പ്രിയങ്കയെ പറ്റി പറയരുത്; നിക്കിന് ഇഷ്ടമല്ല

കഴിഞ്ഞ കുറെ ദിവസങ്ങളായി ബോളിവുഡിലെ പ്രധാന ചർച്ചയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോൺസും  പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തുകയും കുടുംബ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള കഥകള്‍ പാടിനടക്കുകയാണ് പാപ്പരാസികൾ. ഇരുവരുടെയും പേരുകൾ ചേർത്ത് 'നിക്യായങ്ക' എന്നുവരെ വിളിച്ചു തുടങ്ങി ആരാധകർ. 

എന്നാൽ, സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റവും ആരാധകരുടെ കളിയാക്കലും നിക്കിന് അത്രയങ്ങ് പിടിച്ചില്ല. കഴിഞ്ഞ ദിവസം നിക്ക് ഇൻസ്റ്റഗ്രാമിൽ പ്രിയങ്കയുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. കൂടെ ഒരു കുറിപ്പും. ഇഷ്ടമില്ലാത്തവരെ ഇതുപോലെ മാറ്റിനിർത്തണം എന്നായിരുന്നു ആ ഫോട്ടോയുടെ ക്യാപ്ഷൻ. 

നിക്കിന്റെ സഹോദരൻ ജോ ജോൺസിന്റെ പെൺസുഹൃത്ത് സോഫി ടേണർ ആയിരുന്നു ഫോട്ടോയിൽ പ്രിയങ്കയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. പ്രിയങ്ക ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും, സോഫി ക്യാമറയിലേക്ക് വലിഞ്ഞു നോക്കുന്നതും കാണാം. എന്നാൽ പ്രിയങ്കയുടെ മുഖം കാരണം സോഫിയുടെ തലയുടെ ചെറിയ ഒരു ഭാഗം മാത്രമേ ഫോട്ടോയിൽ പതിഞ്ഞിട്ടുള്ളൂ. ഈ ഫോട്ടോയാണ് നിക്ക് ഷെയർ ചെയ്തത്. 

ഈ ഒരു ഫോട്ടോയിൽ നിന്നു തന്നെ പ്രിയങ്കയുമായുള്ള  ബന്ധം നിക്ക് വളരെ കാര്യമായാണ് എടുക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ എടുത്തതാണ് ചിത്രം. ഈ മാസം അവസാനമോ അടുത്തമാസമോ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉണ്ടാകാനാണ് സാധ്യത. അതേസമയം ഇരുവരുടെയും ബന്ധം സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ പ്രിയങ്കയുടെ അമ്മ മധു ചോപ്ര തയ്യാറായിരുന്നില്ല. പ്രിയങ്കയും നിക്കും തമ്മിലുള്ള ബന്ധം നിങ്ങൾ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. നിങ്ങൾ എന്തു ചിന്തിക്കുന്നുവോ അതാകും ശരിയെന്നായിരുന്നു മധു ചോപ്രയുടെ പ്രതികരണം.