ഞാനാരുടെ നിദ്ര, സ്വപ്നം, ഉണർച്ച?

പുറത്തുമഴപെയ്യുന്നുണ്ടായിരുന്നു. എത്രനേരമായെന്നറിയില്ല. വാരിച്ചുറ്റിപ്പുതച്ച കമ്പിളിപ്പുതപ്പിനുള്ളിൽ മുൻപേ പുതച്ചിറങ്ങിപ്പോയവരുടെ മണം പതുങ്ങിനിന്നു. ആരൊക്കെയോ കണ്ട രാക്കിനാവുകളുടെ പഴമണം. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം കഴിച്ചുകൂട്ടിയവരുടെ നെടുവീർപ്പുമണം. ആരുടെയും കണ്ണിൽപെടാതിരിക്കാൻ മുഖത്തേക്കു പുതപ്പു വലിച്ചുകയറ്റി ഉറക്കം നടിച്ചുകിടന്ന പെണ്ണുങ്ങളുടെ പേടിമണം. പുതപ്പു തലമൂടിപ്പുതച്ചു കിടന്ന ഞാൻ ചൂണ്ടുവിരൽകൊണ്ട് അതിന്റെ ചുരുളുകൾ വകഞ്ഞ് ഒരു ചെറിയ ദ്വാരമുണ്ടാക്കി. കംപാർട്മെന്റിന്റെ അങ്ങേത്തലയ്ക്കൽ ആരോ വെളിച്ചം കെടുത്തിയിരുന്നില്ല. അതിന്റെ മങ്ങിയ നിഴൽവെട്ടത്ത് രണ്ടുപേർ ഉറങ്ങാതെ ഉണർന്നിരിക്കുന്നത് അവ്യക്തമായി കണ്ടു. ഇടയ്ക്ക് ചില നിമിഷങ്ങളിലേക്കു മാത്രമായി അവർ ലൈറ്റ് ഓഫ് ചെയ്യുന്നുണ്ടായിരുന്നു. അതെന്തിനായിരിക്കണം? ചിലപ്പോൾ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇടവേളകളിൽ അവർ ഉമ്മവച്ചുകളിക്കുകയായിരിക്കണം. കള്ളനും പൊലീസും കളിക്കുന്നപോലെ. 

അതോർത്ത് ഒച്ചയുണ്ടാക്കാതെ ഊറിച്ചിരിച്ച് ഞാൻ തിരിഞ്ഞുകിടക്കാൻ ഭാവിച്ചപ്പോഴാണ് താഴത്തെ ബെർത്തിൽ ഒരാൾ ജനാലയ്ക്കരികിൽ ഉണർന്നിരിക്കുന്നത് കണ്ടത്. എല്ലാവരും തീവണ്ടിയുടെ താളത്തിനൊത്ത് ആടിയാടി ഉറങ്ങുന്ന കംപാർട്ട്മെന്റിൽ കരിങ്കല്ലുകണക്കെ കനത്തുറഞ്ഞ് നിശ്ചലമായി ഒരാൾ. ഇരുട്ടിൽ മുഖം വ്യക്തമായിരുന്നില്ല. ഇടയ്ക്കിടെ ഏതേതോ സ്റ്റേഷനുകൾ കടന്ന് നിർത്താതെ ട്രെയിൻ മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു. മിന്നിവീണ ഇത്തിരിവെളിച്ചത്തുണ്ടുകളിൽ നിന്ന് ഞാൻ ആ മുഖം വായിച്ചു. അതൊരു പെൺകുട്ടിയായിരുന്നു. എണ്ണമയമില്ലാത്ത ചുരുണ്ട മുടി കാറ്റിൽ ചിന്നിപ്പിന്നി പറക്കാതിരിക്കാൻ അവൾ കടുംചുവന്ന റിബൺ കൊണ്ട് കെട്ടിവച്ചിരുന്നു. ഉറങ്ങാതെ എഴുന്നേറ്റിരിക്കുകയാണവൾ. ഇടയ്ക്ക് കൈത്തണ്ടയിലെ വാച്ചിലേക്ക് കൂർപ്പിച്ചുനോക്കുന്നുണ്ട്. അവൾക്കുള്ള നേരമായില്ലെന്ന് ആ നോട്ടത്തിൽനിന്നു തിരിച്ചറിയാമായിരുന്നു. എന്തിനാണവൾ സമയം നോക്കുന്നത്?

ചിലപ്പോൾ, ഇറങ്ങാനുള്ള സ്റ്റേഷൻ എത്താറായോ എന്നറിയാനായിരിക്കണം. അവിടെ ആരെങ്കിലും അവളെ കാത്തുനിൽപുണ്ടായിരിക്കണം. അതവളുടെ കാമുകനായിരിക്കുമെന്നു ഞാനങ്ങു സങ്കൽപിച്ചു. വെറുതെ. ആ ഒറ്റ സങ്കൽപം എത്രയെത്രെ സാധ്യതകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. എന്റെ സങ്കൽപരാജ്യത്ത് അവൾ പോലുമറിയാതെ അവളൊരു പ്രണയിനിയാകുന്നു. അവൾക്കൊരിക്കലും ചിലപ്പോൾ ജീവിതത്തിലില്ലാത്ത ഒരു കാമുനെ ഞാനവൾക്കൊപ്പം പ്രണയിക്കാൻ പറഞ്ഞയയ്ക്കുന്നു. എനിക്കൊരു ഉമ്മ മുട്ടി നിൽക്കുമ്പോൾ ഞാനവരുടെ ചുണ്ടുകൾ കോർക്കുന്നു. എനിക്കു ഭയമുള്ളവരെ ഞാനവരുടെ കഥയിലെ വില്ലന്മാരാക്കുന്നു. എന്നെ ശ്വാസംമുട്ടിക്കുന്ന ചുമരുകൾക്കുള്ളിൽ ഞാനവളെ തളച്ചിടുന്നു. അവിടേക്ക് ഞാനാഗ്രഹിക്കുന്ന വിധം അവളുടെ കാമുകനെ രംഗപ്രവേശം ചെയ്യിക്കുന്നു. ഒടുക്കം അവളുടെ കൈപിടിച്ച് അവൻ വില്ലന്മാരെ കീഴ്പ്പെടുത്തി പ്രണയസാമ്രാജ്യം സ്വന്തമാക്കുമ്പോൾ ഞാനതിന്റെ രാജ്ഞിയെന്ന പോലെ ഹരംകൊള്ളുന്നു. 

മറ്റുള്ളവരുടെ സ്വപ്നങ്ങളിൽ ജീവിക്കുന്നിടത്തോളം ഭാഗ്യം മറ്റെന്തുണ്ട്. അങ്ങനെ സ്വപ്നത്തിൽ ഏതേതോ ദൂരം താണ്ടി പാതികണ്ണടച്ചു ഞാൻ നേരം കഴിച്ചു. പെട്ടെന്നു കാതിലേക്കു തുളഞ്ഞുകയറിയൊരു ചൂളംവിളിയൊച്ചയിൽ ഞെട്ടിയുണർന്നപ്പോഴാണ് അത്രയും നേരം ഞാൻ ഉറങ്ങുകയായിരുന്നെന്ന് മനസ്സിലായത്. കണ്ണുതിരുമ്മി ആദ്യം നോക്കിയത് താഴത്തെ ബെർത്തിലേക്കാണ്. ഇല്ല, അവൾ അവിടെ ഉണ്ടായിരുന്നില്ല. നേരം പുലരും മുൻപേ രാത്രിയുടെ ഏതോ ഇരുണ്ട സ്റ്റേഷനിൽ അവൾ ഇറങ്ങിപ്പോയിരിക്കണം. ഒഴിഞ്ഞുകിടന്ന അവളുടെ ബെർത്ത് കണ്ടപ്പോൾ നിരാശ തോന്നി...അത്രവേഗം എന്തിനാണവൾ ഇറങ്ങിപ്പോയത്. എന്റെ സ്വപ്നത്തിലെ കാമുകി എന്നോടൊരു വാക്ക് ചോദിക്കാതെ പോയിരിക്കുന്നു. 

അവളെ സ്റ്റേഷനിൽ കാത്തുനിന്ന കാമുകന്റെ മുഖം കാണാൻ കഴിയാതെ പോയതിലായിരുന്നു എന്റെ സങ്കടം. അപരിചിതയായ ഒരുവളുടെ അവൾക്കുപോലുമറിയാത്ത കാമുകൻ. അവനെന്റെ സങ്കൽപത്തിലേതുപോലെ ആയിരുന്നോ എന്നറിയാനുള്ള കൗതുകം. നേർത്ത മീശയും ചീകിയൊതുക്കിയ എണ്ണക്കറുപ്പാർന്ന മുടിയും കുട്ടിക്കൂറ മണക്കുന്ന കവിൾത്തടങ്ങളിൽ ആഫ്റ്റർ ഷേവ് ലോഷന്റെ മിനുമിനുപ്പും. കണ്ണുകളിൽ ഉറക്കമിളച്ചു കാത്തുനിന്നതിന്റെ ചടവും കൈകൾ തെറുത്തുകയറ്റിയ കള്ളിഷർട്ടിൽ സ്റ്റേഷനിൽ ചാരിയിരുന്നു നേരം കഴിച്ചതിന്റെ ചുളിവും. ഓരോ ട്രെയിനും കടന്നുപോകെ വേവലാതിപ്പെട്ട് പുകച്ചുതള്ളിയ സിഗരറ്റിന്റെ വേവും  ചേർത്തുപിടിക്കുമ്പോൾ അവൾ കെറുവിച്ചു മുഖം തിരിക്കാതിരിക്കാൻ ആഞ്ഞടിച്ച പെർഫ്യൂമിന്റെ ആൺമണവും പിന്നെ അവൾക്കുവേണ്ടി വാങ്ങിയ മിഠായികൾ ഷർട്ടിന്റെ പോക്കറ്റിൽ നനഞ്ഞൊലിച്ചു തുടങ്ങിയതിന്റെ കൊതിത്തണുവും... ട്രെയിനിറങ്ങി അവൾ ചുറ്റിലേക്കും ആവലാതിപ്പെട്ടു കണ്ണോടിക്കുമ്പോഴേക്കും അയാൾ ആ കൈത്തലം കവരുകയായി. പുഴുക്കളെ പോലെ നുരയുന്ന ആൾക്കൂട്ടത്തിനിടയിൽനിന്ന് അടുത്ത നിമിഷം, അവർ രണ്ടുപേരും ശലഭച്ചിറകുകളുമായി പറക്കുകയായി. 

ഓ ആ നിമിഷത്തിനു സാക്ഷിയാകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു നെടുവീർപ്പിട്ടു ഉറക്കംമതിയാക്കിയുണർന്നു. പുതപ്പു മടക്കി തലയിണ പിന്നിലേക്കു ചാരിവച്ച് ഞാൻ ജനലോരത്തേക്കു നീങ്ങിയിരുന്നു. നേരം പുലരാറായിരുന്നു. പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ജനലഴികളിൽ ചേർത്തുവച്ച എന്റെ കവിളിൽ ചിന്നിത്തെന്നി, പുറത്തേക്കു നീട്ടിയ വിരൽത്തുമ്പുകളിൽ താളം തുള്ളി, മഴ കോരിച്ചൊരിഞ്ഞുകൊണ്ടേയിരുന്നു. നിറഞ്ഞൊഴുകിയൊരു പേരറിയാപ്പുഴമേലെ നീലാകാശത്തെ കാട്ടിത്തന്ന് ട്രെയിൻ ആളൊഴിഞ്ഞ അടുത്ത സ്റ്റേഷനിൽ നിർത്തിയപ്പോൾ തിടുക്കപ്പെട്ട് ഞാനവിടെയിറങ്ങി. എന്നിട്ട് ആവലാതിപ്പെട്ട് ചുറ്റുംനോക്കി.

വരും..വരുമായിരിക്കും. കൈപിടിച്ചെന്നെ കൊണ്ടുപോകാൻ...ദൂരെദൂരേക്കു ശലഭച്ചിറകുകളുമായി പറന്നുപോകാൻ...എന്റെ കാമുകൻ... 

അവനിൽ എന്നേ അവസാനിച്ചിരിക്കുന്നു മുന്നോട്ടും പിന്നോട്ടുമുള്ള എന്റെ വഴികൾ...അതുകൊണ്ട് അവൻ വരുന്നതുവരെ ഞാനിവിടെ കാത്തിരിക്കട്ടെ... 

ആരു കണ്ട സ്വപ്നമായിരുന്നുവോ ഞാൻ.... അറിയില്ല. അറിയില്ല... 

പിന്നെയും പിന്നെയും ആരോ കിനാവിന്റെ 

പടി കടന്നെത്തുന്ന പദനിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്തു 

പൊൻവേണു ഊതുന്ന മൃദുമന്ത്രണം

 

പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ

പൂവിതൾ തുള്ളികൾ പെയ്തതാവാം

അലയുമീ തെന്നലെൻ കരളിലെ തന്ത്രിയിൽ

അലസമായ് കൈവിരൽ ചേർത്തതാവാം

 

മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ

ചിറകുകൾ മെല്ലെ പിടഞ്ഞതാവാം

ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെ–

ന്നാരോ സ്വകാര്യം പറഞ്ഞതാവാം..

 

പിന്നെയും പിന്നെയും ആരോ..ആരോ..