ഓസ്കർ അവതാരക സ്ഥാനത്തുനിന്നും കെവിൻ ഹാട്ട് പിന്മാറി

91–ാമത് ഓസ്കർ ചടങ്ങുകളുടെ അവതാരക സ്ഥാനത്തുനിന്നും കെവിന്‍ ഹാട്ട് പിന്മാറി. എൽജിബിറ്റി കമ്യൂണിറ്റിയെ പരിഹസിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് താരത്തിന്റെ തീരുമാനം. 

മൂന്നുദിവസം മുമ്പാണ് അക്കാദമി കെവിനെ തിരഞ്ഞെടുക്കുന്നത്. ഇതെ തുടർന്ന് 2009ലും 2011ലും കെവിൻ നടത്തിയ വിവാദ ട്വീറ്റ് വിമര്‍ശകർ വീണ്ടും കുത്തിപ്പൊക്കി. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയുണ്ടായി. ഇതോടെയാണ് താരം സ്വയം പിന്മാറാൻ തീരുമാനിച്ചത്.

ജുമാഞ്ചി, റൈഡ് എലോങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അമേരിക്കൻ കോമഡി താരമാണ് കെവിൻ. ‘ആയുസ്സിൽ അപൂർവമായി മാത്രം കിട്ടുന്ന അവസരം’ എന്നായിരുന്നു അക്കാദമി തന്നെ തിരഞ്ഞെടുത്തതിൽ കെവിന്റെ പ്രതികരണം.

ട്വീറ്റ് വിവാദത്തിൽ മാപ്പ് പറഞ്ഞ് വിവാദങ്ങൾ അവസാനിപ്പിക്കാൻ അക്കാദമി കെവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ നിരവധി തവണ വിശദീകരണം നൽകിയതാണെന്നും ഇനിയും ഇതു ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നുമായിരുന്നു കെവിന്റെ നിലപാട്.

അമേരിക്കയിലെ ടിവി അവതാരകനായ ജിമ്മി കിമ്മൽ ആയിരുന്നു കഴിഞ്ഞ 2 വർഷങ്ങളിലെ അവതാരകൻ. അടുത്ത വർഷം ഫെബ്രുവരി 24നാണ് ചടങ്ങ്.