Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയട

Happy-couple-travel Representative Image

അവളുടെ കുറേ കാലമായുള്ള ആഗ്രഹമായിരുന്നു ആ കുന്നിൻ ചെരുവിലുള്ള ശിവക്ഷേത്രത്തിൽ പോകണമെന്നത്, പ്രത്യേകിച്ചും ഈ അവസരത്തിൽ ആഗ്രഹ നിവർത്തിയല്ലാതെ വേറൊരു വഴിയും ഇല്ല. കുറേ കാലങ്ങൾക്കു ശേഷം പുലർച്ചെ എഴുന്നേറ്റു, കുളി കഴിഞ്ഞപ്പോഴേക്കും ഒരു കട്ടൻ ചായയുമായി അവൾ റെഡിയായി കഴിഞ്ഞിരുന്നു, പതിവുപോലെ തന്നെ വാരിച്ചുറ്റിയ കോട്ടൻ സാരി, മെഴുക്കുപുരണ്ട മുഖവും കൈകളും. ഇളം ചൂടുള്ള കട്ടൻ ഒറ്റയടിക്ക് അകത്താക്കി മുറ്റത്തേക്കിറങ്ങി, 

നിലാവ് അവിടെ തന്നെയുണ്ട്. സമയം അഞ്ചു കഴിഞ്ഞു കാണും അവളാണ് വീട് പൂട്ടിയത്, താക്കോൽ ചെടി ചട്ടിയിൽ ഒളിപ്പിക്കുമ്പോൾ കൈക്ക് കോറിയ റോസാതണ്ടിനെ എന്തോ പറഞ്ഞ്, ഒരു തുളസി കതിരും ഇറുത്ത് അവൾ വേഗം വന്നു. 

അഞ്ചാമത്തെ കിക്കറടിയിൽ ബൈക്ക് സ്റ്റാർട്ടായി, മൂന്നാമത്തെ ഗിയറു വീണപ്പോഴേക്കും അവളുടെ കൈകൾ അരയ്ക്ക് ചുറ്റികഴിഞ്ഞിരുന്നു, പല്ലുകൾ കൂട്ടി ഇടിക്കുന്ന ശബ്ദം ചെവിയിലും. നല്ല തണുപ്പുണ്ടായിരുന്നു, ഒന്നര മണിക്കൂർ ഡ്രൈവ്. ഞാനും തണുത്ത് വിറയ്ക്കാൻ തുടങ്ങിരുന്നു സ്വറ്റർ എടുക്കാഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി എന്ന് പെട്ടന്നു തന്നെ മനസ്സിലായി.

അമ്പലത്തിനു മുന്നിൽ തന്നെ നല്ല തിരക്ക്. ബൈക്ക് പാർക്ക് ചെയ്യാൻ തന്നെ എടുത്തു കുറേ നേരം, കുരങ്ങൻമാരുടെ ശല്യമുള്ള സ്ഥലമായതുകൊണ്ട് സീറ്റിന്റെ കാര്യം കഷ്ടം തന്നെയാവും, കിഴക്കുണർന്നു തുടങ്ങി, ഇളം വെയ്​ലിൽ ഇന്നലെ പെയ്ത മഞ്ഞ്‌ ഉരുകി ഇറ്റു വീണു കൊണ്ടിരുന്നു, പടികൾ നടന്നു കയറി തുടങ്ങിയപ്പോഴേക്കും അവളു ക്ഷീണിച്ചു തുടങ്ങി, ഇളം തണുപ്പിലും നെറ്റിയിൽ വിയർപ്പിന്റെ തുള്ളികൾ പൊടിഞ്ഞത് ഞാൻ കാണാതിരിക്കാനവൾ സാരിതലപ്പു കൊണ്ട് തുടച്ചു, എന്നിട്ട് മുഖത്ത് ഒരു പതിഞ്ഞ പുഞ്ചിരിയും വരുത്തി. 

ക്ഷേത്രത്തിൽ നല്ല വരി തന്നെയായിരുന്നു, ശിവരാത്രിയുടെ തിരക്ക്. ക്യൂ വളരെ പതിയെ ചലിച്ചു കൊണ്ടിരുന്നു. ചുറ്റിലും ഭക്തരുടെ ശരണം വിളിയും പരിഭവം പറച്ചിലും, അവളുടെ ചുണ്ടുകളും എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്, സമയം ഒൻപത് കഴിഞ്ഞു. ക്യൂവിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല, പക്ഷേ വിശപ്പിന്റെ ഓരിയിടലുകൾ മാത്രം അങ്ങിങ്ങുണരാൻ തുടങ്ങി, അവളുടെ മുഖത്തും ചെറിയൊരു വിളർച്ച, അവസാനം ദർശനം കിട്ടിയപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു, അപ്പോഴേക്കും ഒഴിഞ്ഞ വയറ് നല്ലവണ്ണം ശരണം വിളിച്ചു തുടങ്ങിയിരുന്നു, നെറ്റിയിൽ ഒരു ഭസ്മക്കുറി തൊട്ടു തന്ന് അവളും വിശപ്പിന്റെ കാര്യം ബോധിപ്പിച്ചു, 

അമ്പലത്തിന്റെ ചുററിലും ഒരൊറ്റ കടപോലും ഇല്ല, അവസാനം കണ്ടത് പ്രസാദം കൊടുക്കുന്ന കൗണ്ടറാണ്, അവിടെയാണേൽ അമ്പലത്തിലേക്കാൾ വലിയ വരിയും, പക്ഷേ മൂന്നാമനെ പറ്റി അലോചിച്ചപ്പോൾ, അവളെ അടുത്തുള്ള അൽമരത്തിന്റെ ചുവട്ടിൽ ഇരുത്തി വരിയിൽ പോയി നിന്നു കുറേ നേരത്തെ മൽപിടുത്തത്തിനു ശേഷം രണ്ടു കഷ്ണം ഒറ്റയടയുമായ് ഒരു കണക്കിനു വെളിയിൽ എത്തി, വെയിലിനു ചൂടേറിയിരുന്നു, അവൾ ആലിന്റെ ചുവട്ടിൽ ആരോടോ സംസാരിച്ചിരിക്കുകയാണ്, അടുത്തു വന്നപ്പോളാണ് കണ്ടത് നരന്തുപോലെത്തെ ഒരു പെൺകൊച്ചും ബീഡി കുററി പോലത്തെ രണ്ടു ചെറിയ ചെക്കൻമാരും പെൺകുട്ടിക്ക് കഷ്ടി നാലു വയസ് കാണും പിള്ളേർക്ക് യഥാക്രമം രണ്ടും മൂന്നും.

ഞാൻ അടുത്തു ചെന്നതും മൂവരും ഒന്ന് പരുങ്ങി, പക്ഷേ അവള് എന്തോ പറഞ്ഞ് പിന്നെയും അവരെ പിടിച്ചിരുത്തി, ഞാൻ കൈയിലുണ്ടായിരുന്ന രണ്ടടയിൽ ഒന്ന് അവൾക്കു കൊടുത്തു ഞാൻ മനസ്സിൽ വിചാരിച്ചതു പോലെ അവളത് പിള്ളേർക്കും കൊടുത്തു, മൂത്ത കുട്ടി അത് ഭംഗിയായ് പകുത്ത് തന്റെ അനുജൻമാർക്ക് കൊടുത്തു ചെറിയൊരു കഷ്ണം ജേഷ്ഠത്തിയും കഴിച്ചു, 

ചെറിയ പിള്ളേരുടെ കണ്ണ് എന്റെ കൈയിൽ ബാക്കിയുള്ള അടയുടെ മേലെയായി, ഞാനാകെ ധർമ്മ സങ്കടത്തിലും, ഞാൻ അവളെ നോക്കി പതിവു പോലെ ഒരു നേർത്ത ചരിയുമായ് അവൾ കൈ എന്റെ കൈ മേലെ വെച്ചു, രാവിലെ റോസാചെടി കൊണ്ട മുറിവിൽ ചോര ഉണങ്ങി കിടപ്പുണ്ട്, രണ്ടാമത്തെ അടയും അവൾ ജേഷ്ഠത്തി കുട്ടിക്ക് കൊടുത്തു, ഇത്തവണയും അവളത് ഭംഗിയായ് പകുത്തു. പക്ഷേ, ഇത്തവണ അഞ്ചു കഷ്ണങ്ങളാക്കി എന്നു മാത്രം, ഒന്നെനിക്കും ഒന്നവൾക്കും ബാക്കി മൂവർക്കും, ആ കുഞ്ഞി കൈകളിൽ നിന്നാ പ്രസാദം വാങ്ങുമ്പോൾ മനസ്സും വയറും ഒരുപോലെ നിറഞ്ഞിരുന്നു, ഇതുവരെ നിറഞ്ഞു കണ്ടിട്ടില്ലാത്ത അവളുടെ കണ്ണിൽ ഒരിറ്റു കണ്ണീരും..