ജംഗിള്‍ ബുക്ക് 3ഡിയില്‍; ആദ്യ ടീസര്‍ കാണാം

നമ്മുടെ ഒാര്‍മകളില്‍ ചില ഒഴിയാബാധകളുണ്ട്. ചെറുപ്പത്തിന്റെ ഹാങ്ഒാവറില്‍ നില്‍ക്കുന്ന തലമുറയുടെ നൊസ്റ്റാള്‍ജിയക്ക് ഹരം പകരുന്ന ചില ഓര്‍മകള്‍. അതിലൊന്നാണ് ദൂരദര്‍ശന്‍ ടിവിയില്‍ കണ്ടിരുന്ന ജംഗിള്‍ ബുക്ക്. മൌഗി, ബഗീര, ബാലു, അകേല തുടങ്ങി ദുഷ്ടനായ ഷേര്‍ഖാനെ വരെ നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.

ഈ ലോകം വീണ്ടും തുറക്കാനുള്ള പദ്ധതിയിലാണ് ഹോളിവുഡ്. ത്രീഡിയില്‍ ഒരുങ്ങുന്ന ജംഗിള്‍ ബുക്ക് സിനിമയുടെ ആദ്യ ടീസര്‍ ഡിസ്നി പുറത്തിറക്കി കഴിഞ്ഞു. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംസാരിക്കുന്ന ചെന്നായയും , കടുവയും, കരടിയും നിറയുന്ന അത്ഭുതലോകമായിരുന്നു ജംഗിള്‍ ബുക്ക്. ബ്രിട്ടീഷുകാരന്‍ ലോക്വുഡ് കിപ്ളിംഗിന്റെയും ആലീസ് മക്ഡൊണാള്‍ഡിന്റെയും മകനായി 1865-ല്‍ ബോംബെയില്‍ ജനിച്ച റുഡ്യാര്‍ഡ് കിപ്ളിംഗ് ആണ് ജംഗിള്‍ ബുക്ക് എന്ന പേരില്‍ മൌഗിയുടെ അമ്പരപ്പിക്കുന്ന ജീവിതം എഴുതിയത്.

1967 ഒക്ടോബര്‍ 18നാണ് വാള്‍ട് ഡിസ്നി ജംഗിള്‍ ബുക്ക് സിനിമയാക്കി പുറത്തിറക്കുന്നത്. വോള്‍ഫ്ഗാങ് റീതെര്‍മാനായിരുന്നു ഈ അനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ്. വാള്‍ട് ഡിസ്നി അനിമേഷന്‍ സീരീസിലെ 19ാമത്തെ ചിത്രമായിരുന്നു ഇത്. അതു മാത്രമല്ല വാള്‍ട് ഡിസ്നിയുടെ മരണത്തിന് മുന്‍പെടുത്ത അവസാനചിത്രമെന്ന ഖ്യാതിയും ജംഗിള്‍ ബുക്കിനുണ്ട്.

അന്ന് ആ ചിത്രം വന്‍വിജയമായിരുന്നു. കൊടുംകാട്ടില്‍ അകപ്പെട്ട് പോകുന്ന മൌഗിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. ചെന്നായ്കൂട്ടമാണ് ഭക്ഷവും സ്നേഹവും നല്‍കി ആ കുഞ്ഞിനെ വളര്‍ത്തിയത്. കാട്ടിലെ നിയമവും വേട്ടയാടലും പഠിച്ചു. മൃഗങ്ങളുടെ പോരാട്ടത്തിന്റെയും പകയുടെയും കഥ പറയുകയാണ് ജംഗിള്‍ബുക്ക്. ഇന്ത്യയിലെ കാടുകളായിരുന്നു പശ്ചാത്തലം.