Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലനല്ല പ്രിൻസിപ്പലാണേ

സുധീർ കരമന എന്ന നടൻ നമുക്കു മുൻപിൽ എത്തിയത് ഇന്നും ഇന്നലെയുമല്ല. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായിട്ടു അദ്ദേഹം നമ്മോടൊപ്പമുണ്ട്. ചിലപ്പോൾ ചെറിയ ഒരു സീനിൽ മറ്റു ചിലപ്പോൾ മുഴുനീള കഥാപാത്രമായി. കരമന ജനാർദ്ദനൻ നായർ എന്ന മലയാളം കണ്ട മഹാനായ ഒരു അഭിനേതാവിന്റെ മകൻ എന്നതിലുപരി സുധീറിനെ നമ്മുടെ കാഴ്ചകൾ ഓർത്തെടുക്കുന്നത് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ വൈവിധ്യമാണ്. ആ വൈവിധ്യങ്ങൾ അദ്ദേഹത്തിനു നൽകുന്നത് മലയാളത്തിൽ ഇന്നുള്ള അഭിനേതാക്കളിൽ തികച്ചും ‘ഔട്ട്സ്റ്റാൻഡിങ്’ എന്ന ലേബലും.

ഒരു കള്ളനായും പൊലീസുകാരനായും വലിയേട്ടനായും ബലാൽസംഗക്കാരനായും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയുള്ള തേരോട്ടമാണ് ഈ കലാകാരൻ കാഴ്ച വയ്ക്കുന്നത്, സമീപകാലത്തിറങ്ങിയ സിനിമകളിൽ സുധീർ കരമനയെ പ്രേക്ഷകർ ഏറ്റവും അധികം ശ്രദ്ധിച്ചതും പ്രശംസിച്ചതും ‘നിർണായകം’ എന്ന സിനിമയിലെ പ്രകടനം കണ്ടാണ്. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’യുടെ ഇടുക്കിയിലുള്ള സെറ്റിൽ നിന്നും ഒരിടവേള കിട്ടിയപ്പോൾ സുധീർ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

∙എന്താണ് ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’ യിലെ കഥാപാത്രം?

ഇതൊരു അനിൽ രാധാകൃഷ്ണമേനോൻ പടമാണ്. വളരെയധികം കഥാപാത്രങ്ങൾ ഉള്ള ഒരു സിനിമ. ഇതിൽ ഒരു മുഴുനീള കഥാപാത്രമായ മലവേടന്റെ റോൾ ആണ് എനിക്ക്. പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്നൊരു സിനിമയാണിത്. ഇതിനു മുൻപ് ഞാൻ അനിലിന്റെ തന്നെ ‘തസ്തമശ്രീ തസ്ക്കര’യിൽ ‘ലീഫ് വാസു’ എന്ന ഒരു കോമിക് കഥാപാത്രം ചെയ്തിരുന്നു. തമാശക്കാരനായാലും വില്ലനായും ജഡ്ജ് ആയും മന്ത്രവാദിയായും അഭിനയിക്കുമ്പോൾ ഞാൻ എന്റെ ജോലി ശരിക്കും ആസ്വദിക്കുന്നു.

Lord Livingstone 7000 Kandi | Location Coverage

∙ഈ സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പും രസമായിട്ടുണ്ട്. എന്തൊക്കെ തയാറെടുപ്പുകളാണ് മലവേടനാകുവാൻ വേണ്ടി നടത്തിയത്?

മലവേടൻമാരുടെ ഭാഷ വ്യത്യസ്തമാണ്. കഥാപാത്രത്തിലേക്കു ഇറങ്ങിച്ചെന്നാൽ ആ ഭാഷ വരും. മാനന്തവാടിയിലും ഇടുക്കിയിലുമുള്ള ട്രൈബൽ ആളുകളോട് സംസാരിച്ചു അവരുടെ രീതികളും ഭാഷയും മനസിലാക്കി.

∙താങ്കൾ ജിയോഗ്രഫിയിൽ ബിരുദാനന്തര ബിരുദമായിരുന്നു. ഭൂപ്രകൃതിയുമായുള്ള ബന്ധം ഈ സിനിമയിൽ എത്രമാത്രം സഹായിച്ചു?

വളരെ നല്ല ചോദ്യമാണ്. ജിയോഗ്രഫി വിദ്യാർഥി ആയിരുന്നപ്പോൾ മുതൽ ഞാൻ ട്രക്കിങ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അക്കാലത്ത് തന്നെ മുത്തങ്ങയിലും മറ്റും പോയിട്ടുണ്ട്. ആദിവാസികളായ ആളുകളോട് നേരിട്ട് ഇടപെട്ടു. അവരുടെ മാനറിസങ്ങൾ ഈ സിനിമയ്ക്കു വേണ്ടി നന്നായി പുനരവതരിപ്പിക്കാമെന്ന് വിശ്വസിക്കുന്നു.

sudheer_karamana_Stills

∙അടുത്തിടെ ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ച വേഷമായിരുന്നു ‘നിർണായക’ത്തിൽ. ആ കഥാപാത്രത്തെക്കുറിച്ചു പറയൂ?

ഞാൻ വി.കെ പ്രകാശിനൊപ്പം ജോലി ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ‘ നിർണായകം’. ഇതിനുമുൻപ് വികെപിയുടെ തന്നെ ‘താങ്ക് യൂ’ വിൽ ഒരു റേപ്പിസ്റ്റ് ആയിട്ടു അഭിനയിക്കണമെന്നു ആവശ്യപ്പെട്ടു. ശാരീരികമായി അത്തരം സീനുകളിൽ അഭിനയിക്കുവാൻ എനിക്ക് വിമുഖതയായിരുന്നു. ആ ആശങ്ക പങ്കു വച്ചപ്പോൾ വി കെ പിയാണ് പറഞ്ഞത് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അങ്ങനെ ശാരീരികമായുള്ള ഒരു മോശം ചിത്രീകരണങ്ങളും ഉണ്ടാവില്ല എന്നാണ്.പട്ടിയുടെ മാനറിസമായിരുന്നു ആ കഥാപാത്രത്തിനു വേണ്ടിയിരുന്നത്. കേട്ടപ്പോൾ രസമുള്ളതായി തോന്നി. അതായിരുന്നു ‘താങ്ക് യൂ’വിലെ അനുഭവം. വളരെ നെഗറ്റീവ് ആയ ഒരു കഥാപാത്രത്തെ ഞാൻ നന്നായി അവതരിപ്പിച്ചു എന്ന് വികെപി പറഞ്ഞു. അന്നു മുതൽ എല്ലാ വി കെ പി ചിത്രങ്ങളിലും ഞാനുണ്ട്.

‘താങ്ക് യൂ’ വിനു ശേഷം ഞാൻ മമ്മൂക്കയ്ക്കൊപ്പം ‘സൈലൻസ്’ ചെയ്തു. അതിൽ ഒരു പൊലീസ് ഓഫിസറുടെ വേഷമായിരുന്നു. അടുത്ത വി കെ പി ചിത്രമായിരുന്നു ‘നിർണായകം’. രണ്ടു ഘടകങ്ങളായിരുന്നു നിർണായകത്തിലേക്കു എന്നെ ആകർഷിച്ചത്. ഒന്ന്, വി കെ പ്രകാശ് എന്ന സംവിധായൻ, രണ്ട്, ബോബി-സഞ്ജയ് എന്ന രണ്ടു തിരക്കഥാകൃത്തുക്കൾ. നല്ല ഒരു കുടുംബ പാരമ്പര്യത്തിന്റെ മഹത്വം ഈ തിരക്കഥാകൃത്തുക്കളുടെ പെരുമാറ്റത്തിലുണ്ട്. ആർട്ടിക്കിൾ 17, ക്ലോസ് 2, എന്നൊക്കെ ഡയലോഗ് എഴുതുവാൻ നല്ല റിസേർച്ചും സ്റ്റഡീസും ആവശ്യമുണ്ട്. അങ്ങനെയുള്ള ഡയലോഗ്സ് പറയുമ്പോൾ കേൾക്കുന്നവനും ഒരു ഫീൽ ഉണ്ടാവണം. ഇന്നുള്ള സിനിമയിൽ കിട്ടാവുന്ന ഏറ്റവും നല്ല തിരക്കഥാകൃത്തുക്കൾ ആയിരുന്നു ബോബിയും സഞ്ജയ് യും.

sudheer-nirnayakam

ഒരു അഭിനേതാവിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ഒന്നാണ് വോയിസ് മോഡുലേഷൻ. അതിനു ഏറ്റവും അധികം സാധ്യത ഉള്ള ഒരു സ്ക്രിപ്റ്റ് ആയിരുന്നു നിർണായകത്തിന്റേത്. ജഡ്ജ് ആയി സിനിമയുടെ പകുതി മുതൽ ഞാനുണ്ട്. സാധാരണ സിനിമകളിൽ ജഡ്ജ് ഉപയോഗിക്കുന്ന കോർട്ട് അഡ്ജേർൻഡ് തുടങ്ങിയ സ്ഥിരം വാക്കുകളിൽ നിന്നും മാറി ‘നടക്കാൻ സാധിച്ചാൽ കോർട്ടിൽ വരണം’ എന്നതുപോലെയുള്ള സംഭാഷണങ്ങൾക്കാണ് ഈ സിനിമയിൽ പ്രാധാന്യം.

∙ഒരു സീനിനു മുമ്പായി ധാരാളം ഹോം വർക്ക് ചെയ്യുന്ന അപൂർവം ചില നടൻമാരിൽ ഒരാളാണ് താങ്കൾ. യഥാർഥ ജീവിതത്തിൽ അധ്യാപകനായതുകൊണ്ട് ലഭിച്ച ഗുണമാണോ ഇത്?

അല്ല. എനിക്ക് ചില പരിമിതികളുണ്ട്. ആ കുറവുകൾ നികത്താൻ ഞാൻ കുറച്ചധികം ശ്രമിക്കാറുണ്ട്. എന്താണ് എന്റെ കഥാപാത്രം? ഞാൻ എന്തു ചെയ്യണം? തുടങ്ങിയ കാര്യങ്ങളിൽ ശരിയായ അവബോധം നേടിയിട്ടേ ഞാൻ ക്യാമറയ്ക്കു മുമ്പിൽ നിൽക്കുകയുള്ളൂ. അതിനു വേണ്ടി ഓരോ ചെറിയ കാര്യത്തെക്കുറിച്ചും ബന്ധപ്പെട്ടവരോടൊക്കെ സംസാരിക്കാറുമുണ്ട്.

∙ചില സീനുകളിൽ സുധീറിന്റെ പ്രകടനം കണ്ടാൽ കരമന ജനാർദ്ദനൻ നായരെ ഓർമ വരും?

അച്ഛനെ ഞാൻ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. ചിലപ്പോൾ ഒരു സ്വാധീനം ഉണ്ടായിട്ടുണ്ടാവാം. ‘വർഷ’ത്തിൽ ‘തേങ്ങാക്കൊല’ എന്നു പറയുമ്പോൾ അച്ഛൻ ‘സ്ഫടിക’ത്തിൽ ‘ഒലക്ക’ എന്നു പറഞ്ഞതു ഓർമ്മ വന്നു എന്ന് പറഞ്ഞവരുണ്ട്. അത് തികച്ചും യാദൃശ്ചികമാണ്. അച്ഛന്റേയും എന്റേയും രീതികൾ വ്യത്യസ്തമാണ്.

∙അച്ഛനിലൂടെയാണോ ആദ്യ ചാൻസ് സിനിമയിൽ കിട്ടുന്നത്?

അല്ല. ഞാൻ സ്കൂൾ തലം മുതൽ പാടാനും മോണോ ആക്ടിൽ പങ്കെടുക്കാനും താൽപര്യം കാട്ടിയിരുന്നു. ധാരാളം പുരസ്കാരങ്ങളും ലഭിച്ചു. ഇന്നും ഞാൻ വീട്ടിൽ ചായ കുടിക്കുന്നത് ഒന്നാം ക്ലാസിൽ പുരസ്കാരമായി ലഭിച്ച ഗ്ലാസിലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എത്തിയപ്പോഴാണ് എനിക്ക് കലാപരമായും രാഷ്ട്രീയപരമായും വളർച്ച ഉണ്ടായത്. അന്നു കോളജിനു വെളിയിൽ വച്ചു കല്യാണസൗഗന്ധികം എന്ന ഒരു നാടകം കളിച്ചത് അച്ഛൻ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹം എന്റെ അഭിനയം കണ്ടൊന്ന് ചിരിച്ചു. ഞാൻ നന്നായി ചെയ്തു എന്ന് അദ്ദേഹം പറഞ്ഞതായി അമ്മയിൽ നിന്നുമാണ് അറിഞ്ഞത്. അല്ലാതെ നീ വളരെ നന്നായി ചെയ്തു എന്നൊന്നും അദ്ദേഹം ഒരിക്കലും പുകഴ്ത്തിയിട്ടില്ല. യൂണിവേഴ്സിറ്റി കോളജിൽ മികച്ച നാടകനടനുള്ള അവാർഡ് ഒരിക്കൽ എനിക്ക് കിട്ടിയിട്ടുണ്ട്.

അച്ഛൻ ഞങ്ങളെ വിട്ടുപോയതിനു ശേഷമാണ് ഞാൻ സിനിമയിലെത്തിയത്. ഭരത് ഗോപി എന്ന അതുല്യ നടൻ സംവിധാനം ചെയ്ത ‘മറവിയുടെ മണം’ എന്ന ടെലിഫിലിമിലൂടെ ഞാൻ ആദ്യമായി ക്യാമറയ്ക്കു മുൻപിലെത്തി. ‘വാസ്തവം’ എന്ന സിനിമയിലൂടെയാണ് ഞാൻ വെള്ളിത്തിരയിൽ എത്തുന്നത്.

∙കരമന ജനാർദനൻ നായർ വളരെ കർക്കശക്കാരനായ അച്ഛനായിരുന്നോ?

അതെ. വളരെ സ്ട്രിക്റ്റ് ആയിരുന്നു. അതേസമയം വളരെ സ്നേഹമുള്ള ആളുമായിരുന്നു. ഇന്നും ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ അച്ഛന്റെ പാദത്തിൽ തൊട്ടു നമസ്ക്കരിക്കാറുണ്ട്. ഞങ്ങളുടെ മക്കളേയും അത് ശീലിപ്പിച്ചിട്ടുണ്ട്.

∙അച്ഛനേക്കുറിച്ചുള്ള സിനിമാ ഓർമകൾ?

ഞാൻ ചെറുതായിരുന്നപ്പോൾ അച്ഛനും അടൂർ സാറിനുമൊപ്പം ‘ എലിപ്പത്തായം’ കണ്ടതോർമ്മയുണ്ട്. അന്നു ‘ അയ്യോ രാജമ്മേ ഓടി വരണം’ എന്നു അച്ഛൻ പറയുമ്പോൾ ഞാൻ ഉറക്കെയുറക്കെ ചിരിച്ചു. അടൂർ സാർ കയ്യിൽ പിടിച്ചതെല്ലാം ഇന്നും ഓർമയുണ്ട്. കോളജിൽ യൂണിയനിസവും നാടകവുമായി നടക്കുമ്പോൾ ജീവിക്കാൻ ഒരു ജോലി വേണമെന്നും ഒരു സ്ഥിര ജോലി നേടിയ ശേഷമേ സിനിമയിലെത്താവൂ എന്നുമൊക്കെ അച്ഛൻ ഉപദേശിച്ചിരുന്നു.

∙കോളജിൽ എസ് എഫ് ഐയുടെ നേതാവായിരുന്നു. പിൽക്കാലത്തു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയിൽ അലിയാർ എന്ന ഇടതുപക്ഷക്കാരന്റെ വേഷമിട്ടു. ജീവിതത്തിലെ ആശയങ്ങളോട് കൂടുതൽ ചേർന്നു നിന്ന ഒരു കഥാപാത്രമായിരുന്നില്ലേ അത്?

അതെ. ഞാൻ കമ്യൂണിസം എന്ന ഐഡിയോളജിയോടു ചായ്്വുള്ള ആളാണ്. പഴയ കമ്യൂണിസം അല്ല പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളാണ് വരേണ്ടത് എന്ന് വിശ്വസിക്കുന്നു. കമ്യൂണിസത്തോടു ചായ് വുള്ളതുകൊണ്ട് മറ്റുള്ള ഒരു രാഷ്ട്രീയക്കാരുമായും വിരോധമില്ല. കോൺഗ്രസ്കാരും ബി ജെ പിക്കാരും എനിക്ക് സൃഹൃത്തുക്കളായുണ്ട്.

∙‘ആമേൻ’ എന്ന സിനിമയിൽ മുഖത്ത് സാമ്പാർ വീഴുന്ന രംഗമുണ്ടല്ലോ? അതിനെക്കുറിച്ചുള്ള ഓർമ എന്താണ്?

ആമേനിലെ ക്യാരക്ടറിലെത്താൻ ഞാൻ കുറച്ച് സമയമെടുത്തു. സഹോദരിയോടു ‘അവൻ നിന്റെ ആരാ’ എന്ന് ചോദിക്കുന്നതിനു തൊട്ടു പിന്നാലെയാണ് നായിക സാമ്പാർ മുഖത്ത് വലിച്ചെറിയുന്നത്. ആദ്യത്തെ ടേക്കിൽ തന്നെ അത് ഓകെ ആയിരുന്നു. എന്നാൽ സാമ്പാറിന് അൽപം കട്ടിയുണ്ടായിരുന്നത് കൊണ്ട് ഇത്തിരി വെള്ളമൊഴിച്ച് ലൂസാക്കി രണ്ടാമതൊരു ടേക്ക് കൂടി എടുത്തു. ‘അവൻ നിന്റെ ആരാ’ എന്ന ഡയലോഗിലാണ് തൊട്ടുപിറകെ സാമ്പാർ മുഖത്തൊഴിക്കുന്നതിന്റെ ശക്തിയുള്ളത്.

∙ പെൺകുട്ടികൾ മാത്രമുള്ള സ്കൂളിലെ പ്രിൻസിപ്പൽ കൂടിയാണല്ലോ. പെൺകുട്ടികൾക്കു സുധീർ കരമന എന്ന അധ്യാപകനോടു പേടിയാണോ ബഹുമാനമാണോ അതോ തമാശയാണോ തോന്നുന്നത്?

മുപ്പത്തിയൊന്നാം വയസിൽ ഞാൻ പെൺകുട്ടികൾ മാത്രമുള്ള എയ്ഡഡ് സ്കൂളിന്റെ പ്രിൻസിപ്പൽ ആയതാണ്. സ്കൂളിൽ സിനിമയെക്കുറിച്ചൊന്നും സംസാരിക്കുവാൻ ഞാൻ ആർക്കും അവസരം നൽകാറില്ല. സിനിമ വേറെ, അധ്യാപനം വേറെ. എന്നോടു ഒരു വിദ്യാർഥിനിയും ഒരു സിനിമയെക്കുറിച്ചും അഭിപ്രായം പറയുവാൻ ഇതുവരെ മുതിർന്നിട്ടില്ല. അതുകൊണ്ട് എന്റെ റൂമിലെത്തി എന്തെങ്കിലും പറയുവാൻ അവർക്ക് ഒരു തരം ഭയമാണ്.

എന്നാൽ സ്കൂളിൽ ഓപ്പൺ ഫോറം ഉണ്ട്. അവിടെ പൊതുവായി എന്തും പറയുവാനുള്ള അവസരം ഞാൻ നൽകാറുണ്ട്. ‘ താങ്ക് യൂ’ വിലേയും ‘കർമ്മയോദ്ധ’യിലെയും പോലുള്ള ചില നെഗറ്റീവ് കഥാപാത്രങ്ങൾ വന്നപ്പോൾ കുട്ടികൾ എന്തു വിചാരിക്കും എന്നു കരുതി ഞാൻ ആശങ്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇന്നത്തെ കുട്ടികൾ നന്നായി അറിവുള്ളവരാണ്. കാര്യങ്ങൾ അതിന്റെ ശരിയായ സെൻസിൽ തന്നെ മനസിലാക്കുന്നു.

∙കുടുംബത്തെക്കുറിച്ച്?

അമ്മ ജയ ജെ നായർ, എന്റെ മിക്ക സിനിമയും കണ്ട് അഭിപ്രായം നേരായ രീതിയിൽ പറയും. ഭാര്യ അഞ്ജനയും ഒരു സ്കൂൾ അധ്യാപികയാണ്. കലയോടു ആഭിമുഖ്യമുള്ളയാളും നല്ല പിന്തുണ നൽകുന്ന വ്യക്തിയുമാണ്. ‘ നിർണായകം’ കണ്ടിട്ട് ഭാര്യ പറഞ്ഞത് ‘ വൃത്തിയുള്ള ഒരു റോൾ ചെയ്തു’ എന്നാണ്. മകൻ സൂര്യ നാരായണൻ, എൻജിനിയറിങ്ങിന് ചേർന്നു.മകൾ ഗൗരി കല്യാണം എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.