Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂടുപടങ്ങൾ

divorce Representative Image

ഇന്ന് കടല്‍ത്തീരത്ത്‌ ആളുകള്‍ നന്നേ കുറവാണ്. തുലാമഴ ഏതുനിമിഷവും ഇടിയും മിന്നലുമായി എത്തും എന്നതിനാലാവാം. സ്ഥിരം വന്നിരിക്കാറുള്ള മണ്‍തിട്ടയില്‍ അവള്‍ പോയിരുന്നു. എന്തിനാണാവോ ഇന്ന് പ്രഭ കാണണമെന്നു പറഞ്ഞത്. എന്തെങ്കിലും അത്യാവശ്യം കാണും. അല്ലെങ്കില്‍ ഇത്ര നിര്‍ബന്ധം പിടിച്ചു കാണണമെന്ന് പറയില്ല. ഇനി എന്തെങ്കിലും സുഖമില്ലായ്മ ഉണ്ടോ അതോ പണത്തിനു വല്ല അത്യാവശ്യവുമുണ്ടോ? അറിയില്ല. അവള്‍ കാറ്റത്ത്‌ അലസമായി പറന്ന മുടി ഒതുക്കി വച്ചു.                                                        

അസ്തമയമാവാന്‍ ഇനിയും സമയമുണ്ട്. മോള്‍ ഒറ്റയ്ക്കിരുന്നു തിരമാലകളെ എണ്ണികളിക്കുന്നുണ്ട്. വളരെ നിര്‍ബന്ധിച്ചിട്ടാണ് കൂട്ടിക്കൊണ്ടു വന്നത് അവളെ. നാളെ സ്കൂളില്‍ പോകണം, ഹോം വര്‍ക്ക്‌ ഉണ്ട്. അമ്മയ്ക്കെന്താ ഒറ്റയ്ക്കു പോയാല്‍, എന്നൊക്കെ അവള്‍ പറഞ്ഞു. എങ്കിലും അവളെ കൂട്ടാതെ രോഷ്നി എങ്ങും പോകാറില്ല.                                                                                            

സായംസന്ധ്യയില്‍ കൂടണയാനുള്ള തിരക്കിലാണ് ചുവന്ന വാനിലെ പക്ഷിക്കൂട്ടങ്ങള്‍. നാളെയുടെ നീലിമയാര്‍ന്ന പ്രഭാതത്തിലേക്ക്‌ കണ്ണു തുറക്കുവാന്‍ വേണ്ടി. വെറുതെ അസ്തമയ സൂര്യനെ നോക്കി ഇരിക്കുവാന്‍ ഒരു രസമാണ്. ഒരു നിമിഷം തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ്, ജോലിയുടെ പിരിമുറുക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ്, രാജീവിന്റെയും മോളുടെയും കൊച്ചു കൊച്ചു പരിഭവങ്ങളില്‍ നിന്നൊഴിഞ്ഞ്, തന്റേതു മാത്രമായ, സ്വതന്ത്രമായ നിമിഷങ്ങള്‍...              

'നീ ഇരുന്നു ബോറടിച്ചോ?' ശബ്ദം കേട്ടവള്‍ തിരിഞ്ഞു നോക്കി. ചുവന്ന ജോര്‍ജെറ്റു സാരിയുടുത്ത്, സ്റ്റെപ്കട്ട്‌ ചെയ്ത് അഴിച്ചിട്ട മുടിയുമായി എന്നത്തേതിലും സുന്ദരിയായി അവൾ എത്തി.                                                       

'ഏയ് ഇല്ല. എന്തെ കാണണമെന്നു പറഞ്ഞത്?'                                     

'ഞാന്‍, ഞാന്‍ നാളെ തിരിച്ചു പോകുകയാണ്.' 

രോഷ്നി ഒരു നിമിഷം ഞെട്ടിത്തരിച്ചു. എന്താ പെട്ടെന്ന് ഇങ്ങനെ ഒരു തോന്നല്‍? നീയല്ലേ പറഞ്ഞത് ഇനി ഒരു തിരിച്ചു പോക്കുണ്ടാവില്ല എന്ന്. അവള്‍ ചോദിച്ചു.                                                                                                       

'ഇല്ല, രോഷ്, ഞാന്‍ തിരിച്ചു പോകുകയാണ്. ഈ സിംഗിള്‍ പേരന്റിങ് എനിക്കു മടുത്തു. മോളും മോനും, അവര്‍ക്ക് അച്ഛനെ വേണം. മക്കളുടെ പരിഭവങ്ങള്‍ എന്നെ തീര്‍ത്തും അസ്വസ്ഥയാക്കുന്നു രോഷ്. അവരുടെ ഓരോ ചെറു കാര്യങ്ങള്‍ക്കും അച്ഛന്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്. ഒരു ചെറിയ പനി വരുമ്പോള്‍ പിറന്നാള്‍ വരുമ്പോള്‍ സ്കൂള്‍ മീറ്റിങ്ങുകള്‍ക്ക്, ഒക്കെ അവര്‍ അച്ഛന്റെ സാമീപ്യം കൊതിക്കുന്നു.'                                                                                               

'ഞാന്‍ എന്‍റെ കാര്യം മാത്രമേ ചിന്തിച്ചൊള്ളു, മഹിയെ വിട്ടു വരുമ്പോള്‍... എന്‍റെ സ്വതന്ത്ര്യങ്ങളിലേക്കുള്ള കടന്നു കയറ്റം  അസഹ്യമായപ്പോള്‍ എനിക്ക് പോരേണ്ടിവന്നു. ഇപ്പോൾ ഞാന്‍ തിരിച്ചു പോവാന്‍ ആഗ്രഹിക്കുന്നു'                                                

സ്ത്രീ എപ്പോഴും അങ്ങനെ ആണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുകയും അതോടൊപ്പം സംരക്ഷണവും തണലും ആവശ്യപ്പെടുകയും ചെയ്യുന്നവള്‍. പക്ഷേ പുരുഷനോ, അയാള്‍ക്ക്‌ സ്ത്രീ ഒരു സഹയാത്രിക മാത്രമല്ല, തന്നെ അനുസരിക്കുന്ന തന്റെ യജമാനത്തിയാണ്. അവളില്‍ അയാള്‍ എല്ലാം ആഗ്രഹിക്കുന്നു, സ്നേഹം, കാരുണ്യം സര്‍വോപരി തന്റെ കാമനകളുടെ പൂര്‍ത്തീകരണത്തിന്റെ മൂര്‍ത്തീഭാവമാണ് അവള്‍.                                             

'മടുത്തു രോഷ്, ഇനി അങ്ങോട്ട്‌ ഒരുമിച്ചു പോട്ടെ...'                                       

'നീ ശരിക്കും ആലോച്ചുതന്നെയാണോ പ്രഭേ? മഹിയെ വിളിച്ചു സംസാരിച്ചോ?'

'വിളിച്ചു. സംസാരിച്ചു. മഹിയും എന്നെയും മക്കളെയും പ്രതീക്ഷിച്ചിരിക്കുകയാണ്.'                                                                  

'ശരി. എങ്കില്‍ ഞാനും വരാം നിന്റെ കൂടെ. നിന്നെ കൊണ്ടുവിടാം രാവിലെ.'                                                                          

അപ്പോഴേക്കും സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. രണ്ടുപേരും കുറെ നേരം കൂടി അവിടെ മണല്‍പ്പരപ്പില്‍ ഇരുന്നു, തിരമാലകളുടെ വേലിയേറ്റം അവരുടെ ഹൃദയതാളവുമായ് സമരസപ്പെട്ടു പോകുന്ന പോലെ.                                                                                  

സ്നേഹം, പ്രഭ നിനക്കറിയില്ല മനുഷ്യബന്ധങ്ങളുടെ കെട്ടുറപ്പ് സ്നേഹ ബന്ധങ്ങളുടെ ആഴമനുസരിച്ചിരിക്കും. ഏറ്റവും ഉദാത്തവും സത്യസന്ധവുമായ സ്നേഹം മാതൃശിശു സ്നേഹമാണ്. ബാക്കി എല്ലാം വെറും പൊള്ളയായ നീര്‍ക്കുമിളകള്‍ മാത്രമാണ്. അവയെല്ലാം കൊടുക്കൽ വാങ്ങലില്‍ അധിഷ്ടിതമാണ്. മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ അവളോട്‌ പറയണമെന്നുണ്ടായിരുന്നു രോഷ്നിക്ക്, പക്ഷേ മൗനത്തിന്റെ മൂടുപടമണിയാനായിരുന്നു അവള്‍ ശ്രമിച്ചത്‌.