കത്രീനയും സൽമാനും ആടിപ്പാടിയ ഗാനത്തിന്റെ മുഴുവൻ വിഡിയോ

ബോളിവുഡില്‍ അടുത്തിടെ വൻ ഹിറ്റ് ആയ ഗാനമാണ്  ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലെ 'സ്വാഗ് സെ സ്വാഗത്'. കത്രീനയുടെ ഗ്ലാമർ ലുക്കിലുള്ള ഡാൻസ് ആയിരുന്നു പാട്ടിന്റെ പ്രധാന ആകർഷണം. ഗാനത്തിന്റെ ദൈർഘ്യം കുറഞ്ഞ പതിപ്പ് കോടിക്കണക്കിന് ആളുകളാണ് യുട്യൂബിൽ കണ്ടത്. സിനിമ പുറത്തിറങ്ങി ഏതാണ്ട് നാലു മാസങ്ങൾ പിന്നിടുമ്പോൾ യാഷ് രാജ് ഫിലിംസ് ഗാനത്തിന്റെ മുഴുവൻ വിഡിയോയും പുറത്തു വിട്ടു.  

വിശാല്‍-ശേഖർ സഖ്യം ഈണമിട്ട പാട്ട് വിശാൽ ദദ്‍ലാനിയും നേഹ ഭാസിനും ചേർന്നാണ് പാടിയത്. ഇർഷാദ് കാമിലിന്റേതാണു വരികൾ. വൈഭവി മെർച്ചന്റ് ആണ് നൃത്തം ചിട്ടപ്പെടുത്തിയത്. സൽമാൻ-കത്രീന ജോഡിയുടെ ഭംഗിയറിയിച്ച ഗാനം മികവുറ്റതായിരുന്നു. 24 മണിക്കൂറിനിടയിൽ ലോകം ഏറ്റവുമധികം പ്രാവശ്യം കണ്ട വിഡിയോ എന്ന റെക്കോർഡും ഈ ഗാനത്തിന്റെ ചെറുപതിപ്പിനാണെന്നാണ് പാട്ട് പുറത്തിറക്കിയ യഷ് രാജ് ഫിലിംസ് അവകാശപ്പെടുന്നത്. ഏക് ഥാ ടൈഗർ എന്ന ചിത്രത്തിന്റെ തുടർച്ചയായ ടൈഗർ സിന്ദാ ഹേ അലി അബ്ബാസ് സഫർ ആണു സംവിധാനം ചെയ്തത്.