പ്രതിഫലം; ഹോളിവുഡ് താരങ്ങളെ കടത്തിവെട്ടി ബോളിവുഡ് താരങ്ങൾ

പ്രതിഫലത്തിന്റെ കാര്യത്തിൽ ഹോളിവുഡ് താരങ്ങളെ കടത്തിവെട്ടി ബോളിവുഡ് താരങ്ങൾ. ഫോബ്സ് പുറത്തിറക്കിയ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന 20 നടന്മാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് നാലു പേർ: ഷാറൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ്കുമാർ എന്നിവരാണ് ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയത്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് റോക്ക് എന്നറിയപ്പെടുന്ന വെയിൻ ജോൺസനാണ്; വരുമാനം 6.45 കോടി ഡോളർ.രണ്ടാം സ്ഥാനത്ത് 6.1 കോടി ഡോളർ വരുമാനവുമായി ജാക്കി ചാനും. കഴിഞ്ഞ വർഷം റോബർട് ഡൗണി ജൂനിയർ ആയിരുന്നു ഒന്നാമത്; വരുമാനം എട്ട് കോടി ഡോളർ.

പട്ടികയിൽ എട്ടാം സ്ഥാനക്കാരനാണ് ഷാറൂഖ് ഖാൻ. വരുമാനം 3.3 കോടി ഡോളർ. ഹോളിവുഡ് താരം ബ്രാഡ് പിറ്റിനൊപ്പമാണ് അക്ഷയ് കുമാർ; സ്ഥാനം 10. വരുമാനം 3.15 കോടി ഡോളർ. ഓസ്കർ ജേതാവ് ലിയാനാ ഡോ ഡി കാപ്രിയേക്കാൾ മുന്നിലാണ് സൽമാൻ ഖാൻ. 2.85 കോടി ഡോളറുമായി 14–ാം സ്ഥാനത്ത്. ഡി കാപ്രിയോ 15–ാമതും. ‘ഇൻഡിപെൻഡൻസ് ഡേ ഫെയിം വിൽ സ്മിത് 17–ാം സ്ഥാനത്താണ്. 18–ാം സ്ഥാനക്കാരനാണ് അമിതാഭ് ബച്ചൻ.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഭൂരിഭാഗവും 50 വയസ്സിൽ താഴെയുള്ളവരാണ്. ഹാരിസൺ ഫോഡ്, അമിതാഭ് ബച്ചൻ എന്നിവരാണ് 70 വയസ്സിൽ എത്തിനിൽക്കുന്നവർ.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലോകത്തിലെ 10 നടിമാരിൽ ഇന്ത്യയിൽനിന്ന് ഒരാൾ മാത്രം. ദീപിക പദുക്കോൺ. പത്താം സ്ഥാനത്തുള്ള ദീപികയുടെ വരുമാനം ഒരു കോടി ഡോളർ.ജനിഫർ ലോറൻസാണ് ഒന്നാമത്. വരുമാനം 4.6 കോടി ഡോളർ. തുടർച്ചയായ രണ്ടാം വർഷമാണ് ജനിഫർ ഈ സ്ഥാനത്ത് തുടരുന്നത്.