ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ പുരസ്‌കാരം സോഹന്‍ റോയിക്ക്

സോഹൻ റോയ്

ഈ വര്‍ഷത്തെ കേരള ഫോക്കസ് - ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ പുരസ്‌കാരം കവിയും, ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയിക്ക്. അണുകാവ്യം എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഈ മാസം 14ന് പത്തനാപുരം ഗാന്ധിഭവനില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പുരസ്‌കാരം സോഹന്‍ റോയിക്ക് സമര്‍പ്പിക്കും. 

പ്രശസ്ത കവയിത്രിയും, നോവലിസ്റ്റും, സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. 

അണുകാവ്യത്തിലൂടെ ആനുകാലിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനഹൃദയങ്ങളില്‍ ഇടം നേടാന്‍ സോഹന്‍ റോയിക്കു കഴിഞ്ഞതായി സംഘാടകര്‍ വ്യക്തമാക്കി. ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷനും, സാമൂഹ്യ-സാസ്‌കാരിക-ജീവകാരുണ്യ- മാധ്യമ സ്ഥാപനമായ കേരള ഫോക്കസും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 15 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 48 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ഗ്രൂപ്പായ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമാണ് സോഹന്‍ റോയ്. 1998 ലാണ് 'ഏരീസ് മറൈന്‍' എന്ന സ്ഥാപനത്തിന് സോഹന്‍ റോയ് തുടക്കമിട്ടത്. മികച്ച നേതൃപാടവം കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള സോഹന്‍ റോയ് ഫോബ്‌സ് ടോപ്പ് ഇന്ത്യന്‍ ലീഡേഴ്‌സ് ഇന്‍ മിഡില്‍ ഈസ്റ്റ് പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഇതിനു പുറമേ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള  'പ്രൊജക്ട് ഇന്‍ഡിവുഡ്' ഉള്‍പ്പടെ നിരവധി സംരഭങ്ങളുടെ ശില്പി കൂടിയാണ് സോഹന്‍ റോയ്.