പൊട്ടിച്ചിരിപ്പിച്ച് പാപ്പനും കൂട്ടരും; റിവ്യു

തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി കേരളം ഇത്രയ്ക്ക് അക്ഷമരായി ഇതുവരെ കാത്തിരുന്നിട്ടുണ്ടാവില്ല, നായകന്റെ ഒരവതാരവും പ്രേക്ഷകരെ ഇത്രകണ്ട് ചിരിപ്പിച്ചിട്ടുണ്ടാകില്ല. പരാജയം ഏറ്റുവാങ്ങിയ (തിയറ്ററിൽ) ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിൽ നിന്നാണ് ആട് 2 ന്റെ ഉയിർത്തെഴുന്നേൽപ്പ്. സമൂഹമാധ്യമങ്ങളിലൂടെ ഒരു സൂപ്പർ ഹിറ്റ് ജീവിയായി മാറിയ ആട് വീണ്ടും തീയറ്ററിലെത്തുമ്പോൾ കയ്യടിയോടെയും ആവേശത്തോടെയുമാണ് ഷാജി പാപ്പാനെ ആരാധകർ സ്വീകരിക്കുന്നത്.

ഒരു അമര്‍ചിത്രകഥ പോലുള്ള ലളിതമായ സിനിമ, സംവിധായകൻ റിലീസിന് മുൻപ് പറഞ്ഞത് പോലെ: ‘ചിന്തയും ലോജിക്കും മാറ്റിവെച്ച് ചിരിക്കാൻ വേണ്ടി മാത്രം പുറത്തിറക്കിയ സിനിമയാണ് ആട് 2’. പ്രേക്ഷകരിൽ ഒരു ചിരിയുടെ മാലപ്പടക്കം തീർക്കാൻ ചിത്രത്തിന് സാധിച്ചു. പേരിന് മാത്രമായി ആടിനെ (പിങ്കി) കാണിക്കുന്ന പുതിയ ആടിൽ ഷാജി പാപ്പനും പിള്ളേരും ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

തന്റെ കൂട്ടാളികൾക്ക് വേണ്ടി മരിക്കാനും തയാറാവുന്ന ഷാജിപാപ്പൻ തന്നെയാണ് ഈ ചിത്രത്തിന്റെയും ആകർഷണം. സ്ത്രീകളോടുള്ള ഷാജിപാപ്പന്റെ സമീപനത്തിന് അൽപ്പം മാറ്റം വന്നിട്ടുണ്ടെന്നു മാത്രം. നീലകൊടുവേലിയും പിങ്കിയാടും ആഘോഷമാക്കിയ ഒന്നാം ഭാഗത്തിൽ നിന്ന് രണ്ടിലെത്തുമ്പോൾ നടുവേദന കൂടെ പോന്നിട്ടുണ്ട്. ‍ഡബിൾ സൈഡ് കാവിമുണ്ടും ബുള്ളറ്റും ഒപ്പം അൽപം കുടുംബ പ്രരാബ്ധങ്ങളും പാപ്പനെ വ്യത്യസ്തനാക്കുന്നു.

അറയ്ക്കൽ അബുവിനും, സച്ചിൻ ക്ലീറ്റസിനും, ലോലനും ഒരു മാറ്റവുമില്ല. പാപ്പന്റെ സംഘത്തിന്റെ അംഗങ്ങളെല്ലാം ഇപ്പോഴും മണ്ടത്തരങ്ങളുമായി മുന്നോട്ടു പോകുന്നു. ആദ്യ ഭാഗത്തിലുള്ള എസ് ഐ സര്‍ബത്ത് ഷമീർ (വിജയ് ബാബു,) ‍സാത്താന്‍ സേവ്യർ (സണ്ണി വെയ്ന്‍), ഡ്യൂഡ് (വിനായകൻ), പി പി ശശി (ഇന്ദ്രന്‍സ്), കഞ്ചാവ് സോമൻ (സുധി കോപ്പ), ബാറ്ററി സൈമൺ (ബിജുക്കുട്ടൻ) തുടങ്ങിയവർ ചിത്രത്തിൽ വിവിധ സന്ദർഭങ്ങളിലായി എത്തുന്നുണ്ട്. ഇവരെ കൂടാതെ പുതിയ ചില കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും പുതിയ ചില പ്രശ്നങ്ങളും കൂടി ചേരുമ്പോൾ ആട് 2 പൂർത്തിയാകുന്നു.

ആദ്യ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി പാപ്പനിൽ കുറച്ചുകൂടി ഹിറോയിസം കൊണ്ടുവന്നിട്ടുണ്ട്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ആദ്യ പകുതി ഷാജിപാപ്പൻ ആരാധകരെ ആവേശത്തിലാഴ്ത്താൻ വേണ്ട മരുന്നുകളെല്ലാമുണ്ട്. രണ്ടാം പകുതി അൽപം കൂടി ഗൗരവമാകുന്നുണ്ടെങ്കിലും ചിരിയുടെ അമിട്ട് തന്നെ.

പാപ്പനായി ജയസൂര്യ വീണ്ടും മിന്നി. കഥാപാത്രത്തിന്റെ മാനറിസവും ലുക്കും അതുപോലെ തന്നെ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ആദ്യ ചിത്രത്തിന്റെ അന്തസത്ത ചോരാതെ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കാൻ മിഥുന് സാധിച്ചു. ‍ഡ്യുഡായി എത്തുന്ന വിനായകന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ആദ്യ ആടിലെപ്പോലെ തന്നെ അറക്കൽ അബുവായി സൈജു കുറുപ്പ് മികച്ച അഭിനയം കാഴിച്ച വെച്ചപ്പോൾ സാത്താൻ സേവ്യർ ആയി സണ്ണി വെയ്‌നും സർബത്ത് ഷമീർ ആയി വിജയ് ബാബുവും സച്ചിൻ ക്ലീറ്റസായി ധർമജനും തിളങ്ങി. ഹൈറേഞ്ചിന്റെ മനോഹാരിത ഛായാഗ്രാഹകൻ വിഷ്ണു നാരായണൻ പകർത്തിയിരിക്കുന്നു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും പാപ്പന്റെ എൻട്രികൾക്ക് മുതൽ കൂട്ടാവുന്നുണ്ട്. ലിജോ പോളിന്റെ എഡിറ്റിങ്ങും മികച്ചതു തന്നെ.

സംവിധായകൻ സൂചിപ്പിച്ചതുപോലെ ചിലയിടങ്ങളിൽ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ആ ഓളത്തിൽ അതെല്ലാം മറക്കാം. അടുക്കം ചിട്ടയുമില്ലാത്ത, ദിശാബോധമില്ലാത്ത കൗമാരക്കാരന്റെ മനസുപോലെയാണ് ചില സന്ദർഭങ്ങളിൽ ചിത്രം. ദൈർഘ്യം കുറച്ചിരുന്നെങ്കിൽ ചിത്രം കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു.

‘ഒരു ലോജിക്കും നോക്കാതെ, ഒരു കാർട്ടൂൺ സിനിമ കാണുന്ന മാനസികാവസ്ഥയിൽ ഈ ചിത്രം കാണാൻ വരണേ... എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് വിശ്വസിക്കുന്നു.... ജയസൂര്യയുടെ ഈ വാക്കുകൾ തന്നെയാണ് ഈ സിനിമയെക്കുറിച്ചുള്ള ഏറ്റവും അർഥവത്തായ നിരൂപണം. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുന്ന ഒരു മുഴുനീള കോമഡി ചിത്രം. ആറ്റംബോംബും ചീറ്റിപോകുന്ന ഷാജി മസ്താൻ സലാം വെക്കുന്ന വീരൻ പാപ്പൻ വീണ്ടുമെത്തുമ്പോൾ അത് ക്രിസ്മസ് കപ്പടിക്കാനുള്ള ഒന്നൊന്നര വരവാണ്.