സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് സിബിഐയോട് പറയും: വെളിപ്പെടുത്തലുകൾ നടത്താനൊരുങ്ങി വിനയൻ

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴിയെടുക്കാൻ ഒരുങ്ങി സിബിഐ. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിലെ വിവാദ രംഗങ്ങൾ കണക്കിലെടുത്താണ് അന്വേഷണസംഘം വിളിപ്പിച്ചത്. ഇത് പ്രതീക്ഷച്ചതാണെന്നും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്നും വിനയൻ മനോരമ ഓൺലൈനിനോട് വ്യക്തമാക്കി. 

'മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വിളിച്ചിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിൽ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണസംഘത്തെ അറിയിക്കും,' വിനയൻ പറഞ്ഞു.   

"ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ കലാഭവൻ മണിയുടെ ജീവചരിത്രമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണിത്," വിനയൻ വ്യക്തമാക്കി. 

"മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്. പക്ഷേ, ആ രംഗം തിയറ്ററുകളിൽ വലിയ പ്രഭാവം സൃഷ്ടിക്കുന്നു. സിനിമ കണ്ടവർ ഇതു സംബന്ധിച്ച് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാകാം. സത്യസന്ധമായ ഒരു കഥ പറച്ചിലാണ് സിനിമയിലുള്ളത്. ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്," വിനയൻ വിവാദരംഗത്തെക്കുറിച്ച് മനസ് തുറന്നു. 

സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ബുധനാഴ്ചയാകും അന്വേഷണസംഘത്തിനു മുന്നിൽ വിനയൻ ഹാജരാകുക. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ രാജമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയായി വേഷമിട്ടിരിക്കുന്നത്. മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിയറിൽ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമർശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചർച്ചയായിരുന്നു.