ഫഹദ് ഇനി രജനികാന്തിന്റെ കൂട്ടുകാരൻ?

രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. സിനിമയിൽ രജനിയുടെ സുഹൃത്തായാണ് ഫഹദ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനകഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നും രണ്ടുപേരുടെയും സൗഹൃദത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നതെന്നുമാണ് റിപ്പോർട്ട്.

ഫഹദിന്റെ വാർത്ത ഔദ്യോഗികമായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. വേലൈക്കാരനിലൂടെ വില്ലനായി തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഫഹദിന്റെ മൂന്നാമത്തെ തമിഴ് പ്രോജക്ട് ആണിത്. വിജയ് സേതുപതിക്കൊപ്പം സൂപ്പർ ഡീലക്സ് എന്നൊരു ചിത്രം ഈയിടെ പൂർത്തിയാക്കിയിരുന്നു. 

രജനികാന്തിന്റെ 165 ാം പ്രോജക്ട് ആയ ഈ സിനിമയിൽ വിജയ് സേതുപതിയാണ് വില്ലനായി വരുന്നത്. ബോബി സിംഹ, മേഘ ആകാശ് എന്നിവരാണ് മറ്റുതാരങ്ങൾ. സംഗീതം അനിരുദ്ധ്. എഡിറ്റിങ് വിവേക് ഹർഷൻ. കലാനിധി മാരൻ നിർമാണം.

ചിത്രത്തില്‍ രാഷ്ട്രീയമുണ്ടാകില്ല എന്ന് കാര്‍ത്തിക് അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് അഞ്ച് സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.  ജിഗർതാണ്ട, ഇരൈവി  എന്നിവയാണ് കാർത്തിക്കിന്റെ മറ്റുചിത്രങ്ങൾ. പ്രഭുദേവയെ നായകനാക്കി ഒരുക്കിയിരിക്കുന്ന മെർക്കുറി ഈ വർഷം റിലീസ് ചെയ്തിരുന്നു.