എനിക്ക് ദൈവം അയച്ച മാലാഖയാണ് ഡാനിയൽ : സണ്ണി ലിയോൺ

കരംജീത് കൗർ വേറ എന്ന യഥാർഥ പേരു പറഞ്ഞാൽ ഒരാൾക്കും പിടികിട്ടില്ല. പക്ഷേ ഇപ്പോഴത്തെ പേരു കേട്ടാൽ പുരുഷന്മാരുടെ മാത്രമല്ല. സ്ത്രീകളുടെയും ഹൃദയമിടിപ്പ് പതിന്മടങ്ങു കൂടും. മറ്റാരുമല്ല സണ്ണി ലിയോണ്‍. പോയവർഷം അമിതാഭ് ബച്ചനെക്കാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാളും ഗൂഗിളിൽ ആൾക്കാർ തിരഞ്ഞത് ഈ പഞ്ചാബി സുന്ദരിയെയാണ്. കൊച്ചു കേരളത്തിൽ വരെ ആരാധകർ ഏറെ.

കാനഡയിൽ ജനിച്ചു വളർന്ന് ഇന്ത്യയിലെത്തപ്പോൾ മുതൽ വിവാദങ്ങളും കൂട്ടിനുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളെല്ലാം ഇവർ തകർത്തെറിയുമെന്നാണു ചിലർക്കു പേടി. വീട്ടമ്മമാർ മുതൽ രാഷ്ട്രീയക്കാർ വരെ ശാപവചസ്സുകളുമായി പിന്നാലെ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഉള്ള വേട്ടയാടലുകൾ.. പക്ഷേ ഇതൊന്നും കണ്ടു സണ്ണി ലിയോൺ കുലുങ്ങുന്നില്ല. സണ്ണിയുടെ മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരി. എല്ലാവരോടും സൗഹൃദം കലർന്ന ഇടപെടലുകൾ. ചലനങ്ങളിൽ പോലും ടീനേജിന്റെ പ്രസരിപ്പ്.

‘ഒരു സ്ത്രീക്ക് താങ്ങാവുന്നതിലധികം അധിക്ഷേപങ്ങൾ പലതരത്തിൽ ഞാൻ കേട്ടിട്ടുണ്ട്. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് എനിക്ക് ശരിയായിരിക്കണമെന്നില്ല. തിരിച്ചും അങ്ങനെതന്നെ. മറ്റുള്ളവരെ ഉപദ്രവിക്കാത്തവിധം നമ്മുടെ സ്വാതന്ത്ര്യവും ഇഷ്ടവും അനുസരിച്ചു പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ്. പെൺകുട്ടി എന്ന നിലയിൽ ഇതുവരെ ദുരനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. എന്നെ ആരും ചൂഷണം ചെയ്തിട്ടുമില്ല. ഞാൻ ഒരു യഥാർഥ വ്യക്തിയാണ്. ഞാൻ എന്താണോ അതിനെ അംഗീകരിക്കുന്ന വ്യക്തി. സണ്ണി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സണ്ണിയുെട ഈ തുറന്ന് പറച്ചിൽ‌.

∙ പരമ്പരാഗത പഞ്ചാബി ചുറ്റുപാടിൽ ജനിച്ച ഒരാൾ എങ്ങനെയാണ് ‘അഡൽറ്റ് എന്റർടെയിനർ’ എന്ന റോളിലേക്ക് എത്തിയത്?

ഇന്ത്യയിലെ മറ്റേത് പെൺകുട്ടിയെയും പോലെയാണ് അച്ഛനമ്മമാർ എന്നെ വളർത്തിയത്. പഞ്ചാബി സിഖ് രീതികളിൽ. എല്ലാ ശനിയും ഞായറും ഗുരുദ്വാരയിൽ പോകും. അമ്പലങ്ങളിൽ പോകും. കാത്തലിക് പുരോഹിതന്മാർ നടത്തുന്ന ഒരു സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് കാലിഫോർണിയയിലേക്ക് കുടുംബസമേതം മാറി. കുട്ടികളെ എനിക്കു വലിയ ഇഷ്ടമാണ്. അതുകൊണ്ടു പീഡിയാട്രിക് നഴ്സിങ് പഠിച്ച് ആ മേഖലയിൽ ജോലി നേടണം എന്നായിരുന്നു മോഹം.

കുട്ടിക്കാലത്ത് ആൺകുട്ടികളുടേതു പോലുള്ള സ്വഭാവമായിരുന്നു എനിക്ക്. ഫുട്ബോൾ കളിയിലും സ്ട്രീറ്റ് ഹോക്കിയിലുമായിരുന്നു താൽപര്യം. അമ്മ ഭക്ഷണം പാകം ചെയ്യാൻ പ്രേരിപ്പിക്കും. ഞാനത് കുറെയൊക്കെ ചെയ്യുമെങ്കിലും പെട്ടെന്ന് ഫുട്ബോളും എടുത്ത് ഇറങ്ങും.

അച്ഛൻ എന്നോടും സഹോദരനോടും എപ്പോഴും പറയുമായിരുന്നു ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം എന്ന്. ആ ചിന്ത ചെറുപ്രായത്തിലേ എന്റെ വ്യക്തിത്വത്തിൽ ഉണ്ടായിരുന്നു. പതിനേഴ് വയസിൽ ഞാൻ ജോലിക്കു പോയിത്തുടങ്ങി. സൂക്ക് ആന്റ് അസോസിയേറ്റ് എന്ന സ്ഥാപനത്തിൽ ലിൻഡ സൂക്ക് എന്ന സ്ത്രീയായിരുന്നു അത് നടത്തിയിരുന്നത്. വളരെ പവർഫുളും സക്സസ്ഫുളും ആയ ഒരു വ്യക്തി. അവർ ഓഫിസിലേക്ക് കയറി വരുന്ന രീതി പോലും എന്നെ വല്ലാതെ സ്വാധീനിച്ചു. അവരെപ്പോലെ ഒരാളാകുക. ഞാൻ തന്നെ എന്റെ ബോസ് ആകുക. അതായിരുന്നു ലക്ഷ്യം.

സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും

എന്റെ ചില താൽപര്യങ്ങളും തീരുമാനങ്ങളും വീട്ടുകാർക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്നു പിന്നീടു തോന്നി. പതിനെട്ടാമത്തെ വയസു മുതൽ ഒറ്റയ്ക്കായി ജീവിതം. പിന്നീട് സ്വന്തം കാലിൽ നിന്ന് എല്ലാം കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നെക്കാൾ, അച്ഛനമ്മമാരെയാണ് അത് ബാധിച്ചത്. വളരെ മോശമായാണ് ചില ബന്ധുക്കൾ അവരോടു പെരുമാറിയത്. 2008 ൽ അമ്മ മരിക്കുമ്പോഴും ആറു വർഷം മുൻപ് അച്ഛൻ കാൻസർ ബാധിച്ച് മരിക്കുമ്പോൾ പോലും പലരും ബന്ധം പുലർത്തിയിരുന്നില്ല. എന്റെ തീരുമാനങ്ങൾ കുടുംബത്തിന്റെ സന്തോഷത്തെ ബാധിച്ചു എന്നത് വലിയ വിഷമമാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് വിഷമിച്ചിരിക്കുന്ന എന്റെയരികിലേക്ക് ദൈവം അയച്ച മാലാഖയാണ് ഡാനിയൽ വെബ്ബർ. ഇപ്പോൾ എന്റെ കുടുംബം ഡാനിയലും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും, എന്റെ സഹോദരനുമാണ്.

കുഞ്ഞുങ്ങളെയും സ്വപ്നം കാണാറുണ്ട്. ഡാനിയേലിന് പെൺകുട്ടികളെയാണ് ഇഷ്ടം. എനിക്ക് ആൺകുട്ടികളെയും ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുട്ടി ആയാൽ മതി എന്നേ എനിക്കുള്ളൂ.