തിയറ്ററുകളില്‍ ചിരി നിറയ്ക്കാൻ ജോണി ജോണി യെസ് അപ്പാ

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ വെള്ളിയാഴ്ച തിയറ്ററുകളിലേയ്ക്ക്. സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. ചിത്രം മുഴുനീള എന്റർടെയ്നർ ആയിരിക്കുമെന്ന് ട്രെയിലറിൽ നിന്നുതന്നെ വ്യക്തമായിരുന്നു. 

ഒരപ്പന്റെയും മൂന്ന് ആണ്‍മക്കളുടെയും കഥയാണ് പ്രധാന ഇതിവൃത്തം. അതിനിടെ ജോണിയുടെ ജീവിതത്തിലേക്ക് ആദം എന്ന കൊച്ചു കഥാപാത്രം കടന്നു വരുന്നു. ഇത് ജോണിയുടെ ജീവിതത്തിന് വഴിത്തിരിവാകുന്നു. 

ടിനി ടോമും ഷറഫുദ്ദീന്‍ എന്നിവരാണ് കുഞ്ചാക്കാ ബോബന്റെ സഹോദരങ്ങളായി എത്തുന്നത്. ആദം എന്ന കഥാപാത്രമായി മാസ്റ്റര്‍ സനൂപ് സന്തോഷ് എത്തുന്നു. ജോണി എന്നാണ് കുഞ്ചാക്കോയുടെ കഥാപാത്രത്തിന്റെ പേര്. ഗീതയാണ് ഇവരുടെ അമ്മയായി വേഷമിടുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗീത മലയാള സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രമാണിത്. അനു സിത്താരയാണ് നായിക. അനുസിതാരയ്ക്കൊപ്പം മംമ്തയും നായികാവേഷത്തിലുണ്ട്.

ഷറഫുദീൻ, കലാഭവൻ ഷാജോൺ, നെടുമുടി വേണു, വിജയരാഘവൻ, ഗീത തുടങ്ങിയവരും അണിനിരക്കുന്നു. ഒട്ടനവധി ഹിറ്റുകൾ തന്ന വൈശാഖ് രാജൻ ആണ് നിര്‍മാണം‍. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.