Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാല്‍ വന്നപ്പോഴും ഞാന്‍ എത്തിയില്ല

jagadish

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രതിരോധ മന്ത്രിയുടെ കസേരയില്‍ മലയാളിയായിരുന്നു. അദ്ദേഹം സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇതാ മറ്റൊരു മലയാളി പ്രതിരോധ സെക്രട്ടറിയുടെ കസേരയില്‍ എത്തിയിരിക്കുന്നു. തിരുവനന്തപുരത്തു മോഡല്‍ സ്കൂളിലും ആര്‍ട്സ് കോളജിലും ഒരേ ക്ളാസില്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ച ജി. മോഹന്‍കുമാര്‍ എന്ന സുഹൃത്ത് ഇത്തരമൊരു ഉന്നത പദവിയില്‍ എത്തുമ്പോള്‍ എനിക്ക് ഇരട്ട ആഹ്ളാദമാണ്.

എസ്എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഒന്നാം റാങ്ക് നേടിയ പി. കുമാര്‍, മുരളി, നീലകണ്ഠന്‍ എന്നിവരായിരുന്നു മോഡല്‍ സ്കൂളിലെ ഞങ്ങളുടെ കൂട്ടുകാര്‍. ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി ഭാഷാ വൈവിധ്യം എന്ന പേരില്‍ നാടകം അവതരിപ്പിച്ചിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകള്‍ മാത്രം അറിയാവുന്നവര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളായിരുന്നു നാടകം. അതില്‍ ഇംഗ്ലിഷ് മാത്രം അറിയാവുന്നയാളെ അവതരിപ്പിച്ചത് മോഹനായിരുന്നു. ഇംഗ്ലിഷ് പ്രഫസറുടെ പുത്രനായതിനാല്‍ മോഹന് ഇംഗ്ലിഷ് നന്നായി വഴങ്ങുമായിരുന്നു.

മോഹന്‍ അന്നേ വളരെ മാന്യനായിരുന്നു. പ്രായത്തെക്കാള്‍ പക്വത കൂടുതല്‍. അതിനാല്‍ എന്റെ ഉപദേശകരില്‍ ഒരാളായിരുന്നു അദ്ദേഹം. മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ആയിടയ്ക്ക് എന്നെ മോഹന്‍ ഉപ്പളം റോഡിലുള്ള സ്വന്തം വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി. മോഹന്റെ പിതാവും പ്രഫസറുമായ ഡോ. എം. ഗോപിനാഥന്‍ നായര്‍ സാറും അമ്മ ശാരദാമ്മയും എന്നെ വിഐപിയെ പോലെയാണു സ്വീകരിച്ചത്.

അങ്ങനെ ഞാന്‍ അവരുടെ കുടുംബാംഗം പോലെ ആയി. മോഹന്റെ അനുജനും ചലച്ചിത്ര നിര്‍മാതാവുമായ ജി. സുരേഷ്കുമാര്‍ അക്കാലത്തു മോഡല്‍ സ്കൂളില്‍ ഞങ്ങളുടെ ജൂനിയറായി പഠിക്കുന്നുണ്ടായിരുന്നു. സുരേഷ് മാത്രമല്ല, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവരും അന്നു ഞങ്ങളുടെ ജൂനിയറായി മോഡല്‍ സ്കൂളില്‍ ഉണ്ടായിരുന്നു.

ആര്‍ട്സ് കോളജില്‍ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് എടുത്തു ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നപ്പോഴും ഒരേ ക്ളാസിലായിരുന്നു. മോഹന്‍ലാലിന്റെ ജ്യേഷ്ഠന്‍ പ്യാരിലാല്‍ അന്ന് ഞങ്ങള്‍ക്കൊപ്പം പഠിക്കാനുണ്ടായിരുന്നു. പ്രിഡിഗ്രി ഒന്നാം വര്‍ഷം ക്ളാസ് റപ്രസന്ററ്റിവ് ആയി കെഎസ് യു സ്ഥാനാര്‍ഥിയായി ഞാന്‍ ജയിച്ചു. രണ്ടാം വര്‍ഷം ഞാന്‍ ആര്‍ട്സ് ക്ളബ് സെക്രട്ടറിയായി മല്‍സരിച്ചപ്പോള്‍ രണ്ടാം വര്‍ഷ ക്ളാസ് റപ്രസന്ററ്റീവ് ആയി കെഎസ്യു പാനലില്‍ മല്‍സരിച്ചതു മോഹനായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ രണ്ടു പേരും തിരഞ്ഞെടുക്കപ്പെട്ടു.

പ്രായത്തില്‍ കവിഞ്ഞ പക്വതയും സത്യസന്ധതയും മൂലം പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തു മോഹന് ഗാന്ധിയെന്ന് ഇരട്ടപ്പേരു വീണു. ഇത്ര സത്യസന്ധനായ ഒരു ഓഫിസറെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത് കേന്ദ്ര സര്‍ക്കാരിനു ഗുണം ചെയ്യും. അക്കാലത്ത് എല്ലാവരും എന്‍സിസിയില്‍ ചേരണമെന്നു നിര്‍ബന്ധമായിരുന്നു. പഠിത്തത്തില്‍ താല്‍പര്യമുള്ള മോഹന് എന്‍സിസി അത്ര ഇഷ്ടമില്ലായിരുന്നു. എല്ലാ ശനിയാഴ്ചയും എന്‍സിസി പരേഡ് ഉണ്ട്. അതു കഴിയുമ്പോള്‍ രണ്ട് ഏത്തപ്പഴവും ബിസ്കറ്റും ലഭിക്കും. ഇതില്‍ ഒരെണ്ണം കഴിച്ച ശേഷം രണ്ടാമത്തെ ഏത്തപ്പഴം മോഹന്‍ എനിക്കു തരും. രണ്ട് ഏത്തപ്പഴം കഴിച്ച എനിക്കു വേണ്ടെന്നു പറഞ്ഞാല്‍ വീട്ടില്‍ കൊണ്ടു പൊയ്ക്കൊള്ളാന്‍ ആവശ്യപ്പെടുമായിരുന്നു. പരേഡ് കഴിഞ്ഞ് ഏത്തപ്പഴവുമായിട്ടാണ് എന്റെ മടക്കയാത്ര. രണ്ടാം വര്‍ഷം ആര്‍ട്സ് ക്ളബ് സെക്രട്ടറി ആയതോടെ ഞാന്‍ എന്‍സിസിയില്‍ നിന്ന് ഒഴിവായതു മോഹനു വിഷമമായി.

പഠിക്കുന്ന കാലത്തു തേങ്ങാവെള്ളം ഏതൊക്കെ രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതില്‍ ഗവേഷണം നടത്തിയ മോഹന്‍, ശാസ്ത്ര മേളയില്‍ പങ്കെടുത്ത് അംഗീകാരങ്ങള്‍ നേടിയിരുന്നു. ഞങ്ങളൊക്കെ കരുതിയത് അദ്ദേഹം വലിയൊരു ശാസ്ത്രജ്ഞനാകുമെന്നായിരുന്നു.

പ്രീഡിഗ്രി കോഴ്സ് അവസാനിച്ചപ്പോള്‍ മോഹന്റെ നേതൃത്വത്തിലാണു സോഷ്യല്‍ നടത്തിയത്. 82 പേരില്‍ നിന്നു 10 രൂപ വീതം 820 രൂപ പിരിച്ചെടുത്തു. അടിപൊളിയായി സോഷ്യല്‍ നടത്തി. ആറു രൂപ മിച്ചമുണ്ട്. ഈ തുക ക്ളാസിലെ 82 പേര്‍ക്കു തുല്യമായി വീതിച്ചു കൊടുക്കണമെന്നായി മോഹന്‍. സിനിമയ്ക്കു പോകാമെന്നുമായി ഞാന്‍.

ധാര്‍മികമായി അതു ശരിയല്ലെന്നും കണക്ക് അവതരിപ്പിച്ച ശേഷം മിച്ചമുള്ള തുക എല്ലാവരെയും ബോധ്യപ്പെടുത്തണമെന്നും മോഹന്‍ ആവശ്യപ്പെട്ടു. അങ്ങനെ കണക്ക് എല്ലാവരുടെയും മുന്നില്‍ അവതരിപ്പിച്ചു. ആറു രൂപ മിച്ചമുള്ളത് എല്ലാവര്‍ക്കും വീതിച്ചു നല്‍കണമെന്നു മോഹന്‍ പറഞ്ഞുവെന്നും അതു നടപ്പില്ലാത്തതിനാല്‍ തങ്ങള്‍ സിനിമ കാണാന്‍ പോവുകയാണെന്നും എതിര്‍പ്പുള്ളവര്‍ പറയണമെന്നും ഞാന്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. എല്ലാവരും കയ്യടികളോടെ അത് അംഗീകരിച്ചു. പ്രീഡിഗ്രി പരീക്ഷ കഴിയുന്നതു വരെ ആറു രൂപ മോഹന്‍ സൂക്ഷിച്ചു വച്ചിരുന്നു.

പ്രിഡിഗ്രി കഴിഞ്ഞപ്പോള്‍ മോഹന്‍, യൂണിവേഴ്സിറ്റി കോളജില്‍ ബിഎസ്?സി കെമിസ്ട്രിക്കു ചേര്‍ന്നു. ഞാന്‍ ആര്‍ട്സ് കോളജില്‍ ബികോമിനും.

എന്റെ വിവാഹം നിശ്ചയിച്ച കാര്യം മോഹനെ വിളിച്ചറിയിച്ചപ്പോള്‍ മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ജഗദീഷേ..അന്നു തന്നെയാണ് എന്റെയും കല്യാണം. എന്തായാലും ട്രിവാന്‍ഡ്രം ക്ളബ്ബില്‍ എന്റെ വിവാഹം നടന്ന ദിവസം തന്നെ തൊട്ടടുത്തു ശ്രീമൂലം ക്ളബ്ബില്‍ മോഹന്റെ കല്യാണം നടന്നു. രണ്ടു പേരും വിവാഹം ചെയ്തിരിക്കുന്നതു ഡോക്ടര്‍മാരെയാണ്. ഇരുവര്‍ക്കും രണ്ടു പെണ്‍മക്കള്‍ വീതമാണ് ഉള്ളത്.

ഞാന്‍ സിനിമയില്‍ വരുമെന്ന് ആദ്യം പ്രവചിച്ചതു മോഹനായിരുന്നു. പ്രിയനും മോഹന്‍ലാലും സിനിമയില്‍ വന്നപ്പോഴും ഞാന്‍ എത്തിയിരുന്നില്ല. ഒരിക്കല്‍ അനുജന്‍ സുരേഷ് കുമാറിനെ വിളിച്ചു മോഹന്‍ പറഞ്ഞു. ജഗദീഷിനെ സിനിമയില്‍ കയറ്റിയേ പറ്റൂ.... അങ്ങനെ കോളജ് അധ്യാപകനായ ഞാന്‍ സുരേഷിന്റെയും പ്രിയന്റെയും സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.