ആരാണ്, എന്താണ് മൂത്തോൻ; ഗീതു മോഹൻദാസ് പറയുന്നു

കാത്തിരിപ്പിന് വിരാമമിട്ട് ഗീതുമോഹൻദാസ് മലയാളത്തിലേക്ക് എത്തുന്നു. ലയേഴ്സ് ഡയസിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു. മൂത്തോൻ എന്നാണ് സിനിമയുടെ പേര്. നിവിൻപോളി നായകനാകുന്ന സിനിമയുടെ ആദ്യ പോസ്റ്ററിന് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ സുഡാൻസ് സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015ൽ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് മൂത്തോൻ. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകൾക്കായി സംഘടിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തവരിൽ നിന്നും ഏഴു തിരക്കഥാകൃത്തുകളെയാണ് ഏറ്റവും മികച്ച പട്ടികയിൽ തിരഞ്ഞെടുത്തത്. മൂത്തോൻ സിനിമയെക്കുറിച്ച് സംവിധായിക ഗീതുമോഹൻദാസ് സംസാരിക്കുന്നു.

സംവിധായികയായി മലയാളത്തിലേക്ക് എത്തുന്ന അവസരത്തിൽ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

മലയാളത്തിൽ സിനിമ ചെയ്യുന്നതിന്റെ സന്തോഷമുണ്ട്. എന്നാൽ ഇതൊരു വ്യത്യസ്തമായ സിനിമയോ കഥയോ ആയിരിക്കുമെന്ന അവകാശവാദങ്ങളൊന്നുമില്ല. എനിക്ക് അറിയാവുന്ന രീതിയിൽ കഥ പറയുന്നു. പ്രേക്ഷകർക്ക് അത് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ തന്നെ തരംഗമായിരിക്കുകയാണ്. എങ്ങനെയാണ് നിവിൻപോളിയിലേക്ക് എത്തുന്നത്?

കഥ എഴുതുമ്പോൾ തന്നെ നിവിൻപോളിയെയാണ് മനസ്സിൽ കണ്ടത്. ആ കഥാപാത്രത്തിന് യോജിച്ച ആൾ എന്ന രീതിയിലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിൻ. എനിക്കും ക്ലീഷേ കാസ്റ്റിങ്ങ് ആകരുതെ വിചാരമുണ്ടായിരുന്നു. കഥ നിവിനും ഇഷ്ടമായി. ഫസ്റ്റ്ലുക്ക് പോസ്റ്റിനോട് പ്രേക്ഷകർ പോസിറ്റീവായി പ്രതികരിക്കുന്നതിലും സന്തോഷമുണ്ട്.

കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഇൻഷാഅള്ളാഹ് തന്നെയാണോ മൂത്തോൻ?

അതെ, ലക്ഷദ്വീപില്‍ ജനിച്ചുവളര്‍ന്ന 14 വയസ്സുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെ തേടിയിറങ്ങുന്ന യാത്രയാണ് മൂത്തോൻ. ടൈറ്റിൽ മാറ്റാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എഴുതി വന്നപ്പോൾ മൂത്തോനാണ് കുറച്ചുകൂടി യോജിച്ച പേരെന്ന് തോന്നി. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങും. 2018ല്‍ റിലീസ് ചെയ്യുന്ന ചിത്രമാണ്.

ആരാണ് മൂത്തോൻ? മൂത്തോനോടൊപ്പം വെള്ളിത്തിരയിൽ എത്തുന്നത് ആരെല്ലാമാണ്?

മൂത്തചേട്ടനെ ലക്ഷദ്വീപിൽ മൂത്തോൻ എന്നാണ് വിളിക്കുന്നത്. മൂത്തവൻ എന്നാണ് അർഥം. മൂത്തോന്‍ മലയാള ചിത്രമായിട്ടാണ് ചിത്രീകരിക്കുക. ലൊക്കേഷനിൽ ബോംബെയും ഉൾപ്പെട്ടിരിക്കുന്നതിനാൽ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. സിനിമയുടെ കൂടുതൽ കാസ്റ്റിങ്ങ് പുരോഗമിക്കുകയാണ്.