പ്ലേബോയ്ക്ക് ഇനി സ്ത്രീ നഗ്നത വേണ്ട

പ്രശസ്ത മാസികയായ പ്ലേബോയ് ഇനി പെൺകുട്ടികളുടെ പൂർണ നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ല. ഇന്റർനെറ്റും പോൺ സൈറ്റുകളുമൊക്കെ സജീവമായതോടെ അത്തരം ചിത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് അവ ഒഴിവാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

2016 മാർച്ച് മുതലാണ് മാസിക നഗ്നചിത്രങ്ങൾ ഒഴിവാക്കുക. 62 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരണമാരംഭിച്ച പ്ലേബോയ് മാറിയ ഡിസൈനിൽ മുഖം മാറ്റി എത്തുമെന്നും പൂർണ നഗ്നചിത്രങ്ങൾ മാത്രമെ ഒഴിവാക്കൂ എന്നുമാണ് അധികൃതർ പറയുന്നത്. അർദ്ധ നഗ്ന ചിത്രങ്ങളും, സ്ത്രീ ശരീരം പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങളും തുടർന്നും മാസിക പ്രസിദ്ധീകരിക്കും.

അമേരിക്കയിൽ മാത്രം 5.6 ലക്ഷം കോപ്പികൾ വിറ്റിരുന്ന മാസിക ഇപ്പോൾ 80,000 കോപ്പികൾ മാത്രമാണ് അച്ചടിക്കുന്നത്. ഒറ്റ ക്ലിക്കിൽ ‘എന്തും’ ലഭിക്കുന്ന ഇക്കാലത്ത് ആ സത്യം വേഗം തിരിച്ചറിഞ്ഞ് തങ്ങൾ മാറുകയാണെന്നാണ് മാസികയുടെ അവകാശവാദം. പ്ലേബോയ് തങ്ങളുടെ വെബ്സൈറ്റിലേക്കുള്ള ട്രാഫിക്കും കൂട്ടാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.