തെറിയിലെ ഊർജം ജോർജ് സി വില്യംസ്

ജോർജ് സി വില്യംസ് വിജയ്‌യ്ക്കൊപ്പം

രാജാറാണി കണ്ടിറങ്ങിയ സാക്ഷാൽ എ ആർ മുരുകദോസ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ ജോർജിനെ അടിമുടി ഒന്ന് നോക്കി...ജോർജിന് ടെൻഷൻ. കാരണം പടത്തിന്റെ നിർമാതാവും പുള്ളിയാണല്ലോ! മുരുകദോസ് ചോദിച്ചു. എന്റെ അടുത്ത പടത്തിന്റെ ക്യാമറ ചെയ്യില്ലേ?

അങ്ങനെ ജോർജ് കത്തിയുടെ കാമറ ചലിപ്പിച്ചു. ദാ ഇപ്പൊ ഇളയദളപതി നായകനായ തെറിയുടെ കാഴ്ച ഒരുക്കിയിരിക്കുന്നതും പാതിമലയാളിയായ ജോർജ് തന്നെ. തിരുവനന്തപുരം സ്വദേശിയാണ് അച്ഛനെങ്കിലും ജോർജ് പക്കാ ചെന്നൈ ബോയ് തന്നെ. വിജയ്‌ക്കൊപ്പവും അറ്റ്ലീക്കൊപ്പവുമുള്ള അനുഭവങ്ങളുമായി ജോർജ് മനോരമ ഒൺലൈനിൽ

കത്തിയിൽ നിന്ന് തെറിയിലെത്തുമ്പോൾ

തെറിയിൽ അങ്ങനെ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പിന്നെ ഓരോ പുതിയ ചിത്രവും വ്യത്യസ്തമാണ്. അത് കാമറയിലൂടെ അവതരിപ്പിക്കപ്പെടുന്നതും അതിന്റേതായ രീതിയിലാണ്. ചുരുക്കിപ്പറഞ്ഞാൽ തിരക്കഥ അനുസരിച്ചിരിക്കും കാമറാമാന്റെ സഞ്ചാരവും.

കളർ, ലുക്ക്, ഫീൽ എന്നിവയെല്ലാം സെറ്റ് ചെയ്യുന്നത് തിരക്കഥയുടെ സ്വഭാവത്തിനനുസരിച്ചാണ്. തിരക്കഥയിൽ ആക്ഷനുണ്ടാകും റൊമാൻസുണ്ടാകും തമാശയുണ്ടാകും. അതിനെ ഓരോന്നിനെയും കാമറമാൻ‌ സമീപിക്കേണ്ടത് വ്യത്യസ്തമായ രീതിയിലാണ്. അതറിഞ്ഞു ചെയ്താൽ മാത്രമേ ഛായാഗ്രഹണം എന്ന ഭാഗം ശരിയാകൂ. പിന്നെ എല്ലാത്തിനുമപ്പുറം ദൈവത്തിന്റെ സഹായമാണ് ഏറ്റവും വലുത്. അദ്ദേഹത്തിനു മുന്നിൽ ഞാനൊന്നുമല്ല.

രാജാ റാണിക്ക് ശേഷം അറ്റ്ലിയുമായി ഒന്നിച്ചപ്പോള്‍

വർഷങ്ങളായി ഞാനും അറ്റ്ലിയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട്. ഞങ്ങളുടെ ജോലിക്കിടയിലും ആ ഒരു അടുപ്പമുണ്ട്. എന്റെ ജോലിയിൽ പൂർണ സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചു തന്നിരുന്നു. അത് കാമറ സംബന്ധിച്ച കാര്യങ്ങളിൽ മാത്രമല്ല, ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിനായാലും കളർ, സെറ്റ്, കോസ്റ്റ്യൂസ് എന്നിവയിലും എന്റെ തീരുമാനങ്ങൾക്ക് വിട്ടുതന്നിരുന്നു.

ജീവതത്തിലെ ബുദ്ധിമുട്ട നിമിഷങ്ങൾ ഞങ്ങൾ ഒരുമിച്ച് പങ്കുവച്ചിട്ടുണ്ട്. അന്നും ഞങ്ങൾക്കിടയിലെ ആശയവിനിമയമുണ്ടായിരുന്നു. പരസ്പരം മനസിലാക്കിയുള്ള പ്രവർത്തനം ജോലി കൂടുതൽ എളുപ്പമുമാക്കി.

ഇളയദളപതിയുമായി വീണ്ടും

ബ്രില്യന്റ് ആക്ടർ എന്നു വിശേഷിപ്പിക്കാം വിജയ് സാറിനെ. അദ്ദേഹത്തിന്റെ എനർജിയും ഡാൻസിലുള്ള കഴിവും ഞാൻ വിസ്മയത്തോടെയാണ് കാണുന്നത്. ഓരോ സീനും പൂർത്തിയാക്കുവാൻ ഒരുപാട് ടേക്കുകളൊന്നും അദ്ദേഹത്തിന് വേണ്ടിവരാറില്ല. വളരെ ഫാസ്റ്റ് ആണ് അക്കാര്യത്തിൽ. അദ്ദേഹത്തിനെന്താണ് ഫീൽ ചെയ്യുകയെന്ന് മനസിലാക്കുവാനെനിക്കാകും. വളരെ സിമ്പിൾ ആയ മനുഷ്യൻ ആണ്. സൂപ്പർ കൂൾ എന്നു പറയാം. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ നമ്മളും അങ്ങനെയാകും.

ചിത്രത്തിലെ റിസ്ക് ഫാക്ടർ; പുതിയ ടെക്നോളജികൾ

റിസ്ക് എന്ന ഫാക്ടർ ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ഒരുപാട് മുൻകരുതലുകളോടെയാണ് ഓരോ സ്റ്റണ്ട് സീനും ചിത്രീകരിക്കുക. വ്യക്തമായ പ്ലാൻ തയ്യാറാക്കിയതിനു ശേഷമാണ് അതിലേക്ക് പോകുന്നത്. അത്രയേറെ റിയലിസ്റ്റിക് ആയിട്ടാണ് തെറിയിലെ സ‌്റ്റണ്ട് സീനുകളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. അതിനായി ഒരുപാട് അധ്വാനവും വേണ്ടി വന്നു. ദിലീപ് സുബ്ബുരായാനും ബൾഗേറിയയില്‍ നിന്നുള്ള കലോയനുമായിരുന്നു സ്റ്റണ്ട് മാസ്റ്റേഴ്സ്. അവരുടെ ഭാഗത്ത് നിന്ന് വലിയൊരു പ്രയയത്നമുണ്ടായിരുന്നു.

അതുകൊണ്ടു കൂടിയാണ് അതിത്രയും യാഥാർഥ്യമുള്ളതായത്. പാലത്തിൽ നിന്നുള്ള അപകടരംഗം ചിത്രീകരിച്ചത് അതികഠിനമായ ജോലിയായിരുന്നു. അഞ്ച് കാമറ, ഹെലികാം, അണ്ടർ വാട്ടർ കാമറ എന്നിവയാണ് ആ ഷോട്ടുകൾ ചിത്രീകരിക്കുവാൻ ഉപയോഗിച്ചത്. പുതിയ ടെക്നോളജികള്‍ ഒന്നും തന്നെ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. അലക്സ എക്സ് ടിയിലായിരുന്നു ചിത്രീകരിച്ചത്. Alexa mini, arri 9.5-18 mm wide zoom lens,red dragon,drone,movi 15 എന്നിവയും ഉപയോഗിച്ചു.

പിന്നീടിപ്പോഴും മനസിൽ നിന്ന് മായാതെ നിൽക്കുന്നത് ലഡാക്കിലെ ചിത്രീകരണമാണ്. മൈനസ് 10 ഡിഗ്രി അന്തരീക്ഷ താപനിലയായിരുന്നു അവിടെ. ശ്വാസമെടുക്കുവാൻ പോലും ബുദ്ധിമുട്ടേറിയ അവസ്ഥ. കഠിനശൈത്യത്തിൽ നമ്മുടെ രാജ്യം കാക്കാൻ അവിടെ ജോലി ചെയ്യുന്ന മിലിട്ടറിയുണ്ടല്ലോ അവരെ ഞാൻ സല്യൂട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ ഓരോ ഭാഗത്തിന്റെയും കളർ ലുക്ക് സ്റ്റൈൽ എന്നിവ തീർത്തും വ്യത്യസ്തമാക്കുവാനുള്ള ശ്രമമായിരുന്നു ഞങ്ങളുടേത്. അങ്ങനെ തന്നെയായിരുന്നു പ്രവർത്തിച്ചതും. ചെന്നൈ ഗോവ ലഡാക്ക് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. കഥയുടെ ഒരു ഭാഗം മാത്രമാണ് കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്നത്.

മലയാളി സുഹൃത്തുക്കളും സിനിമയും

തീർച്ചയായും. ഞാൻ ഭൂരിഭാഗം മലയാളം ചിത്രങ്ങളും കാണാറുണ്ട്. മലയാളം സിനിമയിൽ പ്രവർത്തിക്കുവാൻ എനിക്കൊരുപാട് ഇഷ്ടമാണ്. മലയാളം ഇൻഡസ്ട്രിയിൽ ഒരുപാട് കൂട്ടുകാരുണ്ട്. പ്രേമം സിനിമ ഞാനൊരുപാട് ആസ്വദിച്ച ചിത്രമാണ്. രണ്ടു പ്രാവ‌ശ്യം തീയറ്ററിൽ പോയി കാണുകയും ചെയ്തിരുന്നു. പ്രേമം സിനിമയിലുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. നിവിൻ പോളിയും നസ്രിയയും അഭിനയിച്ച് അൽഫോൻസ് ഒരുക്കിയ യുവ് എന്ന ആൽബത്തിന്റെ ഛായാഗ്രാഹകൻ ഞാനായിരുന്നു.