ഇത്തവണയെങ്കിലും ഡികാപ്രിയോയെ തേടി ഓസ്കർ എത്തുമോ ?

ഹോളിവുഡിന്റെ സൂപ്പർതാരം ലിയനാർഡോ ഡികാപ്രിയോ ഇത്തവണ ഓസ്കർ സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. മൂന്ന് തവണ മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും ആ സുവർണപുരസ്കാരം ഇതുവരെ സ്വന്തമാക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.

ബേർഡ് മാൻ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ തവണ മികച്ച ചിത്രത്തിനുള്ള ഓസ്കർ‌ സ്വന്തമാക്കിയ വിഖ്യാത സംവിധായകൻ അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റോയാണ് ഇത്തവണ ഡികാപ്രിയോയുടെ കൂട്ടിനുള്ളത്. ഇരുവരുമൊന്നിച്ച് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയിരിക്കുന്ന ദ് റവണന്റ് എന്ന ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസനേടിക്കഴിഞ്ഞു. കൂടാതെ ഗോൾഡൻ ഗ്ലോബിലും ബാഫ്തയിലും മികച്ച നടനുള്ള പരിഗണനപ്പട്ടികയിൽ ഡികാപ്രിയോ ഉണ്ട്.

ഡികാപ്രിയോയുടെ ഇത്തവണത്തെ ഓസ്കറിനുള്ള പോരാട്ടം കൂടിയായിരിക്കും റവണന്റിലെ ഹ്യൂ ഗ്ളാസ് എന്ന കഥാപാത്രം. സിനിമയിലെ കഥാപാത്രത്തിന് പൂർണത ലഭിക്കുന്നതിന് ചത്ത മൃഗങ്ങൾക്കൊപ്പം കിടന്നുറങ്ങി. കാട്ടുപോത്തിന്റെ മാംസവും കരളും പച്ചക്കു കഴിച്ചും മഞ്ഞുറഞ്ഞുകിടക്കുന്ന നദികളിലൂടെ നീന്തിയുമൊക്കെയാണ് ലിയനാര്‍ഡോ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

തന്റെ സിനിമാജീവിതത്തിൽ ഇതുവരെ ചെയ്തതിൽവച്ച് ഏറ്റവും ദുഷ്കരമായ കഥാപാത്രം. കരടിയുമായുള്ള ഏറ്റുമുട്ടൽ രംഗമാണ് ഈ ചിത്രത്തിലെ ഭീകരത നിറഞ്ഞ രംഗങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഓസകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഓസ്കറിനും മികച്ച നടനുള്ള പരിഗണനപ്പട്ടികയിൽ അദ്ദേഹം ഉണ്ടായിരുന്നെങ്കിലും കൂടെ അഭിനയിച്ച മാത്യു മക്കഹ്നേ ഓസ്കറും കൊണ്ടു പോയി. വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു ഡികാപ്രിയോയെ പരിഗണിച്ചത്. ഓസ്കർ പ്രഖ്യാപിക്കുന്പോൾ അവസാനം മികച്ച നടനുള്ള അവാർഡ് കരടിക്ക് ലഭിക്കുമെന്ന് പറഞ്ഞ് വരെ പരിഹാസങ്ങൾ എത്തി.

‘സിനിമയെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ ഇത്തരം സിനിമകൾ ചെയ്യുന്നത്. ഇതിലും വലിയ സിനിമകൾ എനിക്ക് ചെയ്യണം. പിന്നെ പുരസ്കാരങ്ങൾ ഒരിക്കലും നമ്മുടെ പരിധിയിലുള്ളതല്ല, അത് മറ്റുള്ളവരുടെ കൈയിലാണ്. ഡികാപ്രിയോ പറഞ്ഞു.

സിനിമ എനിക്ക് ഒരു ഗ്രേറ്റ് മോഡേൺ ആർട് ഫോം ആണ് . ഒരുകാലത്ത് തിരിഞ്ഞുനോക്കുന്പോൾ എനിക്ക് ധൈര്യമായി പറയാം, എന്നാൽ കഴിയുന്നവിധം മികച്ച രീതിയിൽ അഭിനയിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവാനാണ്. ഡികാപ്രിയോ പറയുന്നു.

മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ബേഡ് മാന്‍ എന്ന ചിത്രത്തിന് ശേഷം അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിറ്റൊ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് റെവണന്‍റ്. 19ാം നൂറ്റാണ്ടിലെ ഒരു യഥാർഥകഥയെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. 1820കളിലെ അമേരിക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം ജീവിതം പറയുന്ന ചിത്രം ലിയനാര്‍ഡോക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.

കൊടുംകാടുകളില്‍ ദുഷ്കരമായ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. വളരെ അപകടം നിറഞ്ഞതായതിനാൽ പലരും ഇടക്ക് വെച്ച് പണി നിര്‍ത്തി പോയി. നാല്‍പ്പതുകാരനായ ഡി കാപ്രിയോക്ക് ഈ ചിത്രത്തിലൂടെ ആദ്യ ഓസ്‌കര്‍ പുരസ്ക്കാരം ലഭിക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.