ആ ഡയലോഗ് എന്റേത്: രൺജി പണിക്കർ

വെള്ളിത്തിരയിൽ വാക്കുകളുടെ വിസ്ഫോടനം നടത്തി കൈയടി നേടിയ രൺജിപണിക്കർ ഇപ്പോൾ അഭിനയത്തിലൂടെയും കൈയടിനേടുകയാണ്. പ്രേമത്തിലെ ആ ഒരൊറ്റ സീൻ മതി നൂറുകൈയടി നേടാൻ. അഭിനയമെന്ന പുതിയ റോളിനെക്കുറിച്ചും, പുതിയ സിനിമ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രത്തെക്കുറിച്ച് രൺജിപണിക്കർ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

വീനീത് ശ്രീനിവാസന്റെ സ്വർഗരാജ്യത്തിലെ ജേക്കബിനെക്കുറിച്ച്?

ജേക്കബ് ഒരു പ്രവാസി ബിസിനസുകാരനാണ്. അയാളെ സംബന്ധിച്ച് അയാളുടെ കുടുംബമാണ് ഏറ്റവും വലിയ സമ്പാദ്യം. കുടുംബം കഴിഞ്ഞിട്ടെ ജേക്കബിന് മറ്റ് എന്തും ഒള്ളൂ. ബിസിനസ് ജീവിതത്തിൽ അയാൾക്കുണ്ടാകുന്ന ചില ഉയർച്ചകളും താഴ്ച്ചകളുമാണ് സിനിമയുടെ പ്രമേയം.

എങ്ങനെയാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിലേക്കുള്ള വഴിതുറക്കുന്നത്?

രണ്ടുവർഷം മുമ്പ് വിമാനയാത്രയ്ക്കിടെയാണ് വിനീത് ഈ വിഷയം എന്നോട് സംസാരിക്കുന്നത്. ഇങ്ങനെയൊരു സബ്ജക്ട് മനസ്സിലുണ്ട്, അതിന്റെ തിരക്കഥ ഒന്നും ആയിട്ടില്ല, എന്ന് സിനിമയാക്കുമെന്നും അറിയില്ല, എന്നെങ്കിലും ഇത് സിനിമയാക്കുമ്പോൾ ജേക്കബിന്റെ റോൾ അങ്കിൾ ചെയ്യണമെന്നാണ് എന്റെ മനസ്സിലെന്ന് പറഞ്ഞു. പിന്നീട് തിരക്കഥ പൂർത്തിയായപ്പോൾ എന്നെക്കൊണ്ടുവന്ന് കാണിച്ചു. കഥ ഇഷ്ടമായി.

വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെക്കുറിച്ച്?

വിനീതിനെ എനിക്ക് ചെറുപ്പം മുതൽ അറിയാം. വ്യക്തിപരമായ അടുപ്പമുണ്ട്. അഭിനേതാവായും പാട്ടുകാരനായും സംവിധായകനായുമൊക്കെ എനിക്ക് ഒരുപാട് മതിപ്പുള്ള ചെറുപ്പക്കാരനാണ് വിനീത്.

താങ്കൾ ചെയ്ത അച്ഛൻ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും പ്രേമത്തിലെ അച്ഛൻ കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. എന്നെ കാണിച്ച തിരക്കഥയിൽ നിന്നും സ്ക്രീനിലെത്തിയ സിനിമ വളരെ വ്യത്യസ്തമായിരുന്നു. ഈ സിനിമ ഇത്രയധികം തരംഗം സൃഷ്ടിക്കുമെന്ന് വിചാരിച്ചതല്ല. ഇന്നത്തെ ചെറുപ്പക്കാർ എല്ലാവരും ആഗ്രഹിക്കുന്നത് പ്രേമത്തിലെപ്പോലെയൊരു അച്ഛനെയാണ്. ഇങ്ങനെയൊരു അച്ഛൻ എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരില്ല. അവരുടെ ആ ഒരു ആഗ്രഹമാണ് സിനിമയിലൂടെ മുന്നിലെത്തിയത് അതുകൊണ്ടാണ് ഒരു മിനുട്ട് മാത്രമുള്ള കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. ഓംശാന്തി ഓശാനയിലെ മത്തായി ഡോക്ടറുടെ കാര്യവും ഇതുപോലെ തന്നെയാണ്. പെൺകുട്ടികൾ ആഗ്രഹിക്കുന്നത് മത്തായി ഡോക്ടറെപ്പോലെയൊരു അച്ഛനെ കിട്ടാനാണ്.

യുവാക്കളുടെ ഹരമായ ആ ഡയലോഗ് യഥാർഥത്തിൽ ആരുടെ സൃഷ്ടിയാണ്?

അതിൽ അവസാനം പറയുന്ന ആ ഇംഗ്ലീഷ് ഡയലോഗ്; ''Don't you bloody try to trouble me ever again for such pety flimsy issue. Mind it'' മാത്രമാണ് എന്റെ സംഭാവന. ലൊക്കേഷനിൽവെച്ചാണ് അൽഫോൺസ് മലയാളം ഡയലോഗിനോടൊപ്പം എന്റെ സിനിമകളിലുള്ളത് പോലെയുള്ള ഒരു ഇംഗ്ലീഷ് ഡയലോഗും കൂടി ഉണ്ടെങ്കിൽ നന്നാകുമെന്ന് പറഞ്ഞത്. അങ്ങനെയാണ് ആ ഇംഗ്ലീഷ് ഡയലോഗ് കൂട്ടിചേർക്കുന്നത്. ബാക്കിയെല്ലാം അൽഫോൺസിന്റെ സൃഷ്ടിയാണ്. മറ്റ് ഡയലോഗുകളെല്ലാം നേരത്തെ തന്നെ അവർ നന്നായി തയ്യാറാക്കിവെച്ചിട്ടുണ്ടായിരുന്നു.

അനാർക്കലിയിലെ പപ്പൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനെക്കുറിച്ച്?

സച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ചെയ്തതാണ് പപ്പൻ എന്ന കഥാപാത്രം. അതുപോലൊരു നാട്ടിൻപുറത്തുകാരൻ പൊട്ടൻ കഥാപാത്രം ഞാൻ ചെയ്താൽ ശരിയാകുമെന്ന് എനിക്ക് അത്ര ആത്മവിശ്വാസമില്ലായിരുന്നു. സച്ചി തന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് അഭിനയിച്ചത്. ഏതായാലും പ്രേക്ഷകർ അതും സ്വീകരിച്ചതിൽ സന്തോഷമുണ്ട്.

എങ്ങനെയാണ് ഇത്ര നന്നായി സ്വാഭാവിക അഭിനയം വഴങ്ങുന്നത്? ആരെയെങ്കിലും റോൾ മോഡലാക്കിയിട്ടുണ്ടോ?

ഞാൻ ചെയ്യുന്നത് സ്വാഭാവിക അഭിനയമാണോ? എനിക്ക് അറിയില്ല. ആരെയും റോൾമോഡലൊന്നും ആക്കിയിട്ടില്ല. പക്ഷെ ഒരു എഴുത്തുകാരനെന്ന നിലയിൽ ഞാൻ ഒരുപാട് പേരെ നിരീക്ഷിക്കാറുണ്ട്. ആ നിരീക്ഷണം എഴുത്തിലും അഭിനയത്തിലും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അഭിനയം ഞാൻ നന്നായി ആസ്വദിച്ചാണ് ചെയ്യുന്നത് അത് കൂടുതൽ മെച്ചപ്പെടുത്താനും പരിശ്രമിക്കാറുണ്ട്. അതുകൊണ്ടൊക്കെയാകാം സ്വാഭാവിക അഭിനയമായി പ്രേക്ഷകർക്ക് തോന്നുന്നത്.

എന്നാണ് ഇനി തിരക്കഥാകൃത്തിന്റെ റോളിലേക്ക് മടങ്ങിപ്പോവുക?

ഞാൻ എന്റെ ഒഴിവ് സമയങ്ങളിൽ ഇപ്പോൾ എഴുത്തിലാണ്. അടുത്തവർഷം മിക്കവാറും ഞാൻ തിരക്കഥ എഴുതിയ സിനിമ പുറത്തുവരും.