Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമരം

x-default

അതിരാണി പുഴയിൽ മുങ്ങിക്കുളിച്ചു കുല ദൈവങ്ങളെ തൊഴുതു ദാമു വീട്ടിലേക്കു കയറി. അവനെ നോക്കി ഭാർഗവിയമ്മ ആത്മഗതം പറഞ്ഞു ഈ ജോലിയെങ്കിലും എന്റെ കുട്ടിക്ക് തന്നെ കിട്ടണേ കാലം കുറച്ചായി അവൻ ഈ നടപ്പ് തുടങ്ങിട്ട് ഒരിടത്തും ഒന്നും ശരിയാകുന്നില്ല. അകത്തു കയറി മുടിചീകിയൊതുക്കിയപ്പോഴേക്കും ഭദ്ര കാപ്പിയുമായി വന്നു. ചേട്ടാ ഈ ജോലിയെങ്കിലും കിട്ടുമോ? അവൾ ചോദിച്ചു. പ്രതീക്ഷയറ്റ ഒരു ചെറു പുഞ്ചിരി കൊണ്ട് ദാമു ആ ചോദ്യത്തെ നേരിട്ടു. ഇതു തന്റെ എത്രമത്തെ ഇന്റർവ്യൂ ആണെന്നറിയില്ല എങ്കിലും ഒരു 100കടന്നിട്ടുണ്ടാകും എന്നയാൾ ചിന്തിച്ചു. പാവം അച്ഛൻ തെയ്യം കെട്ടി ആടുന്നതും കാവിലെ ദക്ഷിണയും ഒക്കെ കൂട്ടി വച്ചാണ് തന്നെ പഠിപ്പിച്ചത് നാട്ടിലെ വെളിച്ചപ്പാടിന്റെ മകന് കനലാട്ടത്തിൽ നിന്നും ഒരു മോചനവും പെങ്ങൾക്ക് നല്ല ഭാവിയുമൊക്കെ സ്വപ്നം കണ്ട പാവം മനുഷ്യൻ. വൃശ്ചിക മാസ്സമായതുകൊണ്ട് അച്ഛൻ കാവിലാണ്. വൃശ്ചികം ഇരുപത് കാവിലെ കെട്ടിയാട്ടമാണ് അതുവരെ ദൈവം കെട്ടി വീട് കയറലാണ്. ദേശത്തെ എല്ലാ വീടുകളുടെയും ജനങ്ങളുടെയും ഐശ്വര്യത്തിന് വേണ്ട കാര്യങ്ങൾ പ്രവചിക്കുന്ന ദൈവമാണച്ഛൻ, പക്ഷേ സ്വന്തം വീട്ടിലെ ഐശ്വര്യം പ്രവചിക്കാൻ കുല ദൈവങ്ങൾ അച്ഛന് അനുവാദം കൊടുത്തു കാണില്ല എന്ന് ദാമു കളിയാക്കി പറയാറുണ്ട്.

തേച്ചു മിനുക്കിയ വസ്ത്രങ്ങൾ ധരിച്ച് സർട്ടിഫിക്കറ്റുകൾ എല്ലാം എടുത്ത് അവൻ പുറത്തേക്കു നടന്നു. പ്രഭാതകിരണങ്ങളേറ്റ പുൽനാമ്പുകളെ ചവിട്ടിമെതിച്ചുകൊണ്ടു വയൽ വരമ്പത്തുകൂടി ചെമ്മൺ പാതയിലേക്ക് കടന്നു. എതിരെ ഒറ്റ ചെണ്ടയുടെ ശബ്‌ദവും ചിലമ്പൊച്ചയും അടുത്തുവന്നു ചെമ്പട്ടുചുറ്റിയ ദൈവകോലം ദാമുവിനെ കണ്ടു നിന്നു അനുഗ്രഹിച്ചു. മോൻ പോയിവരൂ എന്നു പറഞ്ഞു പിന്നെ അരയിൽ തിരുകിയ 50രൂപ നോട്ടെടുത്തു കൊടുത്തു. ഇതാ ഇതു കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു നടന്നകന്നു.

ദാമു ആൽത്തറ ലക്ഷ്യമാക്കി നടന്നു. അവിടെ മാളവിക കാത്തു നിൽക്കുന്നുണ്ടാകും അവളെക്കൂടി കണ്ടിട്ട് വേണം പോകാൻ. ശരിക്കും അവളുടെ നിർബന്ധമാണ് ഈ അപേക്ഷ അയക്കലും ഇന്റർവ്യൂവിനു പോകലും. വളരെ സന്തോഷത്തോടെയാണ് അവൾ അവനെ എതിരേറ്റത് പിന്നെ അവളുടെ കൂടെ കവലവരെ നടന്നു കവലയിൽ വച്ച് അവന്റെ കയ്യിൽ ഒന്ന് നുള്ളിയിട്ടു അവൾ യാത്ര പറഞ്ഞു പോയി.

അപ്പോഴേക്കും ബസ്‌ വന്നു അതിരാനിക്കാവും പട്ടണവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ് ഈ ബസ്‌. ദാമു പട്ടണത്തിലേക്കുള്ള ടിക്കറ്റ് എടുത്തു. കണ്ടക്ടർ പുച്ഛഭാവത്തിൽ ചോദിച്ചു. ഇന്നുമുണ്ടോ ദാമു ഇന്റർവ്യൂ. അവൻ അതിനു മറുപടിയൊന്നും പറയാതെ പുറത്തേക്കുനോക്കിയിരുന്നു. ബസ് പാടങ്ങളും മരങ്ങളും തിരക്കുപിടിച്ച വീഥികളും പിന്നോട്ടോടികൊണ്ടിരുന്നു തന്റെ ജീവിതം പോലെ. 

ബസ്‌ നഗരത്തിലേക്കടുത്തപ്പോഴേക്കും ഉറക്കത്തിലേക്കാഴ്ന്നു ഇടക്ക് ആരോ കയറി തന്റെ അടുത്തിരുന്നപ്പോഴാണ് അവൻ ഉണർന്നത്.

ഭദ്ര സന്ധ്യ ദീപം കൊളുത്തുന്ന നേരത്താണ് ദാമു വീട്ടിലേക്കു കയറിയത് മകന്റെ നിരാശ നിറഞ്ഞ മുഖത്തേക്ക് നോക്കുവാൻ കൂടി ഭാർഗവിയമ്മയ്ക്കു കഴിഞ്ഞില്ല. ചോദിക്കാതെ തന്നെ ദാമു തെല്ല് അമർഷത്തോടെ പറഞ്ഞു അവിടം വരെ പോയ വണ്ടിക്കാശ് നഷ്ടം ഈ ജോലിയും കിട്ടില്ല എന്ന് ഉറപ്പായി. ഈ നശിച്ച കുലത്തിൽ ജനിച്ചതുകൊണ്ടാവും ജോലി കിട്ടാത്തെ. ദൈവം കെട്ടിന് പാരമ്പര്യം നിലനിർത്താൻ ആളു വേണ്ടേ. അധികാരിയങ്ങു എപ്പോഴും പറയും അച്ഛന്റെ കാലം കഴിഞ്ഞാൽ നീയാണ് കാവിലെ ദൈവം എന്ന് അത് കേൾക്കുമ്പോൾ തന്നെ നിരാശയും സങ്കടവും വരും.

അത്താഴം കഴിഞ്ഞു ദാമു പാടവരമ്പത്തു കൂടി നടന്നു പുഴക്കരയിലെത്തി പുഴയ്ക്കക്കരെയാണ് അതിരാണി കാവ്. കാവും പരിസരവും വെള്ളിവെളിച്ചത്തിൽ തെളിഞ്ഞു നിന്നു. ഇനി പത്തുദിവസം അച്ഛനും അതിരാണി കാവിനും ഉറക്കമില്ലാത്ത രാത്രികളാണ്‌. എല്ലാ ദിവസവും കൊട്ടും പാട്ടും താളമേളവുമൊക്കെയായി അതിരാണി കാവ് ഉണർന്നിരിക്കും. ദൂരെ ദേശത്തുനിന്നൊക്കെ ചെറുതെയ്യങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. അവരുടെ അലങ്കരിച്ച വഞ്ചികൾ പുഴയുടെ താളത്തിനൊത്ത് ആടിയുലഞ്ഞു അതിരാനിക്കാവിലേക്കടുക്കുന്നു.

കാവിൽ നിന്നും ചെണ്ടമേളവും തോറ്റൻ പാട്ടും തച്ചുമന്ത്രവും അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

ഏതോ കാണാത്ത പൂവിന്റെ ഗന്ധവുമായി വന്ന തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയി. അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. എന്തിനോ വേണ്ടി ആർക്കോ വേണ്ടി ജീവിക്കുന്ന കുറെ മനുഷ്യരും കുല ദൈവങ്ങളും. 

ദാമു രാവിലെ കാവിലേക്കു പുറപ്പെട്ടു. ഇന്നാണ് അച്ഛന്റെ തീചാമുണ്ഡി അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. കുരുത്തോല പാകിയ തെയ്യപുരയിൽ തഴപ്പായയിൽ മുഖത്തെഴുത്തിനു നിർവികാരനായി അച്ഛൻ കിടക്കുന്നുണ്ടാകും. ഉടയോലയും നിറമാലയും കെട്ടി തെയ്യക്കോലം ഒരുക്കുന്നത് തന്റെ കടമയാണ്. ഇന്നു മുഴുവൻ തെയ്യപുരയിലാണ്. കാവിന്റെ തെക്കേപാടത്ത് രണ്ടാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന മുരിക്കിൻ തടികൾ തീച്ചാമുണ്ഡിക്കായി ഒരുങ്ങിയിരുന്നു. എല്ലാതവണയും പോലെ ഇത്തവണയും അച്ഛന്റെ മുഖത്തു ഒരു രൗദ്രഭാവം അവനു തോന്നി. ദാമു അടുത്ത തവണ തീച്ചാമുണ്ഡിക്കു ഞാൻ ഉണ്ടാവില്ല എന്ന് ഒരു ഉൾ ഉരിയാടൽ. പക്ഷേ, ഞാൻ ഇല്ലെങ്കിൽ നീയാണ് ഈ ദേശത്തിന്റെ കോമരം. മോൻ നമ്മുടെ കടമ മറക്കരുത്. കുലം മുടിക്കരുത്. പക്ഷേ ഇതൊക്കെ എല്ലാ തീ ചാമുണ്ഡിക്കും അച്ഛൻ പറയുന്നതാണ്. അതുകൊണ്ട് ദാമു മറുത്തൊന്നും പറഞ്ഞില്ല.

കാവിൽ സന്ധ്യ ദീപം തെളിഞ്ഞപ്പോൾ മുതൽ കാവിലെ തിരക്ക് കൂടിവന്നു. ചെറുതെയ്യങ്ങളുടെ വരവറിയിച്ചുകൊണ്ടു ചെണ്ടമേളങ്ങളുയർന്നു. തെക്കേപാടത്തെ മുരിക്കിൻ തടികൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു കാവിലെ ഉൽസവപൂജ കഴിഞ്ഞാൽ തീ ചാമുണ്ഡിയുടെ ആരംഭമാണ്.

പല ദേശത്തു നിന്നും വന്ന മലയന്മാർ, അവരുടെ മനഃശക്തിയിൽ പിറന്ന ദൈവങ്ങൾ, ഗുളികൻ, ചാമുണ്ഡി, വസൂരിമാല, തോറ്റം പാട്ട് കേട്ടു ഭക്തിയിൽ ലയിച്ച ഭക്ത ജനങ്ങൾ ഇവരെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് വാസൂ മലയൻ തീച്ചാമുണ്ഡിയായി അവതരിച്ചു. കാവുചുറ്റി അനുഗ്രഹവാക്യങ്ങളും ആജ്ഞകളും ഉച്ചത്തിൽ ഉരുവിട്ടുകൊണ്ട് തെക്കേ പാടത്തേക്കു ചുവടുവച്ചു. കുന്നുകൂട്ടിയിട്ട മുരിക്കിൻ തടികൾ എരിഞ്ഞു ഒരു തീ മലപോലെ തിളങ്ങി നിന്നു. തീ കൂമ്പാരത്തെ വലയം വച്ചു കുല ദൈവത്തെ പുകഴ്ത്തി പാടി തീ ചാമുണ്ഡി ഉറഞ്ഞു തുള്ളാൻ തുടങ്ങി. പ്രായത്തെ വെല്ലുന്ന രൗദ്ര ഭാവത്തിൽ തീ ചാമുണ്ഡി മേലേരിയിലേക്കു ചാടി. ഇരു കൈയികളിലും പിടിച്ച ബലിഷ്ടമായ ആളുകളെ തട്ടി മാറ്റി കൊണ്ട് ഒന്നല്ല 101പ്രാവിശ്യം തീക്കനലിലേക്കു ചാടി.

മംഗളം ചൊല്ലി എല്ലാ തെയ്യങ്ങളും പുഴ കടന്നു പോയി. അപ്പോഴേക്കും ചമയപുരയിൽ തളർന്നവശനായി വാസു മലയൻ കിടന്നിരുന്നു. നേരം പുലർന്ന് അധികാരിയെ വാളും ചിലമ്പും ഏൽപിച്ചിട്ടെ വാസു മലയൻ വീട്ടിലേക്കു വരൂ അതാണ് പതിവ്. അതുകൊണ്ട് ദാമു നേരെ വീട്ടിലേക്കു പോയി. നേരം പുലർന്നിട്ടും വാസു മലയൻ ഉണർന്നില്ല. ആ ശരീരം നിശ്ചലമായി.

വീടിന്റെ തെക്കേ പുറത്തു വാസു മലയന്റെ ചിത എരിഞ്ഞമർന്നിരുന്നു. തീ ചാമുണ്ഡി കഴിഞ്ഞ തെയ്യക്കളം പോലെ.

പുല കുളി അടിയന്തിരം കഴിഞ്ഞപ്പോൾ അധികാരി അങ്ങുന്നും നാട്ടുപ്രമാണിമാരും വന്നു ദാമുവിനോട് കാവിന്റെ കോമരമാകാൻ കല്പിച്ചു. അവരെയെല്ലാം അവൻ വീട്ടുമുറ്റത്തു നിന്നും ആട്ടിയോടിച്ചു. നാടിന്റെ കോമരമായാൽ തന്റെ സ്വപ്നങ്ങൾ ഒന്നും നടക്കില്ല എന്നും, തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടമാവുമെന്നും അവനറിയാം. മാളവികയ്ക്കു താൻ ഒരു കോമരമാകുന്നത് ഓർക്കുവാൻ കൂടി വയ്യ. അവളാണ് തന്നെ മറ്റൊരു ജോലിക്ക് വേണ്ടി പ്രേരിപ്പിക്കുന്നത്. അതിരാണി കാവിന്റെ പട്ടും ചിലമ്പുമണിയാൻ അവകാശികളില്ലാത്തതു ആ നാടിന്റെ ശാപമായി എല്ലാവരും കണ്ടു. നാട്ടിൽ ഉണ്ടാകുന്ന ദുർനിമിത്തങ്ങളെല്ലാം ദൈവകോപമായിട്ടാണ് ആളുകൾ കാണുന്നത്. ദാമു ആണ് നാടിന്റെ ശാപം എന്നു വരെ കവലകളിൽ സംസാരിക്കാൻ തുടങ്ങി.

ദാമുവിന്റെ ജീവിത്തിലും ദുർനിമിത്തങ്ങളുടെ പരമ്പര തന്നെ ഉണ്ടായി അവന്റെ പെങ്ങൾ പാമ്പുകടിയേറ്റു മരിച്ചു. മാളവിക അവനെ ഉപേക്ഷിച്ചു വേറെ കല്യാണത്തിന് സമ്മതിച്ചു. ദാമുവിനുണ്ടാകുന്ന ദുരന്തങ്ങളെല്ലാം ദൈവ കോപമാണെന്ന് അവന്റെ അമ്മയും പറയാൻ തുടങ്ങി ഒപ്പം കുലം മുടിക്കാൻ ഉണ്ടായ സന്താനം എന്ന ശാപവാക്കും.

നാട്ടിലാകെ ദുരന്തങ്ങൾ ഉടലെടുത്തു ഇതിനെല്ലാം കാരണം ദാമുവാണ് എന്ന് എല്ലാവരും വിശ്വസിച്ചു. തെയ്യം കെട്ടിയാടുന്ന ദൈവം ഉടലില്ലാതെ അലയുന്നുവെന്നു കലശ പ്രശ്നത്തിൽ തെളിഞ്ഞു എന്നാണ് തന്ത്രി പറഞ്ഞത്. ഇനിയുള്ള പരിഹാരം പാരമ്പര്യ പ്രകാരം തീചാമുണ്ഡി കെട്ടിയാടണം. ദേശത്തിന്റെ നന്മയ്ക്കും കുടുംബത്തിന്റെ നന്മയ്ക്കും ദാമു കാവിന്റ കോമരമാകണം. അമ്മയുടെ ആഗ്രഹം സാധിക്കനും അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കുവാനും ദാമു ചാമുണ്ഡി കെട്ടാൻ തയാറായി.

കുംഭമാസം 10–ാം തിയതി ആണ് കാവിൽ മൂന്ന് വർഷത്തിൽ ഒരിക്കൽ നടക്കുന്ന വലിയ തീചാമുണ്ഡി. വലിയ തീ ചാമുണ്ഡി കെട്ടി അരങ്ങേറ്റം കുറിക്കുന്നത് ഒരു ഭാഗ്യമാണെന്ന് മറ്റു മലയൻന്മാർ അടക്കം പറഞ്ഞു. പക്ഷേ ദാമു മനസ്സില്ലാമനസ്സോടെയാണ് സമ്മതം മൂളിയത്. അങ്ങിനെ രണ്ടു കൊല്ലത്തിനു ശേഷം അതിരാണി കാവുന്നർന്നു.

വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾ. പ്രത്യേകം തയാറാക്കിയ തെയ്യപുരയിൽ ദാമു നോമ്പുനോറ്റു മനസ്സിനെ പാകപ്പെടുത്തികൊണ്ടിരിന്നു. ചാമുണ്ഡിക്കു മേലേരിയിൽ മനസ്സിടറരുത്. നോമ്പ് പിഴക്കരുത് അതാണ് പ്രധാനം. ദിവസങ്ങൾ കഴിയും തോറും അവന്റെ മനസ്സ് അവനറിയാതെ കോമരമായി മാറിക്കൊണ്ടിരുന്നു. എന്നും രാത്രിയിൽ എല്ലാവരും ഉറങ്ങി കഴിയുമ്പോൾ ദാമു തോറ്റൻപാട്ടോ അനുഗ്രഹാവാക്യങ്ങളോ ഉരവിട്ടുകൊണ്ടു മുറ്റത്തു കൂടി നടന്നു. അവനറിയാതെ അവന്റെ ചലനങ്ങളെ ഏതോ അദൃശ്യശക്തി നിയന്ത്രിക്കുന്നതായി അവനു തോന്നി.

ദൂരെ ദേശത്തു നിന്നും മലയന്മാർ അതിരാനിക്കാവിലെത്തി. കാവിനു ഉറക്കമില്ലാത്ത രാത്രികളായി. കുംഭം പത്തിനു വലിയ തീ ചാമുണ്ഡിയാണ് അതിനു മുന്നോടിയായി ചെറുതെയ്യങ്ങളൊക്കെ വീടുകേറി തുടങ്ങി.

ഇന്നാണ് മകന്റെ തീ ചാമുണ്ഡി. ഭാർഗവിയമ്മ കുലദൈവത്തെ തൊഴുതു വണങ്ങി മകനെ കാത്തോളണേ എന്നു പറഞ്ഞു കാവിൽ നിന്നും പോന്നു. തെയ്യപുരയിൽ ഇടംതല മുന്നിൽ വച്ചു തോറ്റം പാട്ടുരവിടുന്ന മകനെ കണ്ടു നെടുവീർപ്പിട്ടു അവൻ ഈ ദേശത്തിന്റെ രക്ഷകൻ എന്ന് സ്വയം പറഞ്ഞു.

സന്ധ്യയായപ്പോഴേക്കും അതിരാണി പുഴയിൽ മുങ്ങി കുളിച്ച് അച്ഛന്റെ അസ്ഥിതറയിൽ തൊഴുതു അമ്മയെ വണങ്ങി ദാമു തെയ്യപുരയിൽ മുഖത്തെഴുത്തിനു കിടന്നു. പലതരം ചായക്കൂട്ടുകൾ കൊണ്ട് അവന്റെ മനസ്സിലെ രൗദ്ര ഭാവത്തെ മുഖത്തേക്ക് ചമയക്കാരൻ ഭംഗിയായി പകർത്തി എഴുതി. തെക്കേപാടത്തു ചെമ്പകത്തിന്റെയും പുളിയുടെയും തടികഷ്ണങ്ങൾ മലയോളം പൊക്കത്തിൽ തീയെരിഞ്ഞു രത്നക്കട്ട  പോലെ തിളങ്ങി നിന്നും അതിന്റെ ചൂട് നാലുപാടും പരന്നു.

അച്ഛന്റെ ചമയപെട്ടി തുറന്ന് ചെമ്പട്ടും ചിലമ്പും എടുത്തപ്പോൾ ദാമുവിന്റെ മനസ്സിടറി. അവനിൽ എന്തൊന്നില്ലാത്തൊരാവേശമുണർന്നു. ചെമ്പട്ടു ചുറ്റി കുരുത്തോല കൊണ്ടുള്ള ഉടയടയുടുത്തു സർപ്പമുടിയും വട്ടാടയും ധരിച്ച് ഒറ്റക്കാലിൽ ഓട്ടു ചിലമ്പണിഞ്ഞ് ചാമുണ്ഡി ഒരുങ്ങി.

ചൂട്ടുകറ്റകൾ വീശിയാളിക്കത്തിച്ച് ചാമുണ്ഡിക്ക് വഴിക്കാണിക്കാൻ ആർപ്പുവിളികളുമായി രണ്ടുപേർ മുൻപേ നടന്നു. പിന്നിൽ ഒറ്റക്കൽ ചിലമ്പനക്കി അതിരാനിക്കാവിനെ ഇളക്കിമറിച്ചു ഒറ്റച്ചെണ്ടയുടെ താളത്തിനൊത്തു ചുവടുവച്ചു തോറ്റംപാട്ടുരുവിട്ടുകൊണ്ട് ഉറഞ്ഞു തുള്ളി.

അനുഗ്രഹ വാക്യങ്ങൾ ഉരവിട്ടുകൊണ്ടു ചാമുണ്ഡി കൂടുതൽ ശക്തിയായി ഉറഞ്ഞു തുള്ളി തെക്കേപ്പാടത്തെ കനൽകുന്നിലേക്കു ചാടി. 

ജ്വലിച്ചു കൊണ്ടിരുന്ന കനൽ ആളിക്കത്തി. മേലേരി കടന്ന് തീച്ചാമുണ്ഡി പുറത്തുവന്നില്ല കാവിലെ ചെണ്ടകൾ നിശ്ചലമായി കനൽക്കൂമ്പാരത്തിൽ നിന്നും മനുഷ്യ മാംസം കത്തുന്ന ഗന്ധമുയർന്നു ഒരു ചുടുകാട് പോലെ...

പിറ്റേന്ന് രാവിലെ സർക്കാർ ജോലിയുടെ നിയമന ഉത്തരവുമായി പോസ്റ്റുമാൻ ദാമുവിന്റെ വീട്ടിലെത്തി. ഇതൊന്നുമറിയാതെ സ്വബോധം നഷ്ടപ്പെട്ട് ഭാർഗ്ഗവിയമ്മ അതിരാനിക്കാവിൽ എരിഞ്ഞമർന്ന കനൽ കുമ്പാരത്തിനുമുന്നിൽ നിശബ്‌ദമായിരുന്നു...

 Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.