വെള്ളിത്തിരയിലെ മുഹമ്മദ് അലി

ബോക്സിങ് റിങിനുള്ളിൽ നിന്ന് എതിരാളിയെ ഇടിച്ചിട്ട് മെഡലുകൾ നെഞ്ചേറ്റി വാങ്ങി വെറുതെയങ്ങ് നടന്നകലുകയായിരുന്നില്ല മുഹമ്മദ് അലി. ഓരോ കളികഴിഞ്ഞുള്ള പിൻ നടത്തത്തിലും ഭൂമിയിൽ ആഞ്ഞുതറക്കുകയായിരുന്ന ആ കാൽപാടുകൾക്കുള്ളിൽ നിന്ന് ഉയർന്നു കേട്ടത് നിറംകെട്ട വ്യവസ്ഥാപിത ചിന്താഗതികളോടുള്ള കലഹമായിരുന്നു. കായിക ലോകത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം സഞ്ചരിച്ച കലയും കായികവും എല്ലാം മാനവികതയുടെ നാളെകളിലേക്ക് മാറ്റിയെഴുതപ്പെടണമെന്ന് പഠിപ്പിച്ച പച്ചമനുഷ്യൻ ഇനി ഓർമയാണ്. ഒരുപാട് കാലഘട്ടങ്ങളെ അഭിസംബോധന ചെയ്ത ഇതിഹാസത്തെ കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. പറഞ്ഞിട്ടുണ്ട്. വരച്ചിട്ടുണ്ട്. വെള്ളിത്തിരയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇനി അവയെല്ലാം ആ അപൂർവ്വ പിറവിയോടുള്ള സ്മരണാഞ്ജലിയായി ഒപ്പമുണ്ടാകും.

1971 ലാണ് മുഹമ്മദ് അലിയെക്കുറിച്ചുള്ള ആദ്യ ഡോക്യുമെന്ററി വരുന്നത്. അലി ദ് ഫൈറ്റർ എന്ന ഡോക്യുമെന്ററിയിൽ അലിയും ജോ ഫ്രെസിയെറും തമ്മിലുള്ള പോരാട്ടമായിരുന്നു ആവിഷ്കരിച്ചത്. പിന്നീട് 1977ൽ ദ് ഗ്രേറ്റെസ്റ്റ് എന്ന സിനിമയിലൂടെ അലി വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ചു. ടോം ഗ്രീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലി തന്നെ സ്വന്തം വേഷത്തിലെത്തി. 1996ൽ പുറത്തിറങ്ങിയ വെൻ വി വെയർ കിങ്സ് എന്ന ഡോക്യുമെന്ററി ഇന്നുവരെ ചിത്രീകരിക്കപ്പെട്ടതിൽവച്ച് ബോക്സിങിനെക്കുറിച്ചുള്ള ഏറ്റവും മികച്ച ആവിഷ്കാരമാണ്.

2001ൽ അലി എന്ന പേരിൽ ഹോളിവുഡിൽ സിനിമ പുറത്തിറങ്ങി. വിൽ സ്മിത്തായിരുന്നു അലിയായി വേഷപ്പകർച്ച നടത്തിയത്. സ്മിത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ വേഷവും അതുതന്നെയായിരുന്നു. മൈക്കേൽ മാൻ ആയിരുന്നു സംവിധാനം . അലിയെ കുറിച്ച് വെള്ളിത്തിര സംവദിച്ചത് അന്നാദ്യമായിട്ടല്ലെങ്കിലും ചലച്ചിത്രത്തിന്റെ ഏറ്റവും വശ്യമായ ഭാഷയിലൂടെ മുഹമ്മദ് അലിയെ മുഴുവനായി ആവിഷ്കരിച്ചു.

അലിയാകാൻ വിൽ സ്മിത്ത് സമ്മതിക്കുവാൻ എട്ടു വർഷം വേണ്ടി വന്നു. കഴിഞ്ഞ നൂറു വർഷത്തിനിടയിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തെ അഭിനയിച്ചു പ്രതിഫലിപ്പിക്കുവാനുള്ള കരുത്ത് തനിക്കുള്ളിലെ നടനില്ലെന്ന് സ്മിത്ത് ഉറച്ചു വിശ്വസിച്ചു. അവസാനം അലിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വരെ അലിയോട് ഈ വേഷം ചെയ്യുവാൻ പറയേണ്ടി വന്നു. എങ്കിലും സംവിധായകൻ മൈക്കേൽ മാനിന്റെ വാക്കുകളാണ് സ്മിത്തിന്റെ മനസു മാറ്റിയത്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരെ കൊണ്ടു വന്നാണ് സ്മിത്തിനെ ബോക്സിങ് പഠിപ്പിച്ചത്. അലിയുടെ ജീവിത്തിതലെ ഓരോ സെക്കൻഡുകളിലൂടെയും അവർ കടന്നുപോയെന്നു പറയാം. ലോകതത്തെ ജീവിതത്തെ കളിയെ അച്ഛനോടും അമ്മയോടുമുള്ള അലിയുടെ അടുപ്പത്തെ എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടൊരു പഠനം. കഥാപാത്രമായി മാറിക്കഴി‍ഞ്ഞപ്പോൾ സ്മിത്തിനു മനസിലായിരുന്നു ഈ വേഷം ചെയ്യുവാനാണ് താൻ ജനിച്ചതു തന്നെയെന്ന്.

അലിയായി മാറുവാൻ ഏകദേശം ഒരു വർഷമാണ് സ്മിത്ത് ചെലവഴിച്ചത്. ബോക്സിങ് പരിശീലനം, ഇസ്ലാം മതപഠനം, അലിയുടെ പ്രാദേശിക ഭാഷാപഠനം എന്നിവയ്ക്കായിട്ടായിരുന്നു അത്. സ്മിത്ത് ഒഴികെ ചിത്രത്തിൽ ബോക്സിങ് താരങ്ങളായി പ്രത്യക്ഷപ്പെട്ടവരെല്ലാം പ്രഫഷണൽ താരങ്ങളായിരുന്നു. പല ഘട്ടത്തിലും യഥാർഥ ഇടി സ്മിത്തിന് കൊള്ളേണ്ടി വന്നു. മനസുകൊണ്ടു മാത്രമല്ല, ശരീരം കൊണ്ടും അലിയായി മാറി. ഇടികൂടാരത്തിൽ മനസുകൊണ്ടും ദേഹം കൊണ്ടും പോരാടി അലിയെ പോലെ.

ആ വർഷത്തെ ഓസ്കർ പുരസ്കാരത്തിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കര്‍ നോമിനേഷൻ ലഭിച്ചു. ചിത്രത്തിൽ സ്പോർട് ജേണലിസ്റ്റ്, ഹോവൊർഡ് കോസൽ ആയി വേഷമിട്ട ജോൺ വൊയിറ്റിന് മികച്ച സഹനടനുള്ളതും. പ്രേക്ഷക ശ്രദ്ധ നേടിയ ഇരു വേഷങ്ങൾക്കും ഓസ്കർ കിട്ടിയില്ല. കറുത്ത വര്‍ഗക്കാരനോടുള്ള വിവേചനത്തോട് പോരടിച്ച അലിയെ പോലെയായിരുന്നു വെള്ളിത്തിരയിൽ അലിയായി വേഷമിട്ട വിൽ സ്മിത്ത് ഓസ്കറിനു വേണ്ടിയും നടത്തിയത്. അലിയിലെ അഭിനയത്തിന് സ്മിത്തിന് കിട്ടിയത് ആദ്യ ഓസ്കർ നോമിനേഷനായിരുന്നു. രണ്ടാമത്തേത് ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസിനും. രണ്ടിനും ഓസ്കർ ലഭിക്കാതെ വന്നതോടെ ഇനി അവാർഡ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് സ്മിത്ത് തീരുമാനിച്ച്, അക്കാദമിക്കും വർണ വിവേചനമോയെന്ന് ലോകത്ത് ചർച്ചയായി. തുടർന്ന് അക്കാദമി പ്രഖ്യാപിച്ച പുരസ്കാരം വേണ്ടെന്ന് കറുത്ത വംശജനായ ചലച്ചിത്രകാരന്‍ സ്പൈക് ലീയും പ്രഖ്യാപിച്ചു. അക്കാദമിയുടെ വെള്ളപൂശലിനെ കുറിച്ചുള്ള പൊളിച്ചുവായനയിലും അങ്ങനെ അലിയും ഭാഗമായി.

വമ്പൻ ഹിറ്റൊന്നുമായിരുന്നില്ല ചിത്രം. എന്നാലും സംവിധായകന് താൻ തിര‍ഞ്ഞെടുത്ത പ്രമേയത്തോടുള്ള പ്രണയം നിറഞ്ഞു നിന്ന ചിത്രം ആത്മാവു നൽകി ലോകം സ്നേഹിച്ചു. ചിത്രശലഭത്തെ പോെല പാറിനടന്ന് തേനീച്ചയെ പോലെ കുത്തുന്ന അലിയോടുള്ള സ്നേഹമായിരുന്നു അത് ചിലയിടങ്ങളിൽ സിനിമ ഡ്രമാറ്റിക് ആയി പോകുന്നുവെന്ന വിമർശനമുയർന്നുവെങ്കിലും ലോക സിനിമയിൽ നിർമിക്കപ്പെട്ട ഏറ്റവും മികച്ച ബയോപിക് ചിത്രങ്ങളിലൊന്നും അലി തന്നെ. ഓസ്കർ കനിഞ്ഞില്ലെങ്കിലും ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഒറിജിനൽ സ്കോർ, ബെസ്റ്റ് ആക്ടർ, ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ എന്നീ വിഭാഗങ്ങളിൽ ചിത്രം പുരസ്കാരം നേടി. ബെസ്റ്റ് സൗണ്ട് എഡിറ്റിങിനുള്ള ഗോൾ‌ഡൻ റീലും ചിത്രത്തിന് ലഭിച്ചു.

അലിയായി വേഷമിടാൻ സ്മിത്ത് തന്നെയായിരുന്നു ഏറ്റവും അനുയോജ്യനെന്ന് മുഹമ്മദ് അലിയുടെ മകൾ ലൈല അലി ഒരിക്കൽ പറഞ്ഞിരുന്നു.ഒന്നുപറയുവാൻ മറന്നുപോയി, ഓസ്കറിനേക്കാളും ഏറ്റവും അമൂല്യമായ പുരസ്കാരം സ്മിത്തിന് കിട്ടിയിരുന്നു. ഒരുപക്ഷേ ഈ ഭൂമിയിൽ ഒരു അഭിനേതാവിന് മനുഷ്യന് കിട്ടാവുന്ന ഏറ്റവും മനോഹരമായ സമ്മാനം. അത് മറ്റൊന്നുമായിരുന്നില്ല. അലിയിൽ നിന്നൊരു വാക്ക്. ഞാനാകാൻ നീ തന്നെയായിരുന്നു ഏറ്റവും അനുയോജ്യമെന്ന്. അലി അങ്ങനെ സ്മിത്തിനോട് പറഞ്ഞു...മറ്റെന്താണ് വേണ്ടത്.