Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ അപ്‌ലോഡിങ്: കുട്ടികളെ കുടുക്കുന്നത് ആരാണ്?

piracy-movie

‘പ്രേമം’ വ്യാജനെ അപ്‌ലോഡ് ചെയ്തതിന് ആദ്യം കുടുങ്ങിയത് കൊല്ലം സ്വദേശികളായ മൂന്നു വിദ്യാർഥികൾ. ഇതിനു മുൻപ് ‘ദൃശ്യം’ സിനിമ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് കുടുങ്ങിയത് കൊട്ടാരക്കര സ്വദേശിയായ പ്ലസ് ടു വിദ്യാർഥി. 2012ൽ ‘ബാച്‌ലർ പാർട്ടി’ എന്ന സിനിമയുടെ ഡിവിഡി കോപ്പി ഇന്റർനെറ്റിലെത്തിച്ചതിന് കുടുങ്ങിയത് പുണെയിൽ പഠിക്കുന്ന മലയാളി വിദ്യാർഥി. അതേസമയത്തു തന്നെ സ്നേഹവീട്, ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ സിനിമകൾ അപ്‌ലോഡ് ചെയ്തതിന് പിടികൂടിയത് തൃശൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ. കക്ഷി വീട്ടിലിരുന്ന് വിദൂരവിദ്യാഭ്യാസ പഠനത്തിലായിരുന്നു. അതിന്റെ പേരുപറഞ്ഞാണ് കംപ്യൂട്ടർ വാങ്ങിയതുതന്നെ.

ഓർഡിനറി എന്ന സിനിമയുടെ സിഡിയിറങ്ങി അത് വൻവിൽപനയുമായി കുതിച്ചുപായുന്ന നേരത്താണ് ആരോ സിനിമ നെറ്റിൽ അ‌പ്‌ലോഡ് ചെയ്തത്. അതിന്റെ അന്വേഷണം എത്തിനിന്നതും ഒരു വിദ്യാർഥിയിൽ. ഇത്തരം കേസുകൾ കൂടിയപ്പോൾ നടത്തിയ അന്വേഷണത്തില്‍ എട്ടാം ക്ലാസ് വിദ്യാർഥി വരെ ഇത്തരത്തില്‍ അപ്‌ലോഡിങ് നടത്തുന്നതായി ആന്റി പൈറസി സെൽ കണ്ടെത്തിയിരുന്നു. പലർക്കെതിരെയും കേസെടുത്തില്ല, എന്നാൽ ഒട്ടേറെപ്പേരെ മാതാപിതാക്കളോടൊപ്പം വിളിച്ചുവരുത്തി ബോധവൽകരണം നടത്തി തിരിച്ചയക്കുകയായിരുന്നു.

വൻകിട മാഫിയകൾ പുളയ്ക്കുന്ന സിനിമാപൈറസി മേഖലയിൽ എന്തുകൊണ്ടാണ് എല്ലായിപ്പോഴും കുട്ടികൾ തന്നെ ആദ്യം പിടിയിലാകുന്നത്? വൻകിട സ്രാവുകളെ പിടികൂടുന്നതിനുള്ള ഒരു തുമ്പു പോലും ഈ കുട്ടികളിൽ നിന്നു ലഭിക്കാത്തതെന്താണ്? ഉത്തരം സംസ്ഥാന ആന്റി പൈറസി സെൽ അധികൃതർ തന്നെ പറയും– സിനിമ ഡൗൺലോഡിങ് മാഫിയ ചെറുപ്പത്തെ കുടുക്കുന്നത് പണം കൊടുത്തല്ല, പ്രശസ്‌തി കൊടുത്താണ്.

നെറ്റ് ലോകത്തെ പ്രശസ്‌തി ലക്ഷ്യമിട്ടാണ് പല കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഈ സിനിമാഡൗൺലോഡിങ്. മല്ലു ഡ്രീംസ്, കേരള ട്രിബ്യൂട്ട്, മല്ലു ട്രൈബ് എന്നിങ്ങനെ ഇന്റർനെറ്റിൽ അനധികൃത സിനിമ അപ്‌ലോഡിങ്ങിനു സഹായിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകളുണ്ട്. ഇവയിലെല്ലാം ആയിരക്കണക്കിന് അംഗങ്ങളും. ഒരുതരത്തിൽ പറഞ്ഞാൽ പലരും വ്യാജ പ്രൊഫൈൽ പേരുകളിലാണ് ഇതിൽ അംഗങ്ങളായിരിക്കുന്നത്.

എന്നാൽ സിനിമകൾ അപ്‌ലോഡ് ചെയ്യുന്ന ‘വീരന്മാർക്ക് ’ നെറ്റ്ലോകത്തില്‍ പൊതുവെ ഒരു പേരുണ്ട്‌–റിലീസർ. വ്യാജപ്രൊഫൈൽപേരുകളിൽ ഇത്തരം ‘റിലീസർ’മാരുടെ സംഘമാണ് ഓരോ വെബ്സൈറ്റിലേക്കും പുതിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. പരസ്പരം അറിയാത്ത, തങ്ങൾ അംഗമായ വെബ്സൈറ്റ് തീർത്ത പ്ലാറ്റ്ഫോമിൽ പരസ്പരം ‘മത്സരിക്കുന്ന’, ഒരു രഹസ്യഗ്രൂപ്പാണ് ഇവരുടേത്. ഓരോ വെബ്സൈറ്റിലും ആരാണ് ആദ്യമായി ഒരു പുതിയ സിനിമ അപ്‌ലോഡ് ചെയ്യുന്നത് എന്നതാണ് ഇവർ തമ്മിലുള്ള മത്സരം. അത് തിയേറ്ററിൽ നിന്നു പകർത്തിയതാകാം, ഹാക്ക് ചെയ്തും മറ്റും കൈക്കലാക്കിയ വ്യാജകോപ്പിയായിരിക്കാം, പുതുതായി സിഡിയായി ഇറങ്ങിയതുമാകാം.

പ്രേമത്തിന്റെ സെൻസർ കോപ്പിയാണ് അപ്‌ലോഡ് ചെയ്യപ്പെട്ടതെങ്കിൽ ബാച്ച്‌ലർ പാർട്ടിയുടെയും ഗ്രാൻഡ് മാസ്റ്ററിന്റെയുമെല്ലാം സിഡി പുറത്തിറങ്ങിയതിനു തൊട്ടുപിറകെയായിരുന്നു അവ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്.(പല സി‍ഡികളും റൈറ്റിങ്ങിനു പോലും വിധേയമാക്കാൻ സാധിക്കാത്ത വിധം പ്രൊട്ടക്റ്റഡും ആയിരുന്നു. അത് ക്രാക്ക് ചെയ്ത് സിനിമ അപ്‌ലോഡ് ചെയ്യുന്നതും ഒരു ഹരം) പ്രേമം സിനിമ അപ്‌ലോഡ് ചെയ്ത വിദ്യാർഥികളിലൊരാൾ ഹാക്കിങ്ങിൽ ഉൾപ്പെടെ വിദഗ്ധനായിരുന്നുവെന്ന റിപ്പോർട്ടും ഇതോടൊപ്പ വായിക്കാം.

അനധികൃതമായി വെബ്‌സൈറ്റിൽ ആദ്യം സിനിമ റിലീസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് പ്രമോഷനും ഗ്രേഡുകളുമൊക്കെയായുള്ള പദവികളാണ്. അത്തരത്തിൽ പരസ്പരം അറിയാത്ത ഒരു സംഘത്തിലെ സ്റ്റാറാകാനാണ് മിക്ക റിലീസർമാരും ഈ ‘അതിക്രമം’ മുഴുവൻ കാണിക്കുന്നത്. ഇത്തരം ‘നെറ്റ് സ്റ്റാര്‍’ പദവിയിൽ അഭിരമിക്കുക കൗമാരക്കാരാണെന്നും അവരെ കുടുക്കാൻ എളുപ്പമാണെന്നും ഇതിനു പിന്നിലെ വമ്പൻ സ്രാവുകൾക്ക് നന്നായറിയാം.

ഗ്രേഡുകൾ കയറി മിടുക്കന്മാരായാൽ ഇവർക്ക് ‌കൂടുതൽ വേഗത്തിൽ ഡൗൺലോഡ് സാധ്യമാക്കുന്ന സോഫ്‌റ്റ്‌വെയറുകളും ഹാർഡ്ഡിസ്കുമെല്ലാം വാങ്ങാനുള്ള പണവും കിട്ടിക്കൊണ്ടേയിരിക്കും. എന്നാൽ ഭൂരിപക്ഷം പേരും ഈ അപ്‌ലോഡിങ് സേവനത്തിന് പണമായി ഒന്നും വാങ്ങുന്നില്ല. ഇക്കാര്യം പിടിയിലായ വിദ്യാർഥികളെല്ലാവരും സമ്മതിച്ചതുമാണ്. ഇവർക്ക് പണം ലഭിക്കുന്നില്ലെന്ന് ആന്റി പൈറസി സെല്ലും വ്യക്തമാക്കുന്നു.

നെറ്റ്‌ലോകത്ത് മറ്റുള്ളവരുടെ മുന്നിൽ ‘കിടിലം’ ആവുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇവരുടെ ഹാക്കിങ്, ക്രാക്കിങ് കഴിവുകളിൽ മനംനിറഞ്ഞ് പൈറസി മാഫിയ തലവന്മാർ പുതിയ ടൂളുകളും സോഫ്റ്റ്‌വെയറുകളും സമ്മാനിക്കുന്നത് അഭിമാനമായി കരുതുന്നവരാണ് പലരും. പൊലീസ് വീട്ടിലെത്തുമ്പോഴാണ് രക്ഷിതാക്കൾ പോലും ഈ സംഭവത്തെപ്പറ്റി അറിയുന്നത്. താൻ ചെയ്യുന്നത് പൊലീസ് വീട്ടിലേക്ക് അന്വേഷിച്ചു വരുന്നത്ര ഗൗരവമുള്ള ഒരു കാര്യമായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നു വരെ പറഞ്ഞിട്ടുണ്ട് പിടിയിലായ ചില ‘കുട്ടി ഡൗൺലോഡുകാർ’. ‌ഇതിനെപ്പറ്റി ആന്റി പൈറസി സെൽ കൂടുതൽ ചോദിച്ചപ്പോൾ താൻ അംഗമായ വെബ്സൈറ്റിന്റെ പേരല്ലാതെ സംഘത്തിലെ ഒരാളെപ്പോലും അവർക്കറിയില്ലായിരുന്നു. പ്രസ്തുത വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടും കാര്യമില്ല–സംഘത്തലവന്മാർ പുതിയ വെബ്സൈറ്റ് രൂപീകരിച്ച്, കൂടുതൽ കുട്ടി റിലീസർമാരെയും ലക്ഷ്യമിട്ട് പുത്തൻവേട്ട തുടങ്ങിയിട്ടുണ്ടാകും.

ഇത്രയും സംഭവങ്ങളുണ്ടായിട്ടും, ഒട്ടേറെ ബോധവൽകരണങ്ങൾ നടത്തിയിട്ടും, അതിൽ നിന്നൊന്നും ഒരു പാഠവും പഠിക്കാതെ ഇപ്പോഴും ആന്റി പൈറസി സെല്ലിന്റെ കയ്യിൽ കുട്ടികൾ കുടുങ്ങുന്നത് തന്നെ ഈ പൈറസിമാഫിയകൾ ഇപ്പോഴും നമുക്കു ചുറ്റുമുണ്ടെന്നതിന് ഏറ്റവും മികച്ച ഉദാഹരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.