ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ അക്ഷയ്‌യും സൽമാനും

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ അക്ഷയ്കുമാറും സല്‍മാന്‍ ഖാനും. ഫോർബ്സ് മാസികയാണ് വിലകൂടിയ താരങ്ങളുടെ പേര് പുറത്തുവിട്ടത്. അക്ഷയ്  ഏഴാം സ്ഥാനത്തും സൽമാൻ ഒൻപതാമതുമാണ്. ഹോളിവുഡ് താരം ജോർജ് ക്ലൂണിയാണ് ഒന്നാമത്. 239 മില്യണ്‍ ഡോളറാണ് ക്ലൂണിയുടെ വരുമാനം. 

സ്കാർല്റ്റ് ജൊഹാൻസനും അക്ഷയ് കുമാറിനൊപ്പം ഏഴാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ നടിമാര്‍ ആരും തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിലില്ല. 40.5 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ വരുമാനം. 2017-2018ന് ഇടയില്‍ 38.5 മില്യണ്‍ ഡോളറാണ് സല്‍മാന്‍ ഖാന്റെ വരുമാനം. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഷാരൂഖ് ഖാന് ഇത്തവണ പട്ടികയിൽ ഇടംപിടിക്കാനായില്ല.

124 മില്യൺ ഡോളറുമായി ഡ്വെയ്ൻ ജോൺസൺ രണ്ടാമത്, റോബർട്ട് ഡൗണി( 81 മില്യൺ), ക്രിസ് ഹെംസ്‌വർത്ത്(64 മില്യൺ) മൂന്നും നാലും സ്ഥാനത്ത്. ജാക്കി ചാൻ, വിൽ സ്മിത്ത്, ആദം സ്ലാൻഡര്‌, ക്രിസ് ഇവാൻസ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങൾ.

സാമൂഹിക പ്രാധാന്യമുള്ള ടോയ്‌ലറ്റ് ഏക് പ്രേമ കഥ, പാഡ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അക്ഷയുടെ മൂല്യം ഉയര്‍ന്നത്. കൂടാതെ പ്രമുഖ ബ്രാൻഡുകളുടെ പരസ്യവരുമാനവും നേട്ടമായി. ടൈഗര്‍ സിന്ദാ ഹൈയുടെ വിജയം സൽമാന്റെ വരുമാനം കൂട്ടാൻ സഹായിച്ചു. കൂടാതെ ഈ കാലയളവില്‍ ചെയ്ത ഒട്ടേറെ പരസ്യങ്ങളും അദേഹത്തിന്റെ വരുമാനം കൂട്ടി.