Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയും മലയാള സിനിമയും പിന്നെ വിനയന്റെ മനസ്സും; റിവ്യു

chalakkudikkaran-changathi-review

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയെത്തിയ മരണം തട്ടിയെടുത്ത കലാഭവൻ മണി ഒരിക്കൽകൂടി വെള്ളിത്തിരയിൽ പുനർജനിക്കുകയാണ്; ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ തന്റെ ജീവിതം ഒന്നുകൂടെ ആടിത്തീർക്കാൻ. മണിയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും സൂക്ഷ്‌മമായി പറയുന്ന ഒരു ബയോപിക് അല്ല ഈ ചിത്രം. കലാഭവൻമണി എന്ന നടന്റെ ജീവിതവും കഷ്ടപ്പാടുകളും സിനിമയിൽ നേരിട്ട അവഗണനകളും പിന്നീടുണ്ടായ വളർച്ചയും സമൂഹത്തിലെ ഇടപെടലുകളും അവസാനം ദുരൂഹമായ മരണവും എല്ലാം മിന്നായം പോലെ പറഞ്ഞുപോവുന്ന ആഖ്യാനമാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. 

ഇത് പൂർണമായും വിനയൻ എന്ന സംവിധായകന്റെ ചിത്രമാണ്. മണിയുടെ ജീവിതം പറഞ്ഞുപോകുന്നതിനു സമാന്തരമായി മലയാളസിനിമയിൽ നിലനിന്നിരുന്ന (ഒരുപക്ഷേ ഇപ്പോഴും നിലനിൽക്കുന്ന) ചില മോശം പ്രവണതകൾ ചിത്രം പരോക്ഷമായി ചർച്ച ചെയ്യുന്നു. അതിൽ നിറത്തിന്റെ രാഷ്ട്രീയമുണ്ട്, വിട്ടുവീഴ്‌ച ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളുണ്ട്, അനാവശ്യ മാത്സര്യമുണ്ട്, സിനിമയുടെ പിന്നിലെ ഇരുണ്ട ബിസിനസ് വശങ്ങളുണ്ട്. ഇപ്പോഴും ചുരുളഴിഞ്ഞിട്ടില്ലാത്ത മണിയുടെ മരണത്തിന്റെ ദുരൂഹതയെക്കുറിച്ച് സംവിധായകന്റെ ഭാഷ്യവും സിനിമയിൽ നൽകിയിട്ടുണ്ട്. 

Chalakkudikkaran Changathi | Movie Official Trailer | Vinayan

മലയാളസിനിമയിൽ താൻ നേരിട്ട അവഗണനകൾക്കും പ്രതിസന്ധികൾക്കും കാരണക്കാരായവർ എന്ന് സംവിധായകൻ വിശ്വസിക്കുന്നവരെ സൂക്ഷ്മബുദ്ധിയോടെ കഥാപാത്രപരിവേഷം നൽകി വിചാരണ ചെയ്യുന്നുണ്ട് ചിത്രത്തിൽ. നിലപാടുകളുടെ പേരിൽ സംഘടനകൾ ഒറ്റപെടുത്തിയ ഒരു മഹാനടൻ വീണ്ടും തന്റെ ഭാഗം പറയാൻ ചിത്രത്തിൽ പുനരവതരിപ്പിക്കുന്നുണ്ട്. 

മണി എന്ന കലാകാരനിലെ നല്ല അംശങ്ങൾ കാണിക്കുന്നതിനോടൊപ്പം മണി എന്ന പച്ചമനുഷ്യനിലെ പോരായ്മകളും ചിത്രത്തിൽ ലഘുവായി പറഞ്ഞുപോകുന്നുണ്ട്. എന്നിരുന്നാലും  ഒരു ജീവിതകഥ പറയുമ്പോൾ ആ വ്യക്തിയുടെ ജീവിതസങ്കീർണതകൾ പരിചയമില്ലാത്ത പ്രേക്ഷകന് ചിത്രവുമായി താദാത്മ്യം പ്രാപിക്കാൻ ബുദ്ധിമുട്ടുണ്ടാകാം.

സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ കഥയും വിനയനാണ് ഒരുക്കിയത്. തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ മണിയുടെ വേഷം ചെയ്യുന്നത്. രൂപസാദൃശ്യത്തിനൊപ്പം മിമിക്രി പശ്ചാത്തലം കൂടിയുള്ളതുകൊണ്ട് കലാഭവൻ മണിയുമായി താദാത്മ്യം പ്രാപിക്കാൻ വേഗത്തിൽ രാജാമണിക്ക് കഴിയുന്നുണ്ട്. ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. 

chalakkudikkaran

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു. കലാഭവൻ മണി ആലപിച്ച ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഒാട്ടിനടന്നവണ്ടി...തുടങ്ങിയ ഗാനങ്ങൾ സ്വാഭാവികത നഷ്ടമാകാതെ പുനരവതരിപ്പിക്കാൻ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം, കലാസംവിധാനം എന്നിവ തൃപ്തികരമാണ്. പരാതികളും കുറവുകളുമൊക്കെ മാറ്റിവച്ചാൽ ഒരൽപം കണ്ണീരില്ലാതെ മണിയെ സ്നേഹിച്ച പ്രേക്ഷകർക്ക് ഈ ചിത്രം കണ്ടിറങ്ങാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.