Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നുയർന്ന് പിഷാരടിയുടെ പഞ്ചവർണതത്ത: റിവ്യു

panchavarna-thatha-movie

സിനിമയിലെ അഭിനേതാവ് എന്നതിനേക്കാൾ സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷക മനസ്സിൽ‍ ഇടംപിടിച്ച താരമാണ് രമേഷ് പിഷാരടി. അങ്ങനെയുള്ള പിഷാരടി ആദ്യമായി സിനിമാ സംവിധാനം ചെയ്യുമ്പോൾ വ്യത്യസ്തമായ പ്രമേയവും നിറഞ്ഞ നർമവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിൽ തെറ്റുപറയാനാകില്ലല്ലോ. ജയറാമിന്റെ പ്രത്യേക ലുക്കും മൃഗങ്ങളും പക്ഷികളും പ്രമേയവും തന്നെയാണ് പഞ്ചവർണതത്ത എന്ന, പിഷാരടിയുടെ കന്നി സംവിധാനസംരംഭത്തെ വേറിട്ടു നിർത്തുന്നത്.

ഹരി പി. നായരും രമേഷ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയിൽ മൃഗസ്നേഹിയായ ജയറാമിന്റെ ലുക്കും സംസാരവും തന്നെയാണ് ഹൈലൈറ്റ്. സ്ഥലം എംഎൽഎ ആയി കുഞ്ചാക്കോ ബോബനും നായികയായി അനുശ്രീയും എത്തുന്നു. ധർമജൻ ബോൾഗാട്ടിയും സലിംകുമാറും പ്രേം കുമാറും അശോകനും ഒപ്പം പിഷാരടിയുടെ സംവിധാനവും. ഈ കൂട്ടിൽ നർമം ഉണ്ടാകുമെന്ന കാര്യം പറയേണ്ടതില്ലല്ലോ? സ്വാഭാവിക നർമം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമയിൽ ബിവറേജ്, വർഗീയത, സമൂഹമാധ്യമം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

PANCHAVARNA THATHA ​| OFFICIAL TRAILER | Ramesh Pisharody | Jayaram | Kunchacko Boban

രൂപത്തിലും ശബ്ദത്തിലും മാറ്റം വരുത്തി എത്തിയ ജയറാമിനൊപ്പം ചുള്ളൻ ലുക്കിൽ കുഞ്ചാക്കോ ബോബനും കൂടിയായപ്പോൾ സംഭവം കലക്കി. ദുരൂഹതകളുള്ള കഥാപാത്രമാണ് ജയറാമിന്റേത്. ജാതിയോ മതമോ പേരോ എന്നുമാത്രമല്ല ഒന്നും വെളിപ്പെടാത്ത കഥാപാത്രം. തന്റെ പുതിയ ലുക്കിൽ സ്വാഭാവിക അഭിനയത്തിലൂടെ ജയറാമും രാഷ്ട്രീയക്കാരന്റെ തന്ത്രവും കുതന്ത്രവുമായി കുഞ്ചാക്കോയും സലിംകുമാറും മികവു പുലർത്തുന്നു. ജോജുവും മല്ലിക സുകുമാരനും ധർമജനും മണിയൻപിള്ള രാജുവും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. ആധുനികകാലത്ത് നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളുടെ ഓർപ്പെടുത്തൽ കൂടിയാണ് പഞ്ചവർണതത്ത. സന്തോഷമെന്നാൽ പണമല്ലെന്ന തിരിച്ചറിവു കൂടി നൽകുന്ന ചിത്രം.

ചിത്രത്തിലെ ഗാനങ്ങൾ മികച്ചതാണ്. എം. ജയചന്ദ്രനും നാർദിഷയും ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകിയപ്പോൾ ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. യേശുദാസ്, എം.ജി. ശ്രീകുമാർ, ശങ്കർ മഹാദേവൻ, ഹരിചരൻ, ജ്യോത്സന എന്നിങ്ങനെ നിരവധി പ്രമുഖ ഗായകർ പിന്നണിയിൽ അണിനിരക്കുന്നു. ഹരിനാരായണനും സന്തോഷ് വർമയുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രദീപ് നായരുടെ ഛായാഗ്രഹണവും പ്രശംസനീയമാണ്. സപ്ത തരംഗ് സിനിമയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ  പുതിയ നിര്‍മാണസംരംഭത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ഒപ്പം സമകാലിക സംഭവങ്ങളുടെ ഹാസ്യരൂപേണയുള്ള അവതരണവും പ്രേക്ഷകനെ ആകർഷിക്കുന്നു. കുട്ടികൾക്കൊപ്പം കുടുംബ പ്രേക്ഷകർക്ക് തിയറ്ററിലെത്തി കാണാവുന്ന മികച്ച ചിത്രമാണ് പഞ്ചവർണതത്ത. കുട്ടികളുടെ മനസ്സിൽ പഞ്ചവർണതത്തയുടെ, നൻമയുടെ മായാത്ത നിറങ്ങൾ പടർന്നിറങ്ങുമെന്നതിൽ സംശയം വേണ്ട.

നിങ്ങൾക്കും റിവ്യൂ എഴുതാം