സൽമാൻ ജയിലിലെത്തി, ഇന്ന് രാത്രി അഴിക്കുള്ളിൽ; വിഡിയോ

ജോധ്പുർ ∙ മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും. ജോധ്പൂർ വിചാരണക്കോടതിയാണു ശിക്ഷ വിധിച്ചത്. സല്‍മാന്‍ ജോധ്പുർ സെൻട്രൽ ജയിലിൽ എത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ആത്മീയ നേതാവ് അസാറം ബാപു, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്നോയ് തുടങ്ങിയവരുടെ കൂടെയാണു സൽമാൻ കഴിയേണ്ടതെന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ‌ പറഞ്ഞു. രണ്ടാം നമ്പർ ബാരക്കിലാണു സൽമാനെ പാർപ്പിക്കുക. 52കാരനായ സൽമാൻ ഇതേ ജയിലിൽ 2006ൽ അഞ്ചു ദിവസം കഴിഞ്ഞിട്ടുണ്ട്.

വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കി. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്. വിധി കേട്ട സൽമാന്റെ സഹോദരികളായ അർപിതയും അൽവിരയും പൊട്ടിക്കരഞ്ഞു.

സൽമാൻ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണു കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനാണു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചത്തു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28നു വാദം പൂർത്തിയായിരുന്നു. ആറു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിധി കേൾക്കാൻ രാവിലെത്തന്നെ സൽമാൻ ഖാൻ കോടതിയിലെത്തി. മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം കോടതിയിലെത്തി. വിധിപ്രസ്താവത്തിനു മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയത്.

മാനുകളെ വേട്ടയാടിയതിനു റജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണു ഖാനെ വെറുതെവിട്ടത്. മാനുകളെ വേട്ടയാടാൻ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്തപ്പോൾ ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.

മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങൾ സൽമാൻ ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.