തിരക്കുകാരണം അവർ പത്തുമിനിറ്റോളമേ അവിടെ നിൽക്കൂ. അപ്പോഴേക്കും താരങ്ങൾ വിയർക്കാൻ തുടങ്ങും. പിന്നെ ചെറിയൊരു പ്രസംഗം നടത്തി സ്ഥലം വിടും.

എന്നാൽ സാഹിത്യകാരന്റെ സ്ഥിതി അതല്ല. എം.ടിയെയും പത്മനാഭനെയും ലഭിക്കില്ലെന്നു കണ്ടാൽ രണ്ടാംനിരയോ മൂന്നാംനിരയിലോ ഉള്ളവരെ തേടിയെത്തും. നിങ്ങളങ്ങു വന്നാൽ മതി, ബാക്കിയെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം എന്നായിരിക്കും സാഹിത്യകാരനോടു പറയുക. താരമാണെങ്കിൽ വേദിയിലെത്തുന്നതിനു മുൻപ് അവരുടെ അക്കൗണ്ടിൽ പണം എത്തിയിരിക്കണം.

സാഹിത്യകാരൻ നാട്ടിൽ നിന്ന് കാറും പിടിച്ച് സ്ഥലം അന്വേഷിച്ച് സ്വയം എത്തിക്കൊള്ളണം. അവിടെയെത്തുമ്പോൾ സംഘാടകരിൽ പലർക്കും സാഹിത്യകാരന്റെ മുഖം കണ്ടാൽ തിരിച്ചറിയുകപോലുമില്ല. പിന്നെ സ്വയം പരിചയപ്പെടുത്തി വേണം ആളെ മനസ്സിലാക്കിക്കൊടുക്കാൻ.

ഉദ്ഘാടന സമയം കഴിഞ്ഞ് അരമണിക്കൂറെങ്കിലും ആകാതെ ഒരു താരവും സ്റ്റേജിലെത്തില്ല. എന്നാൽ സാഹിത്യകാരൻ ഒരു മണിക്കൂർ മുമ്പെങ്കിലും അവിടെയെത്തിയിരിക്കും. സംഘാടകർക്ക് അലിവു തോന്നിയാൽ ചിലപ്പോൾ ചായ കിട്ടും. അല്ലെങ്കിൽ താരം എത്തണം. അതുമല്ലെങ്കിൽ അധ്യക്ഷനാകുന്ന പഞ്ചായത്ത് പ്രസിഡന്റോ മെമ്പറോ എത്തണം. അല്ലാതെ ഒരു സാഹിത്യകാരനും ഇതുവരെ ചായ കുടിച്ചിരിക്കില്ല.

ഉദ്ഘാടന പ്രസംഗം ഒരു മണിക്കൂറെങ്കിലും ഇല്ലെങ്കിൽ സംഘാടകർക്കു ഇഷ്ടമാകില്ല. എന്നാൽ അധികനേരം നീട്ടിയാൽ നാട്ടുകാർ കോപിക്കും. അവന്റെയൊരു സാഹിത്യം എന്നുമുറുമുറുക്കും. ഇലയ്ക്കും മുള്ളിനും കേടില്ലാതെ തടി രക്ഷിക്കണം.

പ്രസംഗമെല്ലാം കഴിഞ്ഞ് പോകാൻ നേരം സംഘാടകരിൽ ഒരാളെ പോലും മഷിയിട്ടാൽ കാണില്ല. പിന്നെ ഏതെങ്കിലുമൊരു അ‍ജ്ഞാതൻ വന്ന് ഒരു കവർ കീശയിലിട്ടു പെട്ടെന്നു മടങ്ങും. അവിടെ വച്ചുതന്നെ തുറന്നുനോക്കിയില്ലെങ്കിൽ വഞ്ചിക്കപ്പെടും എന്നുറപ്പാണ്.

എന്നാൽ നാണക്കേട് ഓർത്ത് ആരും അവിടെ വച്ചു തുറന്നുനോക്കില്ല. അത് സംഘാടകർക്കും അറിയാം.പ്രശസ്ത സാഹിത്യകാരൻ സി.വി. ബാലകൃഷ്ണനുണ്ടായ ഒരനുഭവം. ബാംഗ്ലൂരിൽ മകളോടൊപ്പം വിഷു ആഘോഷിക്കാൻ പോയതായിരുന്നു അദ്ദേഹം.

സി. വി ബാലകൃഷ്ണൻ സി. വി ബാലകൃഷ്ണൻ

അന്നേരമാണ് വടകരയിൽ നിന്നൊരു സാഹിത്യപ്രേമി വിളിക്കുന്നത്. ഉദ്ഘാടനം ചെയ്യാൻ വന്നില്ലെങ്കിൽ പരിപാടി മാറ്റിവയ്ക്കുമെന്ന് പതിവു ഭീഷണിയും. ബാംഗ്ലൂരിൽ നിന്നു കാറെടുത്താണെങ്കിലും വന്നേപറ്റൂ എന്നു പറഞ്ഞു.

പയ്യന്നൂരിൽ തിരിച്ചെത്തി കാർ വാടകയ്ക്കെടുത്ത് അദ്ദേഹം വടകര പോയി പ്രസംഗിച്ചു. പോരാൻ നേരം സ്നേഹപൂർവം കവറും നൽകി ക്ഷണിച്ചയാൾ. എന്നാൽ യാത്രാമധ്യേ കവർ തുറന്നുനോക്കിയപ്പോൾ കണ്ണുതള്ളിപ്പോയി.

അപ്പോഴത്തെ സാഹചര്യത്തിൽ ആയിരം രൂപയെങ്കിലും സ്വന്തം കീശയിൽ നിന്നു നൽകിയാലേ കാറിന്റെ വാടക കൊടുക്കാൻ കഴിയൂ. വീട്ടിലെത്തി ടാക്സിക്കാരനെ മടക്കിയയച്ച ശേഷം തന്നെ ക്ഷണിച്ചയാളെ വിളിച്ചു കൊടുക്കേണ്ടതു കൊടുത്തു. അടുത്ത ദിവസം സി.വി. ബാലകൃഷ്ണൻ കണികാണുന്നത് ഇദ്ദേഹത്തെയാണ്. ഒന്നും മിണ്ടാതെ അയാൾ ബാക്കി പണവും കൊടുത്തു മടങ്ങി.

സിനിമാതാരം ചടങ്ങിൽ പങ്കെടുക്കുകയാണെങ്കിൽ ഏറ്റവും വില കൂടിയ കാറിൽ തന്നെ വരണം. റോൾസ് റോയ്സോ ഹമ്മറോ ആണെങ്കിൽ നാടാകെ കിടുങ്ങും. എന്നാൽ സാഹിത്യകാരൻ ഒരിക്കലും വാഹനത്തിൽ വരരുത്. അയാൾ പൊതുവാഹനമായ ബസിൽ തന്നെ വന്നിറങ്ങണം.

ഖസാക്കിൽ രവി ബസിറങ്ങിയതുപോലെ. സാഹിത്യകാരൻ എന്നും ദരിദ്രനായിരിക്കണമെന്നത് നമ്മുടെ പൊതുവായ കാഴ്ചപ്പാടാണല്ലോ. മുണ്ടുടുത്തേ വേദിയിൽ കയറാവൂ, ഖദർ കുപ്പായം പറ്റും. വില കൂടിയ ഷർട്ടിടരുത്. അയാൾ ഇംഗ്ലീഷിൽ സംസാരിക്കരുത് എന്നിങ്ങനെ ചില അലിഖിത നിയമങ്ങളൊക്കെയുണ്ട് നാട്ടിൽ. അതിലൊന്നാണ് സാഹിത്യകാരൻ കാറിൽ വരരുതെന്നത്.

കഥാകൃത്ത് ടി.എൻ. പ്രകാശിനുണ്ടായ ഒരു അനുഭവം. പയ്യന്നൂരിലെ പ്രശസ്തമായ കോളജിലെ മലയാളം വകുപ്പിൽ അസോസിയേഷൻ പരിപാടി ഉദ്ഘാടനം ചെയ്യാൻ വകുപ്പ് തലവൻ വിളിക്കുന്നു. അന്ന് വേറെ പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും അതുമാറ്റി താങ്കൾ വരണം, അല്ലെങ്കിൽ കോളജിലെ മലയാളം വിദ്യാർഥികളുടെ സാഹിത്യപ്രേമം നശിച്ചുപോകുമെന്ന് വകുപ്പ് തലവൻ പറഞ്ഞു. സ്വന്തം നാട്ടിലെ കോളജിലെ സാഹിത്യം മുരടിച്ചുപോകരുതെന്ന കരുതി അദ്ദേഹം വരാമെന്നേറ്റു.

ഞാൻ എങ്ങനെയാണു വരേണ്ടതെന്നു ചോദിച്ചപ്പോൾ പയ്യന്നൂരിൽ എത്തുന്നതിനു മുൻപുള്ള സ്റ്റോപ്പിൽ ബസിറങ്ങിയാൽ മതിയെന്ന് വകുപ്പ് തലവൻ വഴി പറഞ്ഞുകൊടുത്തു. ഞാൻ ബസിൽ യാത്ര ചെയ്യാറില്ല, കാറിലേ വരാറുള്ളൂ. കാർ നിങ്ങൾ അയയ്ക്കുമോ അതോ ഞാൻ നാട്ടിൽ നിന്നു ടാക്സി വിളിക്കണമോ എന്ന് ടി.എൻ. പ്രകാശ് ചോദിച്ചു.

അന്നേരം ഫോണിന്റെ അങ്ങേ തലയ്ക്കൽ നീണ്ട മൗനം. ടാക്സി വിളിച്ചു വരുമ്പോൾ നൽകാൻ പണമൊന്നുമില്ല, ബസ് കൂലി തരാമെന്നായി യുജിസി ശമ്പളം വാങ്ങുന്ന ആ അധ്യാപകൻ. എന്നാൽ എനിക്കു വരാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നു കഥാകൃത്ത് പറഞ്ഞപ്പോൾ ഞാൻ വിദ്യാർഥികളോടു ചർച്ച ചെയ്തു വിളിക്കാമെന്ന് അധ്യാപകൻ പറഞ്ഞു. പിന്നീട് ആ വിളി ഒരിക്കലുമുണ്ടായിട്ടില്ല.

സാഹിത്യകാരൻ ബസിൽ വരിക, അതല്ല കാറിലേ യാത്ര ചെയ്യാവൂ എന്നുണ്ടെങ്കിൽ സ്വന്തം പണം കൊടുത്തു വരിക, എന്നിട്ട് മലയാള സാഹിത്യം പരിപോഷിക്കാൻ വാതോരാതെ സംസാരിച്ച് ഉപ്പിട്ട നാരങ്ങവെള്ളം കുടിച്ചു മടങ്ങുക. ഇതാണ് പൊതുവെയുള്ള നാട്ടുനടപ്പ്. അതിൽ മാറി നിൽക്കാൻ കോളജ് അധ്യാപകർക്കും പറ്റില്ലല്ലോ.

നിങ്ങളൊരു സാഹിത്യകാരൻ ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മനസ്സിലാക്കുക, നമ്മുടെ നാട്ടിൽ സാഹിത്യകാരനായി ജീവിക്കുക ഏരെ പ്രയാസമാണ്. രാഷ്ട്രീയക്കാരനും സിനിമക്കാരനും ജോലിയില്ലാത്തവനുമായി ജീവിക്കാൻ പ്രയാസമൊന്നുമില്ല, എന്നാലും സാഹിത്യകാരനായി ജീവിക്കരുത്. വല്ലതും എഴുത്തുകാരാണെങ്കിൽ ആധാരമെഴുത്തുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.