Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂകിപ്പാഞ്ഞ് ഈ തീവണ്ടി; റിവ്യു

theevandi-review

വളരെ ലളിതമായൊരു കഥ, ചില തമാശകളുടെ അകമ്പടിയോടെ തനി നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് തീവണ്ടി. ഒരു നാടും അവിടുത്തെ നിഷ്ക്കളങ്കരായ നാട്ടുകാരും ഒപ്പം നായകനായ ‘തീവണ്ടിയും’ ചേരുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് രസകരമായ സിനിമയാണ്. 

സിഗരറ്റാണ് ബിനീഷ് ദാമോദരന് എല്ലാം. ചെയിൻ സ്മോക്കറായ അമ്മാവന്റെ പാത പിന്തുടരുന്ന ബിനീഷിന് സിഗരറ്റില്ലാതെ ജീവിക്കാനാകില്ല. പുകവലി മൂലം അവന് ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. എന്നാലും സിഗരറ്റ് ഉപേക്ഷിക്കാൻ അവൻ തയാറായില്ല. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ പുകവലി ഉപേക്ഷിക്കാൻ അവൻ നിർബന്ധിതനാകുന്നു. എന്നാൽ സാഹചര്യങ്ങളാവട്ടെ അതിനെതിരായിരുന്നു. 

theevandi-review-5

അതീവ രസകരമാണ് തീവണ്ടിയുടെ ആദ്യ പകുതി. നായകന്റെ ജനനം മുതലുള്ള രംഗങ്ങൾ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു നാട്ടിൻപുറവും അവിടുത്തെ ആളുകളുടെ പെരുമാറ്റവും സംസാരവും രാഷ്ട്രീയവുമെല്ലാം രസകരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം ഒപ്പം നായകന്റെ പുകവലിയുടെ ‘ആഴവും പരപ്പും’ ആദ്യ പകുതിയിൽ വ്യക്തമാക്കപ്പെടുന്നു. 

ആദ്യ പകുതിയുടെ അത്ര ഹാസ്യരംഗങ്ങൾ‌ രണ്ടാം പകുതിയിൽ ഇല്ല. രണ്ടാം പകുതിയുടെ ആരംഭത്തിൽ ചെറിയ ചില പോരായ്മകളും ഇഴച്ചിലുകളും അനുഭവപ്പെട്ടേക്കാം. എന്നാൽ ആകെത്തുകയിൽ അത് സിനിമയെ സാരമായി ബാധിക്കുന്ന ഒന്നല്ല. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ലെങ്കിൽ കൂടി സിനിമയുടെ ക്ലൈമാക്സും പ്രേക്ഷകരെ കയ്യിലെടുക്കുന്നതാണ്. 

theevandi-review-2

നായകനായ ടൊവീനോ തോമസ് മലയാള സിനിമയിൽ താൻ ഉണ്ടാക്കിയെടുത്ത സ്ഥാനം ക്ഷണികമല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇന്നുള്ള യുവതാരങ്ങളിൽ പലരുടെയും പരിമിതിയായി കണക്കാക്കപ്പെടുന്ന ഹാസ്യത്തിൽ ടൊവീനോ പതറുന്നില്ലെന്നതാണ് ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടേണ്ടത്. സംയുക്ത മേനോൻ നായികയായുള്ള തന്റെ അരങ്ങേറ്റം മികച്ചതാക്കി. നാടൻ പെൺകുട്ടിയുടെ വേഷത്തിൽ അമിതമായ മേക്കപ്പൊന്നുമില്ലാതെ സംയുക്ത തന്റെ കഥാപാത്രത്തെ ഭംഗിയാക്കി.  സുധീഷ്, സുരഭി ലക്ഷ്മി, ഷമ്മി തിലകൻ, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കി. 

Theevandi Movie Trailer

നവാഗതനായ ഫെല്ലിനി ടി.പി. മലയാള സിനിമയിലെ തന്റെ അരങ്ങേറ്റം ഒാർമയിൽ നിൽക്കുന്നതാക്കി. രചന നിർവഹിച്ച വിനി വിശ്വലാലും തീവണ്ടിയെ ആസ്വാദകനിലേക്ക് അടുപ്പിച്ചു.  ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ കൈലാസ് മേനോൻ വലിയ അഭിനന്ദനം അർഹിക്കുന്നു. തന്റെ ആദ്യ ചിത്രത്തിലെ എല്ലാ പാട്ടുകളും കൈലാസ് അവിസ്മരണീയമാക്കി. ഒപ്പം മികച്ച പശ്ചാത്തല സംഗീതമൊരുക്കി സിനിമയെ കൂടുതൽ മികവുറ്റതാക്കി. ഛായാഗ്രാഹകൻ ഗൗതം ശങ്കറും എഡിറ്റിങ് നിർവഹിച്ച അപ്പു ഭട്ടതിരിയും സിനിമയുടെ മാറ്റു കൂട്ടി. 

തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ച് കാണാവുന്ന സിനിമയാണ് തീവണ്ടി. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ‘പുഞ്ചിരിയോടെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എത്ര പേരെ നിനക്കറിയാം’ എന്നു ചോദിച്ചാൽ ചിലപ്പോൾ നാം കൈ മലർത്തിയേക്കാം. പക്ഷേ ഒന്നുറപ്പാണ്,  കാഴ്ചക്കാരന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി തുടങ്ങുകയും പുഞ്ചിരി അവശേഷിപ്പിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് തീവണ്ടി.