അഭിനയിക്കാനിഷ്ടം; സന്തോഷ് വർമ്മ

സംഗീതത്തേക്കാളേറെ അഭിനയത്തിലും സംവിധാനത്തിലും മനസ് കേന്ദ്രീകരിച്ചിരുന്ന ബാല്യ കൗമാരങ്ങളിൽ നിന്നാണ് സന്തോഷ് വർമ്മ ഗാന രചയിതാവായി മാറിയത്. ജയസൂര്യ അഭിനയിച്ച ചതിക്കാത്ത ചന്തു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ലൗവ് ലൗവ് ലൗലെറ്റർ എന്ന ഗാനം സന്തോഷ് വർമ്മയെ ഗാനരചയിതാവാക്കി. ഗാനരചനയുടെ പതിനൊന്നാമാണ്ട് ആഘോഷിക്കുന്ന സന്തോഷ് വർമ്മ പഴയ സ്വപ്‌നത്തിലേയ്‌ക്കൊരു തിരിച്ചുപോക്ക് നടത്തുകയാണ് രഞ്ജിത്ത് ശങ്കറിന്റെ സു... സു... സുധി വാത്മീകം എന്ന ചിത്രത്തിലൂടെ. തന്റെ അഭിനയ വിശേഷങ്ങൾ പങ്ക് വെച്ച് സന്തോഷ് വർമ്മ.

നാടകഭ്രാന്ത് നാടുകടത്തി

കുട്ടിക്കാലത്ത് സംഗീതത്തേക്കാൾ താത്പര്യം അഭിനയത്തിലും സംവിധാനത്തിലും ആയിരുന്നു. സ്‌കൂൾ തലങ്ങളിൽ പല നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്, അക്കാലത്ത് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടാം വയസുമുതൽ അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. നാടകത്തോടുള്ള തന്റെ ഭ്രാന്ത്കണ്ട് സ്വന്തം നാട്ടിൽ നിന്ന് ചേർത്തലയ്ക്ക് നാടുകടത്തി. ചേർത്തലയിലെ വാസമാണ് എഴുത്തിലേയ്ക്ക് തിരിച്ചത്. പിന്നീട് തൃപ്പൂണിത്തുറയിൽ തിരിച്ചെത്തി വീണ്ടും നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

രഞ്ജിത്ത് ശങ്കർ അഭിനയിക്കാൻ പ്രേരിപ്പിച്ചു

സുധി വാത്മീകത്തിന്റെ ചർച്ചകളും എഴുത്തും നടക്കുമ്പോൾ അഭിനയിക്കുമോ എന്ന് രഞ്ജിത്ത് ചോദിച്ചിരുന്നു. പണ്ട് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ പത്ത് വർഷമായിട്ട് അഭിനയിക്കാറില്ലെന്നും പറഞ്ഞിരുന്നു. രഞ്ജിത്ത് വെറുതെ ചോദിച്ചതാകുമെന്നാണ് കരുതിയത് എന്നാൽ പടത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോഴാണ് ഒരു അധ്യാപകന്റെ വേഷമുണ്ട് അഭിനയിക്കണം എന്ന് പറഞ്ഞ് വിളിച്ചത്. വളരെ ചെറിയ വേഷമാണെങ്കിലും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷമായിരുന്നു. ജയസൂര്യയുടെ കുട്ടിക്കാലത്തും യൗവനത്തിലും തന്റെ കഥാപാത്രം അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

പത്മശ്രീ ഡോക്ടർ സരോജ് കുമാറിൽ മുഖം കാണിച്ചിട്ടുണ്ട്

ഇതിന് മുമ്പ് പത്മശ്രീ ഡോക്ടർ സരോജ്കുമാറിൽ മുഖം കാണിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ ഒരു ദൃശ്യത്തിൽ ഗാനരചയിതാവ് സന്തോഷ് വർമ്മയായി അഭിനയിച്ചിട്ടുണ്ട്. ദീപക് ദേവായിരുന്നു കൂടെ അഭിനയിക്കാനുണ്ടായിരുന്നത്.

ടി ജി രവിയുടെ കൂടെയുള്ള അഭിനയം ഭാഗ്യം

പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിന്റെ ആഘോഷവേളയിൽ ടി ജി രവിയെ കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പരിചയപ്പെടാൻ അവസരം കിട്ടിയത് ഇപ്പോഴാണ്. വളറെ സീനിയറായ നടനാണെങ്കിലും അഭിനയത്തിന് അദ്ദേഹം മികച്ച പിന്തുണയാണ് നൽകിയത്. ജയസൂര്യയും ഞാനുമായി സിനിമാതാരമാകുന്നതിന് മുമ്പ് തുടങ്ങിയ പരിചയമാണ്. ഞങ്ങൾ ഒന്നിച്ച് കേബിൾ ടിവികൾക്ക് വേണ്ടി നിർമ്മിച്ച ടെലി ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നത് ആദ്യമാണെങ്കിലും വളരെ കംഫർട്ടബിളായി അഭിനയിക്കാൻ പറ്റി. മറ്റൊരു കാര്യം ജയസൂര്യയുടെ ചിത്രത്തിൽ ഗാനം രചിച്ചുകൊണ്ടാണ് സിനിമാഗാനരചനയിലേയ്‌ക്കെത്തുന്നത്, അഭിനയം തുടങ്ങുന്നതും അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാകാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്.

അവസരം കിട്ടിയാൽ അഭിനയം തുടരും

ഏറെ താൽപര്യവും ഇഷ്ടവുമുള്ള മേഖലയാണ് അഭിനയം. എനിക്ക് അഭിനയിക്കാൻ സാധിക്കും എന്ന് തന്നെയാണ് കരുതുന്നത് അതുകൊണ്ട് തന്നെ അവസരം കിട്ടിയിലാൽ ഇനിയും അഭിനയിക്കും. 

അഭിനയവും ഗാനരചനയും തനിക്കൊരുപോലെ കരഗതമെന്ന് തെളിയിച്ച സന്തോഷ് വർമ്മയിൽ നിന്ന് ഇനിയും മനോഹരമായ ഗാനങ്ങളും കഥാപാത്രങ്ങളും ലഭിക്കുമെന്ന് കരുതാം.