ഫെല്ലിനി – അനശ്വരചലച്ചിത്രകാരന്റെ ഒാർമ്മകൾക്ക് കാൽ നൂറ്റാണ്ട്

പരീക്ഷണങ്ങളുടെ പടച്ചട്ടയുമായി പാരമ്പര്യസിനിമകളെ വെല്ലുവിളിച്ച് വിഖ്യാത ചലച്ചിത്രകാവ്യങ്ങൾ ഒരുക്കിയ ഫെഡറിക്കോ ഫെല്ലിനിയുടെ ഒാർമ്മകൾക്ക് ഇന്ന് 25 വയസ്. 1993 ഒക്ടോബർ 31–നാണ് ലോകം കണ്ട ഏറ്റവും ശക്തരായ സംവിധായകരിൽ മുൻനിരയിലുളള അദ്ദേഹം അന്തരിച്ചത്. ചലച്ചിത്രം ഹൃദയത്തിലേറ്റുന്ന ലോകമെമ്പാടുമുളള സിനിമാപ്രേമികൾക്കിടയിൽ ഫെല്ലിനി ഇന്നും ആവേശമാണ്. ചലച്ചിത്രവിദ്യാർത്ഥികൾക്ക് പാഠപുസ്തകമായും ചലച്ചിത്രകാരൻമാർക്ക് പ്രചോദനമായും ഫെല്ലിനിയുടെ ഒാർമ്മകൾ പ്രസരിക്കുന്നു.

ഇറ്റലിയിലെ റീമിനിയിൽ 1920 ജനുവരി 20ന് ജനിച്ച ഫെല്ലിനി ചെറുപ്പം മുതൽ തന്നെ കലാഭിമുഖ്യം പ്രകടമാക്കി. കാർട്ടൂണിലായിരുന്നു തുടക്കം. കാർട്ടൂൺപരമ്പരയായ ഫ്ലാഷ്ഗോർഡിന് വേണ്ടി കുറേക്കാലം രചന നടത്തിയിരുന്നു.പിന്നീട് പത്രപ്രവർത്തനത്തിലേക്കും കടന്ന ഫെല്ലിനി 1945–ാടെയാണ് വെള്ളിത്തിരയുടെ ലോകത്തേക്ക് കടന്നു വന്നത്.സംവിധായകനായ റോബർട്ടോ റോസല്ലനിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്.‘റോം ഒാപ്പൺ സിറ്റി’ എന്ന മാസ്റ്റർപീസ് ഡോക്യൂമെന്ററിയുടെ തിരക്കഥാരചനയിൽ പങ്കുചേർന്നായിരുന്നു ആ തുടക്കം.1946ൽ തിരക്കഥാകൃത്തായും സംവിധാനസഹായിയുമായി റോസല്ലനിയോട് സഹകരിച്ച് ഒരുക്കിയ ‘പൈസാൻ’എന്ന ചിത്രവും ശ്രദ്ധേയമായി.തുടർന്ന് മറ്റ് സിനിമാപ്രവർത്തകരുമായും സഹകരിച്ച് അദ്ദേഹം സിനിമയിലേക്ക് ചുവടുവെച്ചു.

ചട്ടക്കൂട്ടിൽ ഒതുങ്ങിനിൽക്കാത്തവയാണ് ഫെല്ലിനിയുടെ ഒരോ ചിത്രങ്ങളും.വിഭ്രാത്മകതയും സാങ്കൽപികലോകവുമൊക്കെ അവയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.‘െഎ വിറ്റിലോനി’(1953), ‘ലാ സ്ട്രാഡാ’(1954), ‘നൈററ്സ് ഒാഫ് കബീരിയ (1957), ‘ല ഡോൾസ് വിറ്റ’ ,‘എയ്‌റ്റ് ആൻഡ് ഹാഫ്’(1963),ജൂലിയറ്റ് ഒാഫ് ദ സ്പിരിറ്റ്സ്(1965) , അമർകോഡ് (1973), സിറ്റി ഒാഫ് വുമൺ (1980)തുടങ്ങി നിരവധി ക്ലാസിക്കുകൾ അദ്ദേഹം ഒരുക്കി.ലോകസിനിമയ്ക്ക് നൽകിയ നിസ്തുലമായ സംഭാവനയ്ക്കുളളതടക്കം അഞ്ച് ഒാസ്ക്കറും അനേകം അംഗീകാരങ്ങളും ഈ ചലച്ചിത്രപ്രതിഭയെ തേടിയെത്തി. എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഒന്നിലധികം ഫെല്ലിനി ചിത്രങ്ങളുണ്ടാകും

1942–ൽ പരിചയപ്പെട്ട നടി ഗൂലിയേത്ത മസീനയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ‘ലാ സ്ട്രാഡാ ,‘നൈററ്സ് ഒാഫ് കബീരിയ,ജൂലിയറ്റ് ഒാഫ് ദ സ്പിരിറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഫെല്ലിനിയുടെ സ്ത്രീകഥാപാത്രങ്ങളെ അനശ്വരമാക്കിയതിന് മസീനയുടെ അഭിനയത്തികവിന് വലിയ പങ്കുണ്ട്.