പുള്ളിക്കാരൻ സ്റ്റാറാ, സത്യമായും ! റിവ്യു

ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന് സാധാരണയുണ്ടാകുന്ന അമിത പ്രതീക്ഷകളുടെ ഭാരമില്ല എന്നുള്ളതായിരുന്നു പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. യൂട്യൂബിലും ഫെയ്സ്ബുക്കിലുമൊക്കെ നക്കാപ്പിച്ച കണക്കും പറഞ്ഞുള്ള ഫാൻസുകാരുടെ തിക്കിത്തിരക്കും ഇൗ ചിത്രത്തെ ചൊല്ലി ഉണ്ടായില്ലെന്നതു അത്ഭുതാവഹം. അതൊക്കെ എന്തുമായിക്കൊള്ളട്ടെ, പുള്ളിക്കാരൻ സ്റ്റാറാ ഒരു ഫീൽ ഗുഡ് ചിത്രം തന്നെയാണ്. സ്റ്റാർ എന്നതു പേരിൽ മാത്രമുള്ള സാധാരണക്കാരുടെ കഥ പറയുന്ന സാധാരണ ചിത്രം. 

അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരനാണ് (മമ്മൂട്ടി) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സ്ത്രീകളോടുള്ള സമ്പർക്കം കുറവാണെങ്കിലും സ്ത്രീവിഷയത്തിൽ ഒട്ടേറെ പേരുദോഷവും അദ്ദേഹത്തിനുണ്ട്. പ്രായമേറെയായിട്ടും വിവാഹിതനാവാത്ത രാജകുമാരന്റെ ജീവിതത്തിലേക്ക് ചില സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. 

ചിത്രത്തിലെ ഏറ്റവും ആകർഷണീയമായ ഭാഗം അതിന്റെ ആദ്യ പകുതി തന്നെയാണ്. നർമരസപ്രധാനവും ഒപ്പം കാര്യമാത്രപ്രസക്തവുമാണ് അദ്യ ഭാഗങ്ങൾ. മമ്മൂട്ടി, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവർ ചേർന്നുള്ള പ്രകടനം പ്രേക്ഷകനെ രസിപ്പിക്കും. ലളിതമായ എന്നാൽ കഥാപാത്രത്തോട് യോജിച്ച രീതിയിലുള്ള മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയണം. ലൗഡ്സ്പീക്കർ എന്ന സിനിമയിലെ തോപ്രാംകുടിക്കാരൻ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് പറയാമെങ്കിലും ആ കഥാപാത്രത്തിന്റെ നിഴൽ പോലും രാജകുമാരനിൽ വീണിട്ടില്ല. സാരോപദേശങ്ങൾ ചിത്രത്തിൽ പലയിടത്തും കടന്നു വരുന്നുണ്ടെങ്കിലും അതൊക്കെ ബോറടിപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരനും സംവിധായകനും ശ്രദ്ധിച്ചിട്ടുണ്ട്.

രണ്ടാം പകുതിയിൽ കഥ കൂടുതൽ ഗൗരവതരമാകും. ആദ്യ പകുതിയെ അപേക്ഷിച്ചു നോക്കുമ്പോൾ നർമരംഗങ്ങളുടെ കുറവ് പ്രേക്ഷകന് അനുഭവപ്പെടുമെങ്കിലും ആസ്വാദനത്തെ ബാധിക്കുന്നതല്ല അതൊന്നും. വിഷ്വൽ സെൻസിനെക്കുറിച്ചുള്ള പരാമർശവും, സമൂഹം വർഗീയമായി ധ്രുവീകരിക്കപ്പെടുന്നതിന്റെ സൂചനയുമൊക്കെ സിനിമയിൽ കടന്നു വരുന്നത് എഴുത്തുകാരന്റെ മികവ് എടുത്തു കാണിക്കുന്നു. ചില അനാവശ്യരംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ രണ്ടാം പകുതി കൂടുതൽ മികച്ചു നിന്നേനെ.

നായികമാരായെത്തിയ ആശാ ശരത്തും ദീപ്തി സതിയും കഥാപാത്രങ്ങളോട് നീതി പുലർത്തി. സെവൻത് ഡേ എന്ന ക്രൈം ത്രില്ലർ ഒരുക്കിയ ശ്യാംധറിന്റെ മേക്കോവർ തന്നെയാണ് ഇൗ സിനിമ. മെഗാസ്റ്റാറിനെ വച്ച് ലളിതമായി സിനിമയെടുത്തെന്നു മാത്രമല്ല തന്റെ ആദ്യ ചിത്രത്തിന്റെ ഒരു ഛായ പോലും രണ്ടാം സിനിമയ്ക്ക് അദ്ദേഹം കൊടുത്തുമില്ല. രതീഷ് രവിയുടെ രചനയും ഒപ്പം വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണവും മികച്ചു നിന്നു. സംഗീതവും ഗാനങ്ങളും ചിത്രത്തിനു യോജിച്ചതായി.

പുള്ളിക്കാരൻ സ്റ്റാറാ ഒരു സിംപിൾ സിനിമയാണ്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ഫീൽ ഗുഡ് ചിത്രം. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ. ആരാധകരെ തൃപ്തിപ്പെടുത്തുമോയെന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ അടിയും ഇടിയും മാത്രം കണ്ട് കയ്യടിക്കുന്നവർക്ക് ഇൗ സിനിമ പിടിക്കില്ലായിരിക്കും. പക്ഷേ മമ്മൂട്ടി എന്ന നടന്റെ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ഇൗ ചിത്രവും ഇഷ്ടമാകും. തീർച്ച.