സൽമാൻ കുടുങ്ങിയത് തബു കാരണമോ?

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഇന്നു വിധി പറയും. സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നു‍ം ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

മറ്റ് പ്രതികളായ തബു, സെയ്ഫ് അലിഖാന്‍, സൊനാലി, നീലം എന്നിവരെ കോടതി വെറുതെവിട്ടു. എന്നാല്‍ നടി തബുവാണ് സല്‍മാന്‍ ഖാനോട് കൃഷ്ണമൃഗത്തെ വെടിവയ്ക്കാന്‍ നിര്‍ബന്ധിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1998 ഒക്ടോബര്‍ 1നും 2നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. സെയ്ഫ് അലിഖാന്‍, നീലം, സൊനാലി ബന്ദ്രെ, താബു എന്നിവര്‍ക്കൊപ്പം ജോധ്പൂരിലെ കണ്‍കാനി ഗ്രാമത്തിലാണ് സല്‍മാന്‍ വേട്ടയ്ക്ക് പോയതെന്നാണ് ആരോപണം.

സൽമാനാണ് വെടിവെച്ചതെങ്കിലും അതിന് പ്രേരിപ്പിച്ചത് തബുവും സൊനാലി ബന്ദ്രെയാണെന്ന് ദൃക്സാക്ഷി പറയുന്നു.

ഇവര്‍ വേട്ടയാടുന്നത് കണ്ട പ്രദേശത്തെ ബിഷ്‌ണോയി സമുദായക്കാരാണ് അക്രമത്തിനെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ സല്‍മാനും മറ്റ് താരങ്ങള്‍ക്കുമെതിരെ കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വനംവന്യജീവി (സംരക്ഷണം) സെക്ഷന്‍ 51 നിയമപ്രകാരം താരങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സല്‍മാനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട് .മൂന്ന് ചിങ്കാരമാനുകളെ വെടിവെച്ചു കൊന്നതിനാണിത്. സെപ്തംബര്‍ 26നും 28നും ആയിരുന്നു സംഭവം. ഈ കേസില്‍ 2006 ഏപ്രില്‍ മാസവും 2007 ഓഗസ്റ്റ് മാസവും അദ്ദേഹം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.