Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് യോഗ്യൻ, എന്താണ് യോഗ്യത...

gajendra-chauhan

സീരിയൽ നടൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?, അഥവാ സീരിയലിൽ അഭിനയിച്ചു എന്നത് യോഗ്യതക്കുറവായി കാണേണ്ടതുണ്ടോ?, അതോ മികവ് പരിഗണിക്കാതെ രാഷ്ട്രീയപ്രേരിതമായി നിയമനം നടത്തുന്നതിനോടാണോ എതിർപ്പ്?, അതിനുമപ്പുറം സാംസ്കാരിക ഫാസിസത്തിനതിരായ പോരാട്ടം എന്ന തലത്തിലാണോ പ്രതിഷേധം?.. ഇങ്ങനെ ചില ചർച്ചകൾ പോയ വാരം സമൂഹമാധ്യമങ്ങളിൽ സജീവമായി നടന്നു, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) ചെയർമാനായി സീരിയൽ–ചലച്ചിത്ര നടൻ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിയനമം പ്രഖ്യാപിച്ചതുമുതൽ പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരം തുടങ്ങി. ഗജേന്ദ്ര ചൗഹാനെ അംഗീകരിക്കില്ലെന്ന വിദ്യാർഥികളുടെ നിലപാടിനെ പിന്തുണച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ സമരം നടന്നുവരുന്നു. കേരളത്തിലാണ് ഏറ്റവും രൂക്ഷമായ പ്രതികരണമുയർന്നത്. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥികളടക്കമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോട്ടും കൊച്ചിയിലും തൃശൂരും ആലപ്പുഴയിലുമെല്ലാം പ്രകടനങ്ങൾ നടന്നു. നാളെ തിരുവനന്തപുരത്ത് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധവുമായി ഒത്തുചേരും.

ആരാണ് ഗജേന്ദ്ര ചൗഹാൻ

‘മഹാഭാരത്’ പരമ്പരയിൽ യുധിഷ്ഠിരന്റെ വേഷത്തിലൂടെ പ്രശസ്തനായ ഗജേന്ദ്ര ചൗഹാൻ 34 വർഷമായി ചലച്ചിത്ര–ടെലിവിഷൻ രംഗത്തുണ്ട്. അറുനൂറോളം സീരിയലുകളിലും മസാല ചിത്രങ്ങളുൾപ്പെടെ 150 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഡൽഹി സ്വദേശിയായ ഗജേന്ദ്ര മെഡിക്കൽ സ്കൂളിലെ ജോലി ഉപേക്ഷിച്ച് സിനിമാക്കാരനാകാൻ ബോംബെയ്ക്കു വണ്ടി കയറിയതാണ്. ഇന്ത്യയുടെ ടെലിവിഷൻ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ‘മഹാഭാരതി’ൽ ശ്രീകൃഷ്ണന്റെ റോൾ അവതരിപ്പിക്കാനായിരുന്നു ക്ഷണം ലഭിച്ചത്. രണ്ട് എപ്പിസോഡുകളിൽ കൃഷ്ണനായി വേഷമിടുകയും ചെയ്തു. എന്നാൽ പിന്നീട് കുറേ നാളത്തേക്ക് പ്രോജക്ട് മുടങ്ങി. ഗജേന്ദ്ര മറ്റു തിരക്കുകളിലായി. മഹാഭാരത് വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും ഗജേന്ദ്ര കൃഷ്ണന്റെ വേഷത്തിനു ചേരാത്ത വിധം വണ്ണം വച്ചിരുന്നു. അങ്ങനെയാണ് ധർമപുത്രരുടെ റോൾ തേടിയെത്തിയത്. എതിർപ്പിനു കാരണം

chauhan

രാജ്യത്തെ സാംസ്കാരികമായി മുന്നോട്ടു നയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയപ്രേരിതമായ നിയമനം നടത്തുന്നുവെന്നാണ് പ്രധാന ആരോപണം. ബിജെപി അംഗമാണ് ഗജേന്ദ്ര ചൗഹാൻ. പാർട്ടി സാംസ്കാരിക വിഭാഗത്തിന്റെ ജോയിന്റ് കൺവീനറും ആയിരുന്നു. ഈ ‘യോഗ്യത’യാണ് പല പ്രമുഖരെയും പിന്തള്ളി ചെയർമാൻ സ്ഥാനത്തേക്കെത്താൻ ചൗഹാനെ സഹായിച്ചതെന്ന് പറയുന്നു. ‘ഉന്നത ശ്രേണിയിലുള്ള കലാകാരനായിരിക്കണം എഫ്ടിഐഐ ചെയർമാൻ സ്ഥാനത്ത് എത്തേണ്ടത്. കഴിയുന്നതും ഒരു ഫിലംമേക്കറുമാകണം. ഏതെങ്കിലും രാഷ്്ട്രീയ സംഘടനയുടെ പ്രതിനിധിയെ പ്രതിഷ്ഠിക്കേണ്ട ഇടമല്ല അത്’ - അടൂർ ചൂണ്ടിക്കാട്ടുന്നു.

ഒരു വർഷത്തിനിടെ മോദി സർക്കാർ ഇത്തരത്തിൽ നടത്തിയ നിയനമനങ്ങളെല്ലാം സംശയാസ്പദമായിരുന്നുവെന്ന് വാദമുണ്ട്. മോദിക്കുവേണ്ടി പ്രമോഷനൽ വിഡിയോ നിർമിച്ച പങ്കജ് നിഹ്‌ലാഹിനിയെ സെൻസർ ബോർഡ് അധ്യക്ഷസ്ഥാനത്ത് എത്തിച്ചതും ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്ന മുകേഷ് ഖന്നയെ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ചെയർമാനാക്കിയതുമെല്ലാം വിവാദമായിരുന്നു. ‘മഹാഭാരത്’ പരമ്പരയിൽ ഭീമനായി വേഷമിട്ട മുകേഷ് ഖന്നയ്ക്ക് ആ വകയിലൊരു ബന്ധം ഗജേന്ദ്ര ചൗഹാനുമായി ഉണ്ട്.

അതേസമയം ഒരാൾ ടിവി സീരിയലുകളിലോ മസാല ചിത്രങ്ങളിലോ അഭിനയിച്ചത് അയോഗ്യതയായി മാറുന്നതെങ്ങനെയെന്നാണ് ചൗഹാനെ അനുകൂലിക്കുന്നവരുടെ ചോദ്യം. മികവു തെളിയിക്കാൻ തനിക്കൊരു അവസരം തരൂ എന്ന് ചൗഹാനും പറയുന്നു. ‘ സമരം എന്തിനെന്നു മനസ്സിലാകുന്നില്ല. അവരുമായി ചർച്ചയ്ക്കു തയാറാണ്. എനിക്കൊരു അവസരം തരിക. എഫ്ടിഐഐയുടെ ഉന്നമനം മാത്രമാണ് എന്റെ അജണ്ട. കഴിഞ്ഞ 34 വർഷമായി ചലച്ചിത്ര മേഖലയിലുള്ളയാളാണ് ഞാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിനി ആൻഡ് ടെലിവിഷൻ അസോസിയേഷനിലും സജീവം. എന്റെ കഴിവുകൾ തിരിച്ചറിയാതെ എതിർക്കുന്നത് അനുചിതമാണ്. എതിർപ്പുകൾ മികച്ച പ്രകടനം നടത്താൻ കരുത്തു പകരുകയേയുള്ളൂ’ ചൗഹാന്റെ നിലപാട് ഇങ്ങനെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.