പുൽകിതിന് രണ്ടാം വിവാഹം; വധു യാമി

യാമി ഗൗതമും പുൽകിത് സാമ്രാട്ടും

ബോളിവുഡ് താരങ്ങളായ പുൽകിത് സാമ്രാട്ടും യാമി ഗൗതമും വിവാഹിതരായേക്കുമെന്ന് റിപ്പോർട്ട്. പുൽകിതും യാമിയും കടുത്ത പ്രണയത്തിലാണെന്നും നിയമപരമായി പുൽകിത് വിവാഹമോചിതനായി കഴിഞ്ഞാൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാര്‍ത്ത.

പുൽകിതും സൽമാൻ ഖാന്റെ സഹോദരിയുമായ ശ്വേതയുമായുള്ള വിവാഹമോചനം ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. സല്‍മാന്‍ തന്നെ മുന്‍കൈയെടുത്താണ് ശ്വേതയുടെയും അഭിനേതാവായ പുല്‍കിത് സമ്രാട്ടിന്‍റെയും വിവാഹം നടത്തിയത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ തന്നെ ഇരുവരും വിവാഹമോചനം നേടി.

പുൽകിതും ബോളിവുഡ് സുന്ദരിയുമായ യാമി ഗൗതമും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. അടുത്ത കൂട്ടുകാരനാണെന്ന് ശ്വേതയോട് പറഞ്ഞ് പറ്റിച്ച് ഇരുവരും കാമുകീകാമുകന്മാരെപ്പോലെ കഴിയുകയായിരുന്നെന്നും ഈ ബന്ധം കണ്ടുപിടിച്ചതിനെതുടർന്നാണ് ശ്വേത വിവാഹമോചനത്തിന് മുൻകൈ എടുത്തതെന്നുമായിരുന്നു വാർത്തകൾ വന്നത്.

പുൽകിതും യാമിയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം സനം രേ റിലിസീനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചാരണവും മറ്റുമായി ഇവർ എപ്പോഴും ഒരുമിച്ച് തന്നെ. പുല്‍കിത് നിയമപരമായി വിവാഹമോചനം നേടിയാൽ യാമിയുമായുള്ള വിവാഹം ഉണ്ടായേക്കുമെന്നും കേൾക്കുന്നു.