ജെറ്റി ലിക്ക് എന്തുപറ്റി; താരത്തിന്റെ അവസ്ഥയിൽ ഞെട്ടി സിനിമാലോകം

ഹോളിവുഡ്, ചൈനീസ് ആക്​ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആരാധനാകഥാപാത്രമാണ് ജെറ്റ് ലി. മുൾമുനയിൽ നിർത്തുന്ന ആക്​ഷൻ രംഗങ്ങളിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച താരത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. 

കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയുന്നില്ല. മുടി നരച്ച് വൃദ്ധനായ അവസ്ഥയിലാണ് അദ്ദേഹത്തെ കാണാൻ കഴിയുന്നത്. 55കാരനായ താരം ഹെപ്പർ തൈറോയിഡിസം എന്ന അസുഖബാധിതനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2013ലാണ് അദ്ദേഹം ഈ രോഗവിവരം വെളിപ്പെടുത്തുന്നത്. മാത്രമല്ല സിനിമകളിലെ സ്റ്റണ്ട് രംഗങ്ങൾ മൂലം അദ്ദേഹത്തിന്റെ കാലിനും നടുവിനും പല തവണ പരുക്ക് പറ്റിയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ചിലപ്പോൾ ആക്​ഷൻ സിനിമകളുമായി സിനിമയിൽ തന്നെ തുടരാം, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വീൽചെയറിൽ തീരാം.

2017ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ നാല് വർഷമായി ചെറിയ വേഷങ്ങളിൽ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്.

തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ജെറ്റ് ലി  ചൈനീസ് മാധ്യമത്തോട് പറഞ്ഞിതങ്ങനെ.–‘ശരീരത്തിന് നല്ല വേദനയുണ്ട്, എന്നാൽ ഞാൻ വീൽചെയറിലല്ലെന്ന് മാത്രം. രോഗത്തിന് അടിമയാണ് ഞാൻ. ശരീരത്തിന് നല്ല തടിയുണ്ട്. അത് നിയന്ത്രിക്കാൻ കഴിയില്ല. കാരണം എന്റെ രോഗത്തിന് വേണ്ടി മരുന്ന് കഴിക്കുന്നതിനാലാണ് വണ്ണം കൂടുന്നത്. ഹൃദയമിടിപ്പ് നിയന്ത്രിക്കാനാണ് മെഡിറ്റേഷൻ. അതുകൊണ്ട് ശരീരം അനങ്ങിയുള്ള പരിശീലനവും സാധിക്കില്ല.’–ജെറ്റ് ലി പറഞ്ഞു.

എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും െജറ്റ് ലി ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ മാനേജർ പറയുന്നു. ജീവന് ഭീഷണി നേരിടേണ്ട അവസ്ഥയൊന്നുമില്ല, അദ്ദേഹത്തിന്റെ ശരീരം പൂർണആരോഗ്യത്തോട് കൂടി തന്നെയാണ് ഇരിക്കുന്നത്. 

‘കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ഹെപ്പർ തൈറോയിഡിസം എന്ന രോഗബാധിതനാണ്. ടിബറ്റ് സന്ദർശിച്ചപ്പോൾ ആരോ എടുത്ത ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. ഒരു ചിത്രം മാത്രം എടുത്ത് അതിനെ മറ്റുരീതിയിൽ പലരും വ്യാഖ്യാനിക്കുകയാണ്. നമ്മുടെ തന്നെ ഒരു ചിത്രം തെറ്റായ ആംഗിളിൽ എടുക്കുമ്പോൾ അതിനെന്തെങ്കിലുമൊക്കെ കുഴപ്പം കാണും. പ്രചരിക്കുന്ന ചിത്രത്തിൽ കൂടുതലായി ആരും ആശങ്കപ്പെടേണ്ട.’–മാനേജർ സ്റ്റീവൻ പറഞ്ഞു.