Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺവീറിന്റെ പത്മാവത്; റിവ്യു

padmavati-review

വലിയ കോലാഹലങ്ങൾക്കു ശേഷമാണ് പത്മാവത് എന്ന സഞ്ജയ് ലീലാ ബൻസാലി ചിത്രം റിലീസായത്. ബോളിവുഡിലെ പുകൾപ്പെറ്റ സംവിധായകന്റെ പെരുമയ്ക്കൊത്തുയരുന്നതല്ലെങ്കിലും പത്മാവത് മോശമല്ലാത്ത അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്. 

പത്മാവതി, ചിറ്റോറിലെ രജപുത്രമഹാരാജാവായ രത്തൻസെന്നിന്റെ പ്രിയപ്പെട്ട പത്നി. നിലാവ് പോലും അവളുടെ അഴകിനു മുമ്പിൽ നിഷ്പ്രഭം. പത്മാവതിയെ കണ്ടുമോഹിച്ചാണ് ഖിൽജി ചിറ്റോറിൽ ചോരപ്പുഴ ഒഴുക്കിയത്. അവൾക്കുവേണ്ടിയാണ് രത്തൻസെന്നുമായി പടവെട്ടി യുദ്ധം ജയിച്ചത്. ഖിൽജിയുടെ നിഴൽ പോലുമേൽക്കുന്നതിന് മുമ്പേ സ്വയം ചിതയിലെരിഞ്ഞ് സതിയായവൾ. ഇന്നും പത്മാവതിയെ ദേവിയായി ചിറ്റോറിൽ ആരാധിക്കുന്ന രാജകുടുംബങ്ങളുണ്ട്.

Padmaavat | Official Trailer | Ranveer Singh | Deepika Padukone | Shahid Kapoor

14–ാം നൂറ്റാണ്ടിൽ ജീവിച്ച ആ പത്മാവതിക്കുവേണ്ടിയാണ് 21–ാം നൂറ്റാണ്ടിൽ ഈ കണ്ടകോലാഹലങ്ങളെല്ലാം ഉണ്ടായത്. പത്മാവതിയെ പത്മാവത് ആക്കണം, രജപുത്രവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളുമായി ആത്മഹത്യകളും കോലംകത്തിക്കലും പ്രക്ഷോഭങ്ങളുമെല്ലാം ഉണ്ടായി. പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ അറിയാതെ ചോദിച്ചുപോകും, എന്തിനായിരുന്നു ഈ കോലാഹലങ്ങളൊക്കെയും ? 

സഞ്ജയ് ലീലാബെൻസാലിയുടെ മുൻ ചരിത്രസിനിമകളായ രാംലീല, ബാജിറാവുമസ്താനി എന്നിവയിലൊക്കെ കണ്ട ശക്തമായ സ്ത്രീകഥാപാത്രങ്ങൾ പോലെയല്ല പത്മാവതിയിലെ ദീപിക പദുക്കോൺ. യുദ്ധനിപുണയായ പത്മാവതിയല്ല മറിച്ച് ചിതയിൽ ചാടാൻ പോലും ഭർത്താവിന്റെ അനുവാദം വാങ്ങുന്നവളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുറേയെറെ ആഭരണങ്ങളും കടുത്തനിറമുള്ള തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു കാഴ്ചവസ്തുവാണ് ചിത്രത്തിൽ പത്മാവതി. 

Padmavat

ഉഡ്തപഞ്ചാബിലും ഹെയ്ഡറിലും കണ്ട ഷാഹിദ്കപൂർ മാജിക്ക് പദ്മാവതിൽ തീരെ കാണാനില്ല. രൺവീർ സിങ്ങിന്റെ അലാവുദ്ദീൻ ഖിൽജിയുടെ മുമ്പിൽ രത്തൻസിങ്ങ് എന്ന കഥാപാത്രം പലപ്പോഴും നിഷ്പ്രഭമായിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. ഖിൽജിയായി രൺവീറിന്റെ പകർന്നാട്ടം പ്രശംസിക്കാതെ വയ്യ. കണ്ണുകളിലെ ക്രൂരതയും കാമത്തിന്റെ കനലാഴങ്ങളും രൺവീറിന്റെ കൈകളിൽ ഭദ്രമായിരുന്നു. അലാവുദ്ദീൻ ഖിൽജിയുടെ സ്വവർഗാനുരാഗമുൾപ്പട്ടെ സിനിമയിൽ പറയാതെ പറയുന്നുമുണ്ട്. അത്തരം രംഗങ്ങളും ത്മയത്വത്തോടെ രൺവീർ കൈകാര്യം ചെയ്തു. ബാജിറാവുമസ്താനിയിലെ ബാജിറാവു രൺവീറിന് വഴങ്ങിയില്ല എന്നു വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു പദ്മാവത് എന്ന ചരിത്രസിനിമയിലെ ഖിൽജി.

Padmavati-new

സഞ്ജയ് ലീല ബെൻസാലിയുടെ സ്ഥിരം രസക്കൂട്ടുകളായ യുദ്ധവും രാജകൊട്ടാരത്തിന്റെ അകത്തളങ്ങളും നിറമുള്ള വസ്ത്രങ്ങളും കടുത്തചായക്കൂട്ടുകളുമുള്ള നൃത്തരംഗങ്ങളും പത്മാവതിയിലുമുണ്ട്.  സെൻസർ കട്ടുകൾ സിനിമയെ വിരസമാക്കിയെന്ന തോന്നൽ പലപ്പോഴുമുണ്ടാകും. സംവിധായകനെന്ന നിലയിൽ ബൻസാലിയിൽ നിന്നു പ്രതീക്ഷിച്ചതിനൊപ്പം സിനിമ എത്തിയോ എന്ന സംശയം ബാക്കിയാണ്.

പീരിയഡ് സിനിമകൾക്ക് പഞ്ഞമില്ലാത്ത കാലത്ത് പത്മാവത് വേറിട്ടൊരു അനുഭവമൊന്നും സമ്മാനിക്കുന്നില്ല. പക്ഷേ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്തൊരു ചരിത്രവും പശ്ചാത്തലവും ചിത്രം അവതരിപ്പിക്കുന്നുണ്ട്. അമിത പ്രതീക്ഷയോടെ പോയില്ലെങ്കിൽ ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് പത്മാവത്. 

നിങ്ങൾക്കും റിവ്യൂ എഴുതാം