Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്‌ലൈക്കുകൾ എനിക്കു കിട്ടിയ ലൈക്കുകൾ; 'ഫ്രീക്ക് പെണ്ണി'ന്റെ ഉടമ

oru-adaar-love

ഡിസ്‌ലൈക്കുകള്‍ കൊണ്ടു യൂട്യൂബ് ട്രൻഡിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ് 'ഒരു അഡാറ് ലൗവ്വി'ലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഗാനത്തിനു ലഭിച്ചതു രണ്ടരലക്ഷത്തോളം ഡിസ്‌ലൈക്കുകൾ. ഗാനം കണ്ടതാകട്ടെ പത്തുലക്ഷത്തിലധികം ആളുകൾ!

ഈ ഡിസ്‌ലൈക്കുകളെ എല്ലാം ലൈക്കുകളായി കാണുകയാണു ഗാനം ആലപിച്ച സത്യജിത്ത്. 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിന്റെ വരികളും നവാഗതനായ സത്യജിത്തിന്റേതാണ്. ഈ ഡിസ്‌ലൈക്കുകൾ മനഃപൂർവമാണോ എന്ന ചോദ്യത്തിനും സത്യജിത്തിനു മറുപടിയുണ്ട്. സിനിമാ മേഖലയിലേക്കു ചുവടുവെക്കുന്ന ഈ ചെറുപ്പക്കാരൻ പറഞ്ഞു തുടങ്ങുകയാണു ഡിസ്‌ലൈക്കിലൂടെ ഹിറ്റാകുന്ന ഗാനത്തെ കുറിച്ച്. 

ഒപ്പം വളർന്ന സിനിമാ ഭ്രാന്ത്

കുഞ്ഞുനാൾ മുതൽ സിനിമയോടു താത്പര്യം മനസ്സിലുണ്ട്. കോളജ് കാലഘട്ടമായപ്പോഴേക്കും അതൊരു സ്വപ്നവും ഇഷ്ടവുമൊക്കെയായി വളർന്നു. ഇഷ്ടം എന്നു പറയുന്നതിനേക്കാൾ സിനിമ ഭ്രാന്തായി മാറി എന്നു തന്നെ പറയാം.  ആറു വർഷമായി പാട്ടുകൾക്കു വരികൾ എഴുതുന്നുണ്ട്. മുന്‍പ് എഴുതിയ 'പ്ലസ്ടുക്കാരി പെണ്ണേ' എന്നൊരു ആൽബം, അതു കേരളത്തിലെല്ലാവരും കേട്ട് ഏറെക്കുറെ ഹിറ്റായ പാട്ടായിരുന്നു. സോഷ്യൽ മീഡിയയില്‍ പാട്ട് പങ്കുവച്ച ശേഷമാണു സിനിമയിലേക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. വിഡിയോ കണ്ടതിനു ശേഷം ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു വിളിക്കുകയായിരുന്നു. ഒരു കലാകാരന്റെ ഔട്ട്പുട്ട് മനസ്സിലാക്കി ഒമർ ഇക്ക ഒഡിഷനൊന്നും ഇല്ലാതെ നേരിട്ടുവിളിച്ചു. നമ്മുടെ ക്രിയേറ്റിവിറ്റിയെ അംഗീകരിക്കുന്ന ഒരു നല്ല ഡയറക്ടറാണ് ഒമർലുലു. ചുരുക്കി പറഞ്ഞാൽ  സ്വപ്നത്തിനാണ് ഈ പാട്ടിലൂടെ ചിറകുമുളയ്ക്കുന്നത്.

oruadarlove

ഫ്രീക്ക് പെണ്ണേ..

'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം ഞാൻ കുറച്ചു നാളുകൾക്കു മുൻപ് എഴുതിയതായിരുന്നു. നമുക്ക്  ഔട്ട്പുട്ട് ഇല്ലാത്തതിനാൽ കയ്യിൽ വച്ചിരുന്നതാണ്.പക്ഷേ, സിനിമയിൽ മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഈ പാട്ടെഴുതിയിരുന്നത്. പിന്നെ, ഷാൻ റഹ്മാനുമായി കമ്പയിൻ ചെയ്തു ട്യൂണ്‍ ചെയ്തു. 

ലൈക്കുകളാകുന്ന ഡിസ്‌ലൈക്കുകള്‍!

ഈ ‍ഡിസ്‌ലൈക്കുകളെ ഞാൻ പോസിറ്റീവായി തന്നെയാണു കാണുന്നത്. കാരണം എന്തിന്റെ പേരിലായാലും എന്റെ പാട്ടിനെ കുറിച്ച് ആളുകൾ സംസാരിക്കും. കൂടുതൽ ആളുകള്‍ പാട്ടിനെ കുറിച്ച് അറിയാൻ തുടങ്ങും. ഒരു മൊബൈൽ വിഡിയോയിൽ ഒതുങ്ങിയിരുന്ന മനുഷ്യനായിരുന്നു ഞാൻ. ഇപ്പോൾ എന്റെ പാട്ട് എല്ലാവരും കേൾക്കുന്നുണ്ട്. അതിൽ സന്തോഷമേയുള്ളൂ. അതുകൊണ്ട് ഈ ഡിസ്‌ലൈക്കുകളെ എല്ലാം ലൈക്കുകളായി കാണാനാണ് എനിക്കിഷ്ടം. 

പിന്നെ പലരും കമന്റ് ചെയ്യുന്നത് വയലാറിന്റെ പാട്ടുകളുമായി താരതമ്യം ചെയ്തൊക്കെയാണ്. വയലാറിന്റെ പാട്ടുകൾ ഈ മ്യൂസിക് വിഡിയോയിലേക്കു ചേർത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. സിനിമയുടെ വിഷ്വൽസിന് അനുസരിച്ചുള്ള അടിപൊളി പാട്ടാണു വേണ്ടതെന്ന് ഡയറക്ടർ പറയുമ്പോൾ അതിനനുസരിച്ച് ഒരു ഗാനം നമ്മൾ തയ്യാറാക്കുന്നു. ഇതുവരെ എഴുതിയ അടിപൊളി പാട്ടുകളായാലും മെലഡി ആയാലും വാക്കുകളെല്ലാം ഒന്നുതന്നെയാണ്. അത് തിരിച്ചും മറിച്ചു പ്രയോഗിക്കുന്നു എന്നു മാത്രം. അതിൽ നിന്നും ഒരു വ്യത്യസ്തയാണ് ഞാൻ ഉദ്ദേശിച്ചത്. നമ്മൾ സംസാരിക്കുന്ന വാക്കുകൾ ചേർത്ത് അൽപം പുതുമയോടെ ഒരു പാട്ടെഴുതാൻ ഞാൻ നോക്കി. ഈ ഗാനം സ്വീകരിച്ചവരുമുണ്ട്, അല്ലാത്തവരുമുണ്ട്. ഇത് മലയാള സിനിമയിൽ എന്റെ എക്സ്പെരിമെന്റൽ വർക്കാണ്. ഇത് ആളുകൾക്ക് ഇഷ്ടമായില്ലെങ്കിൽ അടുത്ത സിനിമയിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കും. 

oru-adaar-love3

ഇത് മനഃപൂർവമാണോ എന്ന് സംശയം

ജാസി ഗിഫ്റ്റിന്റെ 'ലജ്ജാവതിയേ'  എക്സ്പെരിമെന്റൽ വർക്കായിരുന്നല്ലോ. എന്നിട്ടും അത് നമ്മൾ മലയാളികൾ സ്വീകരിച്ചു. ഞാനും ഒരു പരീക്ഷണം നടുത്താൻ ശ്രമിച്ചു. പക്ഷേ, ഇങ്ങനെ എഴുതിയാലേ പറ്റൂ, അങ്ങനെ എഴുതിയാലേ പറ്റൂ എന്നൊക്കെ മലയാളി മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട്. നല്ല അഭിപ്രായം പറയുന്നവർക്കു മാത്രമല്ല. മോശം അഭിപ്രായങ്ങളും ആളുകൾക്ക് എന്നെ വിളിച്ച് അറിയിക്കാം. എന്നാൽ മോശമാണെന്നു പറയുന്നവർ ഇപ്പോഴും ഒളിച്ചിരിക്കുകയാണ്. എന്നെ വിളിച്ചു പറയാവുന്നതേയുള്ളൂ. കരുതിക്കൂട്ടിയാണോ ഇത്രയും ഡിസ്‌ലൈക്കുകളെന്നു ഒരു സൈഡിൽ ഞാൻ ചിന്തിക്കുന്നുണ്ട്. ആയിരിക്കാം. പക്ഷേ, ഉറപ്പു പറയുന്നില്ല. സംശയം മാത്രം. ഒരു പരിധിവരെ പുതുമയെ സ്വീകരിക്കാൻ കഴിയാത്തതിനാലാണ്. പ്രേക്ഷകന്റെ പിന്തുണയോടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ കഴിയൂ. അതുകൊണ്ട് ഇപ്പോൾ അങ്ങനെ ഒരു കൃത്യമായ അഭിപ്രായം പറയുന്നില്ല. 

ധൈര്യം നല്‍കിയത് ഷാന്‍ റഹ്മാൻ

പാട്ടുപാടാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ഒരു മ്യൂസിക് ഡയറക്ടർക്കു മുന്നിൽ പാടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ആ ധൈര്യം നൽകിയത് ഷാൻ റഹ്മാനെന്ന വലിയ മനുഷ്യനാണ്. പ്രൊഫഷണൽ പാട്ടുകാരെ എങ്ങനെ സ്വീകരിക്കുന്നുവോ അങ്ങനെയാണു എന്നെ അദ്ദേഹം സ്റ്റുഡിയോയിലേക്ക് വിളിച്ചത്. സിനിമ ഇന്റസ്ട്രിയില്‍ പാട്ടുപാടാനുള്ള ഒരു കോൺഫിഡൻസ് എനിക്കു നൽകിയതിൽ ഷാൻ റഹ്മാനോടു നന്ദി പറയുകയാണ്.