Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെ മലയാളിയുടെ കുഞ്ഞബ്ദുള്ള

പുനത്തിൽ കുഞ്ഞബ്ദുള്ള പുനത്തിൽ കുഞ്ഞബ്ദുള്ള

സാഹിത്യവും സാഹിത്യകാരന്മാരും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കാലം അടുത്തെങ്ങും ഇതുപോലെ വേറെയുണ്ടായിട്ടില്ല. അത്യാവശ്യം വിവാദമുണ്ടാക്കുന്ന സാഹിത്യകാരൻമാർക്ക് എന്നും തിളങ്ങാൻ പറ്റിയ സമയമായിരുന്നു ഇത്.

അതുകൊണ്ടുതന്നെയാണ് ഈ സമയത്ത് നാം പ്രമുഖനായൊരു സാഹിത്യകാരന്റെ മൗനം ശരിക്കുമറിയുന്നത്. അവാർഡ് നിരസിക്കലും നിരസിക്കുന്നവരെ കളിയാക്കലുമൊക്കെയായി മലയാള സാഹിത്യലോകം വിവാദങ്ങൾ കൊണ്ട് അൽപം പച്ചപിടിച്ച സമയമാണിത്.

എന്നാൽ തുറന്നടിച്ചു സംസാരിക്കാൻ ഒരു സാഹിത്യകാരനും ഇപ്പോൾ തയാറാകുന്നില്ല. അന്നേരമാണ് ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നത്. അങ്ങനെയൊരു ആഗ്രഹം കൊണ്ട് ഇനി കാര്യമില്ലല്ലോ.

അപ്പോഴാണ് മറ്റൊരു സാഹിത്യകാരന്റെ മൗനം നാം ശരിക്കും അറിയുന്നത്. അത് പുനത്തിൽ കുഞ്ഞബ്ദുള്ളയുടേതാണ്. മലയാളിയുടെ കുഞ്ഞിക്ക സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്നെങ്കിൽ എന്ന് നാം ആശിക്കുന്നില്ലേ?

വാർധക്യ സഹജമായ അസുഖം കാരണം പുനത്തിൽ കുഞ്ഞബ്ദുള്ള ഇപ്പോൾ സാഹിത്യത്തിൽ സജീവമല്ല. എന്നാൽ സുഹൃത്തുക്കളാരുമായും ബന്ധംപുലർത്താതെ അജ്ഞാത വാസത്തിലാണ് അദ്ദേഹമെന്നതാണ് നമ്മെ വല്ലാതെ വേദനിപ്പിക്കുന്നത്.

മാസങ്ങൾ ഒട്ടേറെ കഴിഞ്ഞു പുനത്തിലിന്റെ ഒരു കഥയോ ലേഖനമോ അഭിമുഖമോ വായിച്ചിട്ട്. മുടിയും താടിയുമെല്ലാം നരച്ച് കാഴ്ചയിൽ തന്നെ മറ്റുള്ളവർക്ക് വേദന സമ്മാനിക്കുന്ന രൂപത്തിലാണ് പുനത്തിലിപ്പോൾ.

ഏറ്റവുമടുത്ത സുഹൃത്തിനോട് ചോദിച്ചപ്പോൾ അദ്ദേഹം പോലും കണ്ടിട്ട് മാസങ്ങളായി. ഇപ്പോൾ മക്കളുടെ സംരക്ഷണയിലാണ്. അതുകൊണ്ടു തന്നെ കാണാനും സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മുൻനിര എഴുത്തുകാരുടെ ഇപ്പോഴത്തെ മൗനം സാധാരണക്കാരെ വരെ ഭയപ്പെടുത്തുന്നതാണ്. ഫാസിസം ശക്തിപ്രാപിച്ചുവരുന്ന ഈ സമയത്താണ് എന്തും തുറന്നുപറയാൻ ധൈര്യം കാണിക്കുന്നൊരാളുടെ സാന്നിധ്യം വേണ്ടത്. അത് പുനത്തിൽ കുഞ്ഞബ്ദുള്ളയിൽ നിന്നായിരുന്നെങ്കിൽ ശക്തമായി തന്നെ തുറന്നെതിർക്കുമായിരുന്നു.

മലയാളിക്ക് പുനത്തിൽ കുഞ്ഞബ്ദുള്ള വെറുമൊരു സാഹിത്യകാരൻ മാത്രമല്ല. യഥാർഥത്തിലൊരു വിപ്ലവകാരിയാണ്. നിലവിലുള്ള വ്യവസ്ഥിതിയെ സ്വന്തം ജീവിതം കൊണ്ട് തുറന്നെതിർക്കാൻ ധൈര്യം കാണിക്കുന്നൊരു വിപ്ലവകാരി.

ഒരു സാഹസികൻ. ജീവിതം ഒരു സാഹസമാക്കിയ എഴുത്തുകാരനായിരുന്നു കുഞ്ഞബ്ദുള്ള. അത്തരത്തിലുള്ളൊരു സാഹസമായിരുന്നു ഒന്നര പതിറ്റാണ്ടു മുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ ബിജെപി സ്ഥാനാർഥിയായത്.

എഴുത്തുകാർ രാഷ്ട്രീയപാർട്ടികൾക്കു പിന്നാലെ പോകരുതെന്ന് എഴുതിയ കുഞബ്ദുള്ള തന്നെയാണ് ബിജെപി സ്ഥാനാർഥിയായി മൽസരിച്ചതും തോറ്റതും. വിജയിക്കുമെന്നു കരുതിയായിരുന്നില്ല കുഞ്ഞബ്ദുള്ള സ്ഥാനാർഥിയായത്, രാഷ്ട്രീയത്തിലിറങ്ങുമ്പോൾ ലഭിക്കുന്ന അനുഭവങ്ങൾക്കു വേണ്ടിയായിരുന്നു.

എഴുത്തുകാരൻ അനുഭവങ്ങൾ സ്വാംശീകരിക്കുന്നത് ഇങ്ങനെ തന്നെയാണല്ലോ. പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അദ്ദേഹം ബിജെപി സ്ഥാനാർഥിയായപ്പോഴാണ്. പുനത്തിൽ കുഞ്ഞബ്ദുള്ളയെ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചതിനു പിന്നിലും ഒരു രാഷ്ട്രീയമുണ്ടായിരുന്നു.

അത് അദ്ദേഹത്തിന്റെ മതംമാറ്റം എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ച് സുരയ്യയായതിനു പിന്നാലെയാണ് കുഞ്ഞബ്ദുള്ള ഹിന്ദുമതത്തിലേക്കു മാറുന്നതായി പ്രഖ്യാപിച്ചതും പിന്നാലെ അതു തള്ളിപ്പറഞ്ഞതും.

അക്കാലത്ത് കുഞ്ഞബ്ദുള്ള രുദ്രാക്ഷമാലയൊക്കെ അണിഞ്ഞാണു നടന്നിരുന്നത്. പത്രപ്രവർത്ത സുഹൃത്തുക്കൾക്കൊപ്പം മൂകാംബിക ക്ഷേത്രത്തിൽ സന്ദർശനമൊക്കെ കഴിഞ്ഞുവന്നതിനു ശേഷമാണ് മതംമാറ്റ പ്രശ്നമുണ്ടാകുന്നത്.

മാധവിക്കുട്ടിുടെ മതംമാറ്റത്തെ എതിർത്തുകൊണ്ടാണ് അദ്ദേഹം ഹിന്ദുമതത്തെ സ്വീകരിക്കുന്നെന്ന് ഒരു പത്രത്തിന് അഭിമുഖം നൽകുന്നത്. അടുത്തദിവസം അതു വൻവിവാദമായപ്പോൾ താനങ്ങനെ പറഞ്ഞിട്ടില്ലെന്നു പറയുകയുമുണ്ടായി.

മതംമാറിയതിനു പിന്നാലെ ഭീഷണിയും മറ്റുമുണ്ടായപ്പോഴാണ് അദ്ദേഹം ചുവടുമാറ്റിയത്. ഈ സംഭവത്തെ തുടർന്നാണ് പുനത്തിൽ ബിജെപിക്ക് അഭിമതനായത്. അങ്ങനെയാണ് ബേപ്പൂരിൽ സ്ഥാനാർഥിയാക്കുന്നതും. പക്ഷേ, കുറേ അനുഭവങ്ങൾ സമ്മാനിച്ചു എന്നല്ലാതെ ജയിക്കുകയൊന്നുമുണ്ടായില്ല.

എന്നാൽ ഈ ബിജെപി ബന്ധം അധികകാലം നീണ്ടുപോയില്ല. ഗുജറാത്തിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ സംഭവമുണ്ടായപ്പോൾ ബിജെപിക്കെതിരെ അതിശക്തമായ ഭാഷയിൽ സംസാരിച്ചതും എഴുതിയതും പുനത്തിൽ തന്നെയായിരുന്നു.

ബേപ്പൂരിൽ മൽസരിക്കുമ്പോഴും ആശയപരമായി പുനത്തിൽ ബിജെപിയോട് അടുത്തിരുന്നില്ല. അദ്ദേഹത്തിന് അതൊരു തമാശമാത്രമായിരുന്നു. എന്നാൽ ബിജെപിക്ക് ഒരു ന്യൂനപക്ഷ പ്രതിനിധിയെ സ്ഥാനാർഥിയായി കിട്ടിയ സന്തോഷവും.

പക്ഷേ , പുനത്തിൽ ഒരിക്കലും ഒരു ന്യൂനപക്ഷ പ്രതിനിധിയായിരുന്നില്ല. മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരെയും പോലെ ജാതിയും മതവും മനസ്സിൽ കൊണ്ടു നടക്കാത്ത സാഹിത്യകാരൻ. ജോലി കൊണ്ട് ഡോക്ടറായിരുന്നെങ്കിലും ജീവിതം കൊണ്ട് സാഹിത്യകാരൻ.

തുറന്നുപറയാൻ ഒരു മടിയുമില്ല അദ്ദേഹത്തിന്. മദ്യത്തെക്കുറിച്ച്, ജീവിതത്തിൽ സാന്നിധ്യമുണ്ടാക്കിയ സ്ത്രീകളെക്കുറിച്ച് എല്ലാം പുനത്തിൽ മറയൊന്നുമില്ലാതെ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് എല്ലാ സാഹിത്യകാരൻമാരും ഓണപ്പതിപ്പുകളിൽ നിറഞ്ഞുനിന്നപ്പോൾ എവിടെയും സാന്നിധ്യമില്ലാതിരുന്നത് പുനത്തിലിന്റെതായിരുന്നു.

അതിനു മുൻപൊക്കെ യാത്രാവിവരണമോ ചെറുകഥയോ അനുഭവ വിവരണമോ ഒക്കെയായി അദ്ദേഹം ഉണ്ടാകുമായിരുന്നു. ഓണക്കാല വായനയിൽ പുനത്തിൽ ഉണ്ടാക്കിയ ശൂന്യത ഇപ്പോൾ കൂടിയ വേദനയോടെയാണ് മലയാളി അറിയുന്നത്.

പുതിയൊരു നോവൽ എഴുതുകയാണെന്ന് അവസാനമായി വന്നൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. സ്മാരകശിലകൾപോലെ, മരുന്ന് പോലെ, മലമുകളിലെ അബ്ദുള്ള പോലെയൊരു കൃതിയാണു മലയാളി പ്രതീക്ഷിക്കുന്നത്. അജ്ഞാതവാസം അവസാനിപ്പിച്ച്, പുതിയ നോവലുമായി വരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്കായി കാത്തിരിക്കാം.