രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഇനി സിനിമ; ‘ഹോട്ടൽ മുംബൈ’ ട്രെയിലർ

രാജ്യത്തെ ഭീതിയിലാഴ്ത്തിയ മുംബൈ ഭീകരാക്രമണം ആസ്പദമാക്കി ഒരുങ്ങുന്ന ‘ഹോട്ടൽ മുംബൈ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ആസ്ട്രേലിയൻ സംവിധായകനായ ആന്റണി മരാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവ് പട്ടേൽ, അനുപം ഖേർ, ആർമി ഹാമെർ, ടിൽഡ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.

ടൊറന്റൊ രാജ്യാന്തര മേളയിൽ ചിത്രത്തിന്റെ പ്രീമിയർ നടന്നിരുന്നു. മാർച്ച് 2019ലാണ് റിലീസ്. 

26/11 മുംബൈ ഭീകരാക്രമണത്തിന് 10 വർഷം

2008 നവംബർ 26 മുതൽ 29 വരെ നടന്ന ഭീകരാക്രമണത്തിൽ 164 പേർ മരിക്കുകയും 308 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ദക്ഷിണമുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, താജ്മഹൽ ഹോട്ടൽ, ലിയോപോൾ കഫെ, കാമ ഹോസ്പിറ്റൽ, നരിമാൻ ഹൗസ്, ദ് മെട്രോ ഹൗസ്, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിനു സമീപം തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. 28 നു പുലർച്ചയോടെ താജ് ഹോട്ടൽ ഒഴികെയുള്ള കേന്ദ്രങ്ങൾ പൊലീസ് വീണ്ടെടുത്തു. എൻഎസ്ജി കമാൻഡോകളാണ് അവസാനത്തെ ഭീകരനെയും കൊലപ്പെടുത്തി താജ്‌ഹോട്ടലും മോചിപ്പിച്ചത്.

കസബിനെ ജീവനോടെ പിടിക്കാൻ സഹായിച്ച അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ തുക്കാറാം ഓംബ്ലെ, മുംബൈ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) തലവൻ ഹേമന്ദ് കർക്കറെ, എസിപി അശോക് കാംതെ, ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലസ്‌കർ, എൻഎസ്ജി കമാൻഡോ മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, എൻഎസ്ജി ഹവിൽദാർ ഗജേന്ദ്ര സിങ് തുടങ്ങിയവർ രക്തസാക്ഷികളിൽപെടുന്നു. 

ജീവനോടെ പിടിയിലായ ഏക ഭീകരൻ അജ്മൽ കസബിനെ വിചാരണയ്ക്കുശേഷം 2012 നവംബർ 21നു പുണെ യേർവാഡ ജയിലിൽ തൂക്കിക്കൊന്നു. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ പരിശീലിപ്പിച്ചയച്ച തീവ്രവാദി സംഘമാണ് അക്രമികളെന്നു കസബിനെ ചോദ്യംചെയ്തതിൽനിന്നാണു വ്യക്തമായത്.