ഗോകുലിന്റ കാമുകി ഗംഗ

അർഥന, ഗോകുൽ

മലയാളസിനിമയിൽ പുതുമുഖതാരങ്ങളുടെ സുവർണ്ണകാലമാണ്. ഇവരുടെ ഇടയിലേക്ക് പുതിയ താരം കൂടി വരികയാണ് അർഥന. മുദ്ദുഗൗവിലെ നായികയായി മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന അർഥനയുടെ വിശേഷങ്ങൾ.

എങ്ങനെയുണ്ടായിരുന്നു ആദ്യ മലയാളസിനിമ അനുഭവം?

ഓരോ സിനിമയും ഓരോ പാഠങ്ങൾ. പുതിയ ആളുകൾ, പുതിയ കഥ, കഥാപാത്രം. ഇതുവരെ വളരെ നല്ല അനുഭവമാണ്്. മുദ്ദുഗൗവിൽ കൂടുതലും പ്രായം കുറഞ്ഞ ആളുകളാണ്. അതുകൊണ്ടു തന്നെ എല്ലാവരും നല്ല കമ്പനിയായിരുന്നു. സംവിധായകൻ വിപിൻ ദാസ് അഭിനയക്കുന്ന സമയത്ത് അഭിനേതാക്കൾക്ക് നല്ല സ്വാതന്ത്ര്യം തരുന്ന ആളാണ്. അതുകൊണ്ട് എല്ലാ അർഥത്തിലും കംഫർട്ടബിൾ ആയിരുന്നു. തെലുങ്കിലായിരുന്നു എന്റെ അരങ്ങേറ്റം. മുദ്ദുഗൗ എന്റെ രണ്ടാമത്തെ സിനിമയാണ്.

സിനിമയിലെ നായകൻ ഗോകുൽ സുരേഷാണ്. എങ്ങനെയുണ്ടായിരുന്നു ഗോകുലുമൊത്തുള്ള അഭിനയം?

ഗോകുലിനെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് കോമൺ ഫ്രണ്ട്സുണ്ട്. പക്ഷെ ആദ്യമായി സംസാരിക്കുന്നത് സിനിമയുടെ പൂജാദിവസമാണ്. ഗോകുൽ സിനിമയ്ക്കു വേണ്ടി ഒരുപാട് ഹാർഡ്‌വർക്ക് ചെയ്യുന്ന ആളാണ്. ട്രെയിലറിനൊക്കെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

മുദ്ദുഗൗ എന്ന സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും?

ഗംഗ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗോകുലിന്റെ കാമുകിയാണ് ഗംഗ. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ്. ഇതിൽകൂടുതൽ എനിക്ക് കഥാപാത്രത്തെക്കുറിച്ച് പറയാനാകില്ല. മുദ്ദുഗൗവ് ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ്. കഥ പ്രഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത വിധമാണ് സിനിമയുടെ പോക്ക്. ഇതിലെ ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. നായകന്റെയും നായികയുടെയും ചുറ്റും മാത്രം സഞ്ചരിക്കുന്ന സിനിമയല്ല മുദ്ദുഗൗ.

ആദ്യ തെലുങ്ക് സിനിമയെക്കുറിച്ച്?

സീതമ്മ ആണ്ടാലും രാമയ്യ സീതലു എന്നാണ് ആദ്യ സിനിമയുടെ പേര്. രാജ് തരുണായിരുന്നു നായകൻ. സീതാമഹാലക്ഷ്മി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ടൈറ്റിൽ കഥാപാത്രമായിരുന്നു. ജനുവരിയിൽ സിനിമ റിലീസ് ചെയ്തു. തെലുങ്കിലൂടെയായിരിക്കും സിനിമയിൽ വരുന്നതെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. തെലുങ്കെന്ന് കേട്ടപ്പോൾ ഗ്ലാമറസ് വേഷമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അങ്ങനെയൊന്നുമായിരുന്നില്ല. എനിക്ക് പറ്റുന്ന വേഷമായിരുന്നു.

നായികാപ്രാധാന്യമുള്ള വേഷമായിരുന്നു. രാജ് തരുൺ ഹാട്രിക്ക് വിജയം നേടിനിൽക്കുന്ന സമയമായിരുന്നതിനാൽ സീതമ്മ ആണ്ടാലും രാമയ്യ സീതലുവും നന്നായി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലേക്ക് വരണമെന്ന ആഗ്രഹമാണ് മുദ്ദുഗൗവിലൂടെ സാധ്യമാകുന്നത്. ഇതും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് വിശ്വാസം.