Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാണൻ പണയം വച്ച് പ്രണവ്

prana-action

‘ആദി’ കണ്ടിറങ്ങുന്നവർക്കെല്ലാം പറയാനുള്ളത് ഒന്നുമാത്രം...  പ്രണവിന്റെ ആക്‌ഷൻ സൂപ്പർ..!!  പിന്നിൽ മലയാളത്തിന് അത്രയും പരിചിതമല്ലാത്ത പാർക്കോർ (PARKOUR) എന്ന ആക്‌ഷൻ ടെക്നിക്. അസലായി പ്രയോഗിച്ച് പ്രണവ് കയ്യടിയും നേടി.

പാർക്കോർ

ഓട്ടം, ചാട്ടം, വലിഞ്ഞുകയറ്റം, തൂങ്ങിയാട്ടം, കരണംമറിച്ചിൽ, ഉരുളൽ, നാൽക്കാലിൽ നടക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വന്തം ചലനങ്ങളെ ക്രമീകരിച്ച് അപകടങ്ങൾ മറികടക്കുക എന്നതാണു പാർക്കോറിന്റെ തിയറി. മെയ്‌വഴക്കവും കഠിനമായ പരിശീലനവും ഇതിന് അത്യാവശ്യം. ചെറിയ പിഴവുകൾപോലും വലിയ പരുക്കുകൾക്കു കാരണമാകും. ഫ്രാൻസാണ് ഇൗ തന്ത്രത്തിന്റെ പിറവികേന്ദ്രം. 1980 കാലഘട്ടത്തിൽ റെയ്മണ്ട് ബെല്ലേ എന്നയാളാണ് ഇന്നത്തെ പരുവത്തിലാക്കിയത്. ആദിയുടെ പിന്നണിയിലുള്ളതും ഫ്രാൻസിൽ നിന്നുള്ള സ്റ്റണ്ട് വിദഗ്ധരാണ്.

പാർക്കോറിന് വേണ്ടതെന്ത്?

ചടുല ചലനങ്ങൾ. ഓരോ പ്രതിസന്ധിക്കും ഏതു മൂവ്മെന്റ് എന്ന് ഒരു നിമിഷാർഥത്തിനുള്ളിൽ തീരുമാനിച്ചു പ്രവർത്തിക്കണം. സ്കൂളിൽ പഠിക്കുമ്പോൾ ഇത്തരത്തിൽ ചെറിയൊരു പരിശീലനം പ്രണവിനു ലഭിച്ചിരുന്നതായി ആദിയുടെ സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. സിനിമയ്ക്കായി ഒരു മാസത്തോളം തായ്‌ലൻഡിൽ പരിശീലിച്ചു. മികച്ച മെയ്‌വഴക്കമുള്ള പ്രണവ് മൂന്നാഴ്ചകൊണ്ടു തന്നെ വിദ്യകൾ വശത്താക്കി. ആദ്യം സമീപിച്ചതു ഡിസ്ട്രിക്ട് 13 എന്ന ഹോളിവുഡ് ആക്‌ഷൻ സിനിമയിലെ പ്രധാന താരമായ ഡേവിഡ് ബെല്ലേയെയാണ്. 

prana-action-1

അദ്ദേഹമാണ് ഇപ്പോഴത്തെ സ്റ്റണ്ട് കൊറിയോഗ്രഫർമാരെ നിർദേശിച്ചത്. ഡേവിഡിനൊപ്പം സിനിമയിലുണ്ടായിരുന്ന ചാവു ഈ ചിത്രത്തിൽ സംഘട്ടന രംഗത്തിലുണ്ട്. ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു പാർക്കോർ രംഗങ്ങളുടെ ചിത്രീകരണം.

പ്രാണൻ പണയം വച്ച് പ്രണവ്

ഡ്യൂപ്പില്ലാതെ സ്വയംചെയ്ത പ്രണവിന്റെ ചങ്കൂറ്റത്തെ ജീത്തു ജോസഫും നമിച്ചു പോയി. ഷൂട്ടിങ്ങിനിടെ ഒട്ടേറെത്തവണ പ്രണവിനു ചില്ലറ പരുക്കുകൾ പറ്റിയിരുന്നതായി ജീത്തു പറയുന്നു. ഒരിക്കൽ, വാഹനം ഇടിക്കാതെ പ്രണവ് രക്ഷപ്പെട്ടതും തലനാരിഴയ്ക്കായിരുന്നു. ഒരു വാഹനത്തെ മറികടക്കുന്ന സീനാണു ചിത്രീകരിക്കുന്നത്. ആക്‌ഷൻ പറഞ്ഞെങ്കിലും വാഹനം മുന്നോട്ടു നീങ്ങാൻ വൈകി. ജീത്തു കട്ട് പറഞ്ഞെങ്കിലും ആക്‌ഷൻ കൊറിയോഗ്രഫർ അത് കേട്ടിരുന്നില്ല. അയാൾ പ്രണവിനെ ബന്ധിച്ചിരുന്ന റോപ്പ് അഴിച്ചു താഴേക്കുതന്നെ വിട്ടുകൊണ്ടിരുന്നു. അപകടം തോന്നി റോപ്പ് പിടിച്ചു നിർത്തിയതും കാർ വന്നു മുന്നിൽ ബ്രേക്കിട്ടതും ഒന്നിച്ചായിരുന്നു.