പ്രേതബാധയുള്ള വീട്ടിൽ നിത്യ മേനോൻ ഒറ്റയ്ക്ക്; പ്രാണ ട്രെയിലർ

നിത്യ മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന 'പ്രാണ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വി.കെ. പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രേതബാധയുള്ള വീട്ടിൽ ഒരു പെൺകുട്ടി താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽപെടുന്നു.  പ്രേക്ഷകരിൽ ആകാംഷയും ഭയവും ജനിപ്പിക്കും വിധമാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിത്യ മേനോനാണ് സിനിമയിലെ ഏക കഥാപാത്രം.

മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി ഏറെ പ്രത്യേകതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.

പ്രശസ്ത ക്യാമറാമാന്‍ പി.സി. ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ.  കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‌സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.