ഇന്ദ്രന്‍സിന്റെ നിത്യപ്രണയം; ആളൊരുക്കം ടീസര്‍ കാണാം

കല്യാണസൗഗന്ധികം കളിച്ചു ചായങ്ങഴിക്കും നേരം കണ്ണുകള്‍ കൊണ്ടു ഒരായിരം വട്ടം പ്രണയിച്ചു കഴിഞ്ഞിരുന്നു പപ്പുവാശാന്‍. കാലമെത്ര കടന്നാലും ആ പ്രണയത്തിന്റെ ചായക്കൂട്ടുകള്‍ക്കു നിറം മങ്ങുകയില്ല. പപ്പുവാശാന്‍ പറയുന്ന പ്രണയ കഥയുമായി ആളൊരുക്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സ് പപ്പുവാശാന്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനായി വേഷമിടുന്ന ആളൊരുക്കത്തിന്റെ വാലന്റൈൻസ് ഡേ സ്‌പെഷ്യല്‍ ടീസറാണിത്. 

കാലം കടക്കുന്തോറും മാധുര്യമേറുന്ന പ്രണയത്തിന്റെ കുസൃതിയെ കുറിച്ചാണ്  പപ്പുവാശാന്‍ സംസാരിക്കുന്നത്. ആ പറച്ചിലിനു ഒരു പ്രത്യേക ഭംഗിയാണ്. ഇന്ദ്രന്‍സിന്റെ തീര്‍ത്തും വേറിട്ട കഥാപാത്രമാണു ആളൊരുക്കത്തില്‍ കാണാനാകുക. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. 

മാധ്യമ പ്രവര്‍ത്തകനായ  വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിക്കുന്നത്. 

ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ,  കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്. സാംലാല്‍ പി തോമസാണ് ക്യാമറ.