അങ്കമാലിയുടെ ശബ്ദമിതാ 2.0യിൽ...

ശങ്കർ സംവിധാനം ചെയ്ത സ്റ്റൈൽ മന്ന‍ൻ രജനീകാന്തിന്റെ 2.0 തിയറ്ററുകളിൽ ഇടിമുഴക്കം തീർക്കുമ്പോൾ ആ ശബ്ദ വിസ്മയത്തിനു പിന്നിൽ നമ്മുടെ അങ്കമാലിക്കാരനുമുണ്ടെന്നു മലയാളികൾക്ക് അഹങ്കരിക്കാം. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന 2.0 യുടെ ശബ്ദ മിശ്രണം അങ്കമാലി കിടങ്ങൂർ സ്വദേശിയായ ബിബിൻ ദേവാണ്. ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ എസ്ആർഎൽ 4ഡി എന്ന പുത്തൻ സാങ്കേതിക വിദ്യയുടെ ബ്രഹ്മാണ്ഡ അനുഭവം കൂടി പ്രേക്ഷകർക്കു സമ്മാനിക്കുന്നതിന്റെ ത്രില്ലിലാണു ബിബിൻ. 

2.0 യുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. സ്വപ്നമായി തോന്നുന്നുണ്ടോ?

ട്വന്റിയത് സെഞ്ചുറി ഫോക്സിന്റെ അവതാർ, ലൈഫ് ഓഫ് പൈ, സ്‌ലം‍ഡോഗ് മില്യനയർ തുടങ്ങിയ ഒട്ടേറെ വമ്പൻ ചിത്രങ്ങൾ പ്രാദേശിക ഭാഷകളിലേക്കു മാറ്റുന്നതിനു ശബ്ദമിശ്രണം ചെയ്തിട്ടുണ്ട്. എന്നാൽ 2.0 സമ്മാനിച്ചതു വ്യത്യസ്തമായ അനുഭവമാണ്. റസൂൽ പൂക്കുട്ടിയുമായുള്ള ബന്ധമാണ് 2.0ലേക്ക് എത്തിച്ചത്. അദ്ദേഹത്തോടൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ ഇതിനു മുൻപും പ്രവർത്തിച്ചിട്ടുണ്ട്. 2.0നു വേണ്ടി ചെന്നൈ റഹ്മാൻ സ്റ്റുഡിയോയിൽ ജോലി ചെയ്ത ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളാണു നൽകിയത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞു സംവിധായകൻ ശങ്കർ സ്റ്റുഡിയോയിലെത്തും. കൂട്ടായ ചർച്ചകളിലൂടെ ഒട്ടേറെ പുതിയ കാര്യങ്ങൾ ഉരുത്തിരിയും. അതു വച്ചാണു തുടർന്നുള്ള മിക്സിങ്.

എങ്ങനെ ശബ്ദത്തിന്റെ ലോകത്ത് എത്തി?

നാട്ടിൽ അങ്കിളിന് ഒരു റേഡിയോ റിപ്പയറിങ് കടയുണ്ടായിരുന്നു. അവിടെ വന്നിരുന്ന റേഡിയോകൾ നന്നാക്കിയും നശിപ്പിച്ചുമാണു ശബ്ദങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. 10–ാം ക്ലാസ് കഴിഞ്ഞതോടെ ശബ്ദങ്ങളോടും ടെക്നോളജിയോടും കൂടുതൽ താൽപര്യമായി. പെരുമ്പാവൂർ പോളിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ഡിപ്ലോമ ചെയ്ത ശേഷം തൃശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ടിലാണു സൗണ്ട് എൻജിനീയറിങ് പഠിച്ചത്. ഇതിനിടയിൽ ഫൊട്ടോഗ്രഫിയിൽ കമ്പം കയറി കുറച്ചുനാൾ നടന്നു. പഠനശേഷം നേരെ ബോംബേയ്ക്കാണു പോയത്. പ്രമുഖ സൗണ്ട് ഡിസൈനർമാരായ പി.എം. സതീഷ്, ഷജിത്ത് കോയേരി, റസൂൽ പൂക്കുട്ടി എന്നിവരെ പരിചയപ്പെടുന്നത് അവിടെവച്ചാണ്. ആദ്യം ചില സ്റ്റുഡിയോകളിൽ ജോലി ചെയ്തെങ്കിലും പിന്നീടു ഫ്രീലാൻസ് ആയി. ലുക്കാചുപ്പി, കമ്മാരസംഭവം, മാസ്റ്റർപീസ് തുടങ്ങിയ ഏതാനും മലയാള ചിത്രങ്ങളുടെ ശബ്ദമിശ്രണവും ഇതിനിടെ ചെയ്തു.

എന്താണ് 2.0 അവതരിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യ?

പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത എസ്ആർഎൽ 4ഡി എന്ന ശബ്ദ വിന്യാസ സാങ്കേതിക വിദ്യയോടെയാണ് 2.0 തിയറ്ററിൽ എത്തുന്നത്. ഇതിന് അനുഗുണമായി ഇന്ത്യയിലെ പല തിയറ്ററുകളിലും ശബ്ദസംവിധാനത്തിൽ മാറ്റം വരുത്തുന്ന തിരക്കിലാണു സാങ്കേതികവിദഗ്ധർ. ഒന്നിടവിട്ട സീറ്റുകളിൽ ഘടിപ്പിച്ച സ്പീക്കറുകളിലൂടെയാണ് ഈ സാങ്കേതികവിദ്യയിൽ പ്രേക്ഷകർ സിനിമ അനുഭവിക്കുക. 

2.0 യുടെ ജോലിയിൽ ഇനിയെന്താണ് ബാക്കി? 

മിക്സിങ് അവസാനഘട്ടത്തിലാണ്. എന്നെ സംബന്ധിച്ച് ഇനി ബാക്കിയുള്ളത് ഒരേയൊരു കാര്യമാണ്. മിക്സിങ്ങിന്റെ അവസാന ദിവസം സ്റ്റുഡിയോയിലേക്കു രജനീകാന്ത് എത്തും. അദ്ദേഹത്തെ ഒന്നു കാണണം. അത്രതന്നെ.

(അങ്കമാലി കിടങ്ങൂർ പി.സി. ദേവസിയുടെയും മേരിയുടെയും മകനാണ് ബിബിൻ ദേവ്. ഭാര്യ ഡെൽമി അക്കൗണ്ടന്റാണ്.)