ടോം ക്രൂസ്, നിങ്ങൾ മനുഷ്യൻ തന്നെയാണോ!; എംഐ 6 മേക്കിങ് വിഡിയോ

സിനിമയുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത നടനാണ് ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ മുൻചിത്രങ്ങൾക്കായി ബുർജ് ഖലീഫയുടെ മുകളിലും കാർഗോ വിമാനത്തിൽ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങൾ അദ്ദേഹം ജീവൻപണയം വച്ച്  ചെയ്തതാണ്. ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന രംഗങ്ങൾ സ്വയം ചെയ്യുന്ന പതിവ് ഇക്കുറിയും ടോം തെറ്റിച്ചില്ല. 

പുതിയ ചിത്രം മിഷൻ ഇംപോസിബിൾ - ഫോൾ ഔട്ട് അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾ കൊണ്ടും ടോം ക്രൂസിന്റെ ജീവൻപണയംവെച്ചുളള സാഹസികരംഗങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്. ഫോൾ ഔട്ട് ഇറങ്ങുംമുൻപേ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങൾ വൈറലായി. 

സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരുക്ക് പറ്റി അദ്ദേഹം ചികിത്സയിലായിരുന്നു. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടയിലാണ് അപകടം സംഭവിച്ചത്. സിനിമയുടെ മേക്കിങ് വിഡിയോ കാണുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാകും എത്രമാത്രം അപകടം പിടിച്ചതായിരുന്നു ആ രംഗങ്ങളെന്ന്.

ഇത്തവണ അതിസാഹസികമായ ഹാലോ ജംപ് (High Altitude Low Oxygen) ടോം ക്രൂസ് സിനിമയ്ക്കായി ചെയ്തിരിക്കുന്നു. വിമാനത്തിൽ നിന്നും 25000–30000 അടി മുകളിൽ നിന്നും ചാടുക. നിലത്ത് എത്താറായെന്ന് ഏകദേശം ഉറപ്പുള്ള സമയത്ത് മാത്രം പാരച്യൂട്ട് ഉപയോഗിക്കുക. ചെറിയൊരു അബദ്ധം സംഭവിച്ചാല്‍ മരണം ഉറപ്പ്. ഇതിനായി മാസങ്ങളോളം ടോം ക്രൂസ് പരിശീലനത്തിലായിരുന്നു. 

പല തവണ വിമാനത്തിൽ നിന്നും ചാടിയും മറ്റും പരിശീലനം നേടിയ ശേഷമാണ് സിനിമയ്ക്കായി ടേക്ക് എടുത്തത്. ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടനരംഗങ്ങൾക്കായി ഹെലികോപ്റ്റർ പറത്താൻ പ്രത്യേകമായി പരിശീലനവും ടോം ക്രൂസ് നേടിയിരുന്നു.